IPL
മണ്ടത്തരങ്ങള്‍ കാരണം തോറ്റ കളി; സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 16, 06:26 pm
Wednesday, 16th April 2025, 11:56 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിജയം സ്വന്തമാക്കി ദല്‍ഹി ക്യാപ്പിറ്റല്‍സ്. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയിച്ചുകയറിയത്. ഈ ജയത്തിന് പിന്നാലെ ടീം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. എന്നാല്‍ മൂന്നാം ഓവറില്‍ ഓപ്പണര്‍ ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിനെയും നാലാം ഓവറില്‍ കരുണ്‍ നായരിനെയും ടീമിന് നഷ്ടമായി.

മൂന്നാം വിക്കറ്റില്‍ അഭിഷേക് പോരലും കെ.എല്‍. രാഹുലും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിന് വീണ്ടും ജീവന്‍ നല്‍കി. ഇരുവരും ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 97ല്‍ നില്‍ക്കവെ രാഹുലിനെ മടക്കി ജോഫ്രാ ആര്‍ച്ചര്‍ കൂട്ടുകെട്ട് പൊളിച്ചു. ഷിംറോണ്‍ ഹെറ്റ്‌മെയറിന് ക്യാച്ച് നല്‍കി മടങ്ങും മുമ്പ് 32 പന്തില്‍ 38 റണ്‍സാണ് രാഹുല്‍ ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്.

അധികം വൈകാതെ അഭിഷേക് പോരലിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. അര്‍ധ സെഞ്ച്വറിക്ക് ഒറ്റ റണ്‍സകലെ നില്‍ക്കെ വാനിന്ദു ഹസരങ്കയാണ് വിക്കറ്റ് നേടിയത്.

14 പന്തില്‍ 34 റണ്‍സുമായി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന്റെ മികച്ച കാമിയോയും ടീമിന് തുണയായി.

18 പന്തില്‍ 34 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സും 11 പന്തില്‍ 15 റണ്‍സുമായി അശുതോഷ് ശര്‍മയും ടോട്ടലില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ക്യാപ്പിറ്റല്‍സ് 188ലെത്തി.

രാജസ്ഥാന്‍ റോയല്‍സിനായി ജോഫ്രാ ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വാനിന്ദു ഹസരങ്കയും മഹീഷ് തീക്ഷണയും ഓരോ വിക്കറ്റ് വീതവും നേടി.

189 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും യശസ്വി ജെയ്സ്വാളും ദല്‍ഹി ബൗളര്‍മാരെ നിര്‍ദയം പ്രഹരിച്ചുകൊണ്ടിരുന്നു.

പതിഞ്ഞ് തുടങ്ങിയ സഞ്ജു സാംസണ്‍ അതിവേഗം തന്റെ നാച്ചുറല്‍ ഗെയ്മിലേക്ക് മാറി. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്സറുകളുമായി സഞ്ജു നിറഞ്ഞാടിയപ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ആദ്യ വിക്കറ്റില്‍ യശസ്വി ജെയ്‌സ്വാളിനൊപ്പം 61 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തവെയാണ് സഞ്ജുവിന്റെ ഇടുപ്പിന് പരിക്കേല്‍ക്കുന്നത്. വിപ്രജ് നിഗത്തെ ഒരു ഫോറും സിക്സറിനും പറത്തി മികച്ച രീതിയില്‍ ക്രീസില്‍ തുടരവെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്.

ഓവറിലെ മൂന്നാം പന്ത് വൈഡ് ലൈന്‍ ലെങ്തിലായിരുന്നു. ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് കൃത്യമായി കണക്ട് ചെയ്യാനായില്ല. ഈ ഷോട്ടിന് ശ്രമിക്കവെ സഞ്ജുവിന്റെ ഇടുപ്പിന് പരിക്കേല്‍ക്കുകയായിരുന്നു.

നോബോളായിരുന്ന ഈ പന്തില്‍ ഫ്രീ ഹിറ്റ് ലഭിച്ചെങ്കിലും സഞ്ജുവിന്റെ ഷോട്ട് ഫീല്‍ഡറുടെ കൈയിലൊതുങ്ങി. സിംഗിളോടാന്‍ പോലും സാധിക്കാതെ സഞ്ജു പ്രയാസപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ബാറ്റിങ് തുടരാന്‍ സാധിക്കാതെ സഞ്ജു തിരികെ നടന്നത്. 19 പന്തില്‍ 31 റണ്‍സാണ് സഞ്ജു നേടിയത്.

വണ്‍ ഡൗണായെത്തിയ റിയാന്‍ പരാഗിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. 11 പന്തില്‍ എട്ട് റണ്‍സുമായി പരാഗ് പുറത്തായി.

നാലാം നമ്പറിലിറങ്ങിയ നിതീഷ് റാണയും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതലയേറ്റെടുത്തു.

