2024 യുവേഫാ യൂറോ കപ്പില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. റൊണാള്‍ഡോയെ ഖത്തര്‍ ലോകകപ്പില്‍ ദീര്‍ഘ നേരം കളിപ്പിക്കാത്തതിനെ തുടര്‍ന്ന് മുന്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. 38കാരനായ താരത്തെ യൂറോ കപ്പില്‍ പങ്കെടുപ്പിക്കുമോ എന്ന ആരാധകരുടെ ആശങ്കക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ പുതിയ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ്.
താരം യൂറോ ക്വാളി ഫയേഴ്‌സില്‍ ലക്‌സെംബോര്‍ഗിനെതിരെയും ലീച്ചെന്‍സ്റ്റെയിനെതിരെയും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇരു മത്സരങ്ങളിലുമായി നാല് ഗോള്‍ നേടാനും താരത്തിന് സാധിച്ചിരുന്നു. ക്രിസ്റ്റ്യാനോ പോര്‍ച്ചുഗല്‍ ദേശീയ ടീമിലെ പ്രധാന താരമാണെന്നും പരിചയ സമ്പന്നനായ റോണോ പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം യൂറോ 2024ല്‍ കളിക്കുമെന്നാണ് മാര്‍ട്ടിനെസ് പറഞ്ഞിരിക്കുന്നത്.
തനിക്ക് പ്രായമൊരു പ്രശ്നമല്ലെന്നും പ്രകടനമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശസ്ത ഫുട്ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതിബദ്ധതയുള്ള കളിക്കാരനാണ്. അദ്ദേഹം പരിചയ സമ്പന്നനായ കളിക്കാരനും ടീമിലെ പ്രധാനപ്പെട്ട താരവുമാണ്. വരാനിരിക്കുന്ന യൂറോ കപ്പില്‍ ക്രിസ്റ്റ്യാനോ എന്തായാലും പങ്കെടുക്കും. എന്നെ സംബന്ധിച്ച് പ്രായം ഒരു പ്രശ്നമല്ല,’ മാര്‍ട്ടിനെസ് പറഞ്ഞതായി ഫാബ്രിസിയാനോ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് വമ്പന്‍ തുക മുടക്കി അല്‍ ആലാമി ക്ലബ്ബ് താരത്തെ സ്വന്തമാക്കിയത്. രണ്ട് വര്‍ഷത്തെ കരാറിലാണ് ക്ലബ്ബുമായി താരം ഒപ്പുവെച്ചിരിക്കുന്നത്. അല്‍ നസറില്‍ പ്രായത്തെ മറികടക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന താരത്തെ പ്രശംസിച്ച് പലരും രംഗത്തെത്തിയിരുന്നു.
അതേസമയം, പോര്‍ച്ചുഗല്‍ ക്ലബ്ബിനായി ഇതുവരെ കളിച്ച 196 മത്സരങ്ങളില്‍ നിന്ന് 118 ഗോളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. ദേശീയ ടീമിനായി ഒരു യൂറോ കപ്പ് കൂടി കളിച്ചുകൊണ്ട് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാനാണ് തന്റെ ആഗ്രഹമെന്ന് റൊണാള്‍ഡോ നേരത്തെ സൂചിപ്പിച്ചിരുന്നു.