ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരു സമനില ഉള്‍പ്പെടെ ഇന്ത്യ 3-1ന് പരാജയപ്പെട്ടിരുന്നു. ഇതോടെ 10 വര്‍ഷത്തെ ഇന്ത്യയുടെ ആധിപത്യം തകര്‍ത്ത് ഓസീസ് ട്രോഫി സ്വന്തമാക്കുകയും ചെയ്തിരുന്നു. താരങ്ങളുടെ മോശം പ്രകടനത്തെത്തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് ഇന്ത്യ നേരിട്ടത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്ന യുവ താരമാണ് അഭിമന്യ ഈശ്വരന്‍. എന്നാല്‍ ഇലവനില്‍ അഭിമന്യുവിനെ ഉള്‍പ്പെടുത്താത്തതിന് ടീം മാനേജ്‌മെന്റിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരത്തെ അവഗണിക്കുന്നതും അനാവശ്യ പ്രതീക്ഷ നല്‍കുന്നതും അന്യായമാണെന്ന് റോബിന്‍ ഉത്തപ്പ പറഞ്ഞു. ലാലന്‍ടോപ്പിനോട് സംസാരിക്കുകയായിരുന്നു ഉത്തപ്പ.
റോബിന്‍ ഉത്തപ്പ പറഞ്ഞത്
‘അഭ്യന്തര ക്രിക്കറ്റില്‍ എല്ലാ സീസണിലും അവന്‍ 1000 റണ്‍സ് തികയ്ക്കുന്നു. നിങ്ങള്‍ക്ക് അവനെ കളിപ്പിക്കാന്‍ താത്പര്യമില്ലെങ്കില്‍ തെറ്റായ പ്രതീക്ഷകള്‍ നല്‍കരുത്. ഓസ്‌ട്രേലിയക്കെതിരെ അഭിമന്യു ഈശ്വരന് ചേതേശ്വര്‍ പൂജാരയ്ക്ക് പകരക്കാരനാകാമായിരുന്നു.
അവന് നിങ്ങള്‍ അവസരം നല്‍കിയില്ല. ആഭ്യന്തര ടൂര്‍ണമെന്റില്‍ റണ്‍സ് നേടിയിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അര്‍ഹനല്ലെന്ന് നിങ്ങള്‍ ഒരു കളിക്കാരനോട് അവന്റെ മുഖത്ത് നോക്കി പറയണം,’റോബിന്‍ ഉത്തപ്പ ലാലന്‍ടോപ്പിനോട് പറഞ്ഞു.
ഇതുവരെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്താത്ത അഭിമന്യു 101 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ 173 ഇന്നിങ്‌സില്‍ നിന്ന് 7675 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. 48.9 എന്ന ആവറേജില്‍ റണ്‍സ് നേടിയ താരം 27 സെഞ്ച്വറികളും 29 അര്‍ധ സെഞ്ച്വറികളും ഫോര്‍മാറ്റില്‍ നേടി.
ലിസ്റ്റ് എയില്‍ 89 മത്സരങ്ങളില്‍ ഒമ്പത് സെഞ്ച്വറിയും 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 3857 റണ്‍സും അഭിമന്യു സ്വന്തമാക്കിയിട്ടുണ്ട്. ബോര്‍ഡര്‍ ഗവാസ്‌കറില്‍ എന്തുകൊണ്ടും മത്സരിക്കാന്‍ യോഗ്യനായിരുന്നിട്ടും രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് ദേവ്ദത്ത് പടിക്കലിനെയായിരുന്നു.
Content Highlight: Robin Uthappa Talking About Abhimanyu Easwaran