ടാം സ്‌കോര്‍ 112ല്‍ നില്‍ക്കവെ ജെയ്‌സ്വാളിനെ രാജസ്ഥാന് നഷ്ടമായി. 37 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈകളിലൊതുങ്ങിയായിരുന്നു രാജസ്ഥാന്‍ ഓപ്പണറുടെ മടക്കം.

ജെയ്‌സ്വാള്‍ പുറത്തായെങ്കിലും മറുവശത്ത് നിന്ന് നിതീഷ് റാണ ചെറുത്തുനിന്നു. 28 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 51 റണ്‍സാണ് താരം അടിച്ചെടുത്തത്.

അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ക്രീസിലുണ്ടായിരുന്ന ധ്രുവ് ജുറെലും ഷിംറോണ്‍ ഹെറ്റ്‌മെയറിനും എട്ട് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇതോടെ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 188ലെത്തുകയും മത്സരം സൂപ്പര്‍ ഓവറിലേക്ക് കടക്കുകയും ചെയ്തു.

സൂപ്പര്‍ ഓവര്‍

സൂപ്പര്‍ ഓവറില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും റിയാന്‍ പരാഗുമാണ് ക്രീസിലെത്തിയത്. അവസാന ഓവറില്‍ ഒമ്പത് റണ്‍സ് ഡിഫന്‍ഡ് ചെയ്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ അക്‌സര്‍ പട്ടേല്‍ പന്തേല്‍പ്പിച്ചു.

ആദ്യ പന്ത് ഡോട്ടാക്കി മാറ്റിയെങ്കിലും രണ്ടാം പന്തില്‍ സ്റ്റാര്‍ക്ക് ഫോര്‍ വഴങ്ങി. മൂന്നാം പന്തില്‍ സിംഗിള്‍ നേടിയ ഹെറ്റ്‌മെയര്‍ സ്‌ട്രൈക്ക് പരാഗിന് കൈമാറുകയും നാലാം പന്തില്‍ താരം ബൗണ്ടറി നേടുകയും ചെയ്തു.

എന്നാല്‍ നാലാം പന്ത് നോ ബോളായി മാറി. എന്നാല്‍ ഫ്രീ ഹിറ്റ് ഡെലിവെറിയിലെ മണ്ടത്തരത്തില്‍ റിയാന്‍ പരാഗ് റണ്‍ ഔട്ടായി മടങ്ങി.

യശസ്വി ജെയ്‌സ്വാളാണ് ശേഷം ക്രീസിലെത്തിയത്. അഞ്ചാം പന്തില്‍ ഷോട്ട് കളിച്ചതോടെ രണ്ട് റണ്‍സ് ഓടിയെടുക്കാനായി രാജസ്ഥാന്റെ ശ്രമം. വിജയകരമായി ആദ്യ റണ്‍സ് പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാം റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

ഇതോടെ ആറ് പന്ത് പൂര്‍ത്തിയാക്കാതെ രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ ഓവര്‍ പൂര്‍ത്തിയാക്കുകയും 12 റണ്‍സിന്റെ വിജയലക്ഷ്യം ദല്‍ഹിക്ക് മുമ്പില്‍ വെക്കുകയും ചെയ്തു.

ക്യാപ്പിറ്റല്‍സിനായി ട്രിസ്റ്റണ്‍ സ്റ്റബ്‌സും കെ.എല്‍. രാഹുലുമാണ് ക്രീസിലെത്തിയത്. രാജസ്ഥാനായി സന്ദീപ് ശര്‍മ പന്തെറിയാനെത്തി.

ആദ്യ പന്തില്‍ റണ്‍ ഔട്ട് ചാന്‍സുണ്ടായിരുന്നെങ്കിലും റോയല്‍സിന് അത് മുതലാക്കാന്‍ സാധിച്ചില്ല. ആദ്യ പന്തില്‍ രണ്ട് റണ്‍സ് പിറവിയെടുത്തു.

ഓവറിലെ രണ്ടാം പന്തില്‍ ഫോര്‍ നേടിയ കെ.എല്‍. രാഹുല്‍ വിജയലക്ഷ്യം നാല് പന്തില്‍ ആറ് റണ്‍സാക്കി മാറ്റി.

മൂന്നാം ഓവറില്‍ സിംഗിള്‍ നേടി രാഹുല്‍ സ്‌ട്രൈക്ക് സ്റ്റബ്‌സിന് കൈമാറുകയും നേരിട്ട ആദ്യ പന്തില്‍ സിക്‌സര്‍ നേടി സ്റ്റബ്‌സ് വിജയം സ്വന്തമാക്കുകയും ചെയ്തു.

 

 

Content Highlight: IPL 2025: Delhi Capitals defeated Rajasthan Royals in Super Over