Advertisement
Daily News
എ.ബി.വി.പിക്കാര്‍ക്ക് പ്രദര്‍ശിപ്പിക്കാവുന്ന ചിത്രമല്ല ടി പി ചന്ദ്രശേഖരന്റേത്; എ.ബി.വി.പി പോസ്റ്ററില്‍ ടി.പിയെ ഉള്‍പ്പെടുത്തിയതിനെതിരെ ആര്‍.എം.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 07, 04:10 pm
Saturday, 7th October 2017, 9:40 pm

 

കോഴിക്കോട്: എ.ബി.വി.പിയുടെ പോസ്റ്ററില്‍ ആര്‍.എം.പി.ഐ മുന്‍ നേതാവ് ടി.പി ചന്ദ്രശേഖരന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ ആര്‍.എം.പി.ഐ സംസ്ഥാന കമ്മിറ്റി. എ.ബി.വി.പക്കാര്‍ക്ക് പ്രദര്‍ശിപ്പിക്കാവുന്ന ഒരു ചിത്രമല്ല ടി.പി ചന്ദ്രശേഖരന്റേതെന്ന് ആര്‍.എം.പി.ഐ പ്രസ്താവനയില്‍ പറഞ്ഞു.


Also Read: കാശ്മീര്‍ താഴ്‌വരയിലിനി പെല്ലറ്റ് തോക്കുകളില്ല; പ്രക്ഷോഭങ്ങള്‍ നേരിടാന്‍ പ്ലാസ്റ്റിക് ബുളളറ്റുകളുമായി സി.ആര്‍.പി.എഫ്


“മത വര്‍ഗ്ഗീയതയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആര്‍.എസ്.എസിന്റെയും എ.ബി.വി.പിയുടെയും രാഷ്ട്രീയ നിലപാടിനെതിരെ ഉറച്ച് നിന്ന് പോരാടുകയും ജീവിക്കുകയും ചെയ്ത ഉന്നതനായ മാര്‍ക്‌സിസ്റ്റാണ് ടി.പി ചന്ദ്രശേഖരന്‍”

“ആര്‍.എസ്.എസ് മാതൃകയില്‍ ഫാസിസ്റ്റ് രീതികള്‍ അവലംബിക്കുന്ന സി.പി.ഐ.എം കൊലയാളി സംഘമാണ് ടി.പിയെ കൊലപ്പെടുത്തിയത് എന്നത് വസ്തുതയാണ്. പക്ഷേ എ.ബി.വി.പിക്കാര്‍ക്ക് പ്രദര്‍ശിപ്പിക്കാവുന്ന ഒരു ചിത്രമല്ല ടി പി ചന്ദ്രശേഖരന്റേത്.” പ്രസ്താവനയില്‍ പറയുന്നു.

ടി.പിയുടെ ചിത്രം ഉപയോഗിക്കുന്നത് എ.ബി.വി.പിയ്ക്കും സി.പി.ഐ.എമ്മുകാര്‍ക്കും ഒരു പോലെ താല്‍പ്പര്യമുള്ള കാര്യമായിരിക്കാമെന്നും പറയുന്ന പ്രസ്താവന ടി.പിയുടെ ചിത്രം പോസ്റ്ററില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.


Dont Miss: ‘ഒറ്റക്കയ്യാ ജയരാജാ, മറ്റേക്കയ്യും കാണില്ല’; ജനരക്ഷാ യാത്രയില്‍ കൊലവിളി മുദ്രാവാക്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍; വീഡിയോ പോസ്റ്റ് ചെയ്തത് വി.മുരളീധരന്‍


“സി.പി.ഐ.എമ്മിന്റെ കൊള്ളരുതായ്മകള്‍ മാര്‍ക്‌സിസ്റ്റുകള്‍ക്കും ഇടതുപക്ഷത്തിനുമെതിരായി പ്രയോഗിക്കാനുള്ള മാര്‍ക്‌സിസ്റ്റ് വിരുദ്ധരുടെ ആയുധമായി തീരുന്നുണ്ട്. സി.പി.ഐ.എമ്മും മാര്‍ക്‌സിസ്റ്റുകളും ഒന്നല്ല എ.ബി.വി.പിയുടെ പേരില്‍ മാര്‍ക്‌സിസത്തിനെതിരെ തയ്യാറാക്കി പ്രചരിപ്പിക്കുന്ന ഒരു പോസ്റ്ററില്‍ ചേര്‍ത്തിട്ടുള്ള സഖാവ് ടി പി യുടെ ചിത്രം നീക്കംചെയ്യേണ്ടതാണ്.” പ്രസ്താവന പറയുന്നു.

“അഭിമാനമാണ് കേരളം ഭീകരവും ദേശവിരുദ്ധവുമാണ് മാര്‍ക്‌സിസം” എന്ന മുദ്രാവാക്യമുയര്‍ത്തി എ.ബി.വി.പി നടത്തുന്ന റാലിയുടെ പോസ്റ്ററിലാണ് ടി.പിയുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുള്ളത്.