Cricket
വീൽചെയറിൽ ആണെങ്കിലും ചെന്നൈ അവനെ കളിപ്പിക്കും: റോബിൻ ഉത്തപ്പ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 15, 07:16 am
Friday, 15th March 2024, 12:46 pm

മാര്‍ച്ച് 22 മുതലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് തുടക്കം കുറിക്കുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക.

ഇപ്പോഴിതാ ചെന്നൈ നായകന്‍ എം.എസ് ധോണിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

ധോണിയുടെ കാലുകള്‍ തളരാതിരിക്കുന്നതുവരെ അത് അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ്ങിന് ബാധിക്കാതെയിരിക്കുകയും ചെയ്യുന്ന കാലം വരെ ധോണിക്ക് ഇനിയും ഒരുപാട് വര്‍ഷം ഐ.പി.എല്‍ കളിക്കാന്‍ സാധിക്കുമെന്ന് ജിയോ സിനിമയുടെ ലെജന്‍സ് ലോഞ്ച് പരിപാടിയിലൂടെ  ഉത്തപ്പ പറഞ്ഞത്.

‘ധോണി വീല്‍ചെയറില്‍ ആണെങ്കില്‍ പോലും ചെന്നൈ അദ്ദേഹത്തെ കളിപ്പിക്കും. അദ്ദേഹത്തിന്റെ ബാറ്റിങ് ചെന്നൈയ്ക്ക് വലിയൊരു പ്രശ്‌നമാവുമെന്ന് ഞാന്‍ കരുതുന്നില്ല. വിക്കറ്റ് കീപ്പിങ് ആണ് പ്രധാനമായും നോക്കേണ്ടത്. അദ്ദേഹത്തിന്റെ കാല്‍മുട്ടുകള്‍ തളരുന്ന കാലം വരെ കീപ്പിങ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നു,’ ഉത്തപ്പ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി മഹേന്ദ്ര സിങ് ധോണി 16 വര്‍ഷംകൊണ്ട് അഞ്ച് കിരീടങ്ങളാണ് നേടിക്കൊടുത്തത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് ധോണി ചെന്നൈക്ക് വേണ്ടി കിരീടം നേടിയത്.

ചെന്നൈക്ക് വേണ്ടി ധോണി ഇതുവരെ 214 ഇന്നിങ്സുകളാണ് കളിച്ചിട്ടുള്ളത്. അതില്‍നിന്ന് 4957 റണ്‍സ് താരം സ്വന്തമാക്കിയത്. 38.72 എന്ന മികച്ച ആവറേജുള്ള ധോണി മധ്യനിരയില്‍ 137.8 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്.

മാത്രമല്ല 23 അര്‍ധ സെഞ്ച്വറികളും ചെന്നൈക്ക് വേണ്ടി ധോണി നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ആകെ 239 സിക്സറുകളാണ് താരം അടിച്ചെടുത്തത്. 349 ബൗണ്ടറികളും ഇന്ത്യന്‍ ഇതിഹാസ നായകന്റെ അക്കൗണ്ടിലുണ്ട്.

ഐ.പി.എല്ലില്‍ മാത്രമല്ല ചാമ്പ്യന്‍സ് ട്രോഫിയിലും ധോണി തന്റെ കയ്യൊപ്പ് ചേര്‍ത്തിട്ടുണ്ട്. ചെന്നൈക്ക് വേണ്ടി 2010ലും 2014ലിലുമാണ് ധോണി ചാമ്പ്യന്‍സ് ട്രോഫി നേടുന്നത്.

പുതിയ സീസണിലും ധോണിയുടെ കീഴില്‍ ചെന്നൈ ആറാം ഐ.പി.എല്‍ കിരീടം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Robin Uthappa talks about M.S Dhoni