സൂപ്പര്‍ താരങ്ങള്‍ യൂറോപ്പില്‍ നിന്ന് മിഡില്‍ ഈസ്റ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറുന്ന കാഴ്ച്ചക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പുറമെ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സെമയും കഴിഞ്ഞ ദിവസം സൗദി ക്ലബ്ബുമായി ഡീലിങ്‌സ് പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
ഇവര്‍ക്ക് പുറമെ യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്ന് നിരവധി താരങ്ങള്‍ സൗദി അറേബ്യന്‍ ക്ലബ്ബുകളിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബാഴ്‌സലോണയുടെ പോളിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബേര്‍ട്ട് ലെവന്‍ഡോസ്‌കി സൗദി ക്ലബ്ബുമായി സൈനിങ് നടത്താന്‍ ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സ്‌കൈ സ്‌പോര്‍ട്ട് ജര്‍മനിയുടെ റിപ്പോര്‍ട്ട് പ്രകാരം കരിം ബെന്‍സെമയെ അല്‍ ഇത്തിഹാദ് സ്വന്തമാക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് റോബേര്‍ട്ട് ലെവന്‍ഡോസ്‌കിയെ ചേര്‍ത്ത് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.
വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. താന്‍ കരാര്‍ അവസാനിക്കുന്നത് വരെ ബാഴ്സലോണയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സൗദിയിലേക്ക് പോകുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇന്റീരിയ സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്.
‘സൗദി പ്രോ ലീഗ് കളിക്കാന്‍ പലരും പോകുന്നെന്ന് കേട്ടു. ഞാനെന്തായാലും പോകുന്നില്ല. അങ്ങനെയൊരു ചിന്ത ഇതുവരെ ഉണ്ടായിട്ടില്ല. ഒന്നാമത്തെ കാരണം, ബാഴ്സയുമായി എനിക്ക് ദീര്‍ഘനാളത്തെ കരാറുണ്ട്.
സൗദി അറേബ്യന്‍ ട്രാന്‍സ്ഫറുകളെക്കുറിച്ചൊക്കെ ഞാന്‍ അറിയുന്നുണ്ട്. പക്ഷെ അതെന്നെ ഇന്‍ഫ്ളുവന്‍സ് ചെയ്തിട്ടില്ല. നിലവില്‍ ബാഴ്സയില്‍ തുടരുകയല്ലാതെ മറ്റൊന്നിനും ഞാന്‍ മുന്‍ഗണന നല്‍കുന്നില്ല,’ ലെവന്‍ഡോസ്‌കി പറഞ്ഞു.
അതേസമയം, ബയേണില്‍ നിന്നെത്തിയ താരം നാല് വര്‍ഷത്തെ കരാറിലാണ് ബാഴ്സലോണയുമായി സൈനിങ് നടത്തുന്നത്. എന്നാല്‍ സൗദി അറേബ്യന്‍ ക്ലബ്ബില്‍ നിന്നെത്തിയ വമ്പന്‍ ഓഫര്‍ നിരസിക്കുന്നതിന് പിന്നില്‍ അതല്ല കാരണമെന്നും അടുത്ത സീസണില്‍ ബാഴ്സയില്‍ തന്നെ തുടരാനാണ് ലെവയുടെ പദ്ധതിയെന്നും പോളിഷ് ഔട്ട്ലെറ്റായ മെസീക്കിയില്‍ പറയുന്നു.
പ്രതിവര്‍ഷം 150 മില്യണ്‍ യൂറോയുടെ വേതനമാണ് സൗദി ക്ലബ്ബ് ലെവന്‍ഡോസ്‌ക്കിക്കായി വെച്ചു നീട്ടിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. വിഷയത്തില്‍ താരം തന്റെ പ്രതികരണം അറിയിച്ചിരുന്നു. കരാര്‍ അവസാനിക്കുന്നത് വരെ ബാഴ്സലോണയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സൗദിയിലേക്ക് പോകുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്റീരിയ സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്.
കഴിഞ്ഞ വര്‍ഷം 50 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് ലെവന്‍ഡോസ്‌കിയെ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ബാഴ്‌സലോണ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ബ്ലൂഗ്രാനക്കായി ഇതുവരെ കളിച്ച 46 മത്സരങ്ങളില്‍ നിന്ന് 33 ഗോളും എട്ട് അസിസ്റ്റുകളുമാണ് ലെവന്‍ഡോസ്‌കിയുടെ സമ്പാദ്യം.