ലണ്ടന്‍: റിഷി സുനക് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. എതിരാളി പെന്നി മോര്‍ഡന്റ് പിന്‍മാറിയതോടെയാണ് റിഷി സുനക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യന്‍ വംശജനായ ആദ്യത്തെ ബ്രീട്ടീഷ് പ്രധാനമന്ത്രിയാണ് റിഷി സുനക്. പുതിയ പ്രധാനമന്ത്രി ഒക്ടോബര്‍ 28നാണ് അധികാരമേല്‍ക്കുക.
ബോറിസ് ജോണ്‍സന്റെയും റിഷി സുനകിന്റെയും പേരുകളായിരുന്നു പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടത്. മത്സരത്തില്‍ നിന്നും ബോറിസ് പിന്മാറിയതോടെ റിഷി സുനക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.
ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള മത്സരം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. ബോറിസ് ജോണ്‍സണ്‍ രാജി വെച്ച ഒഴിവിലേക്കായിരുന്നു ലിസ് ട്രസ് എത്തിയിരുന്നത്.
എന്നാല്‍ ജനാഭിലാഷം പാലിക്കാന്‍ സാധിച്ചില്ലെന്ന് തുറന്ന് സമ്മതിച്ചുകൊണ്ടായിരുന്നു വെറും 45 ദിവസം അധികാരത്തിലിരുന്ന ശേഷം ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസ് മടങ്ങിയത്.
അതേസമയം, പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതോടെ റിഷി സുനകിന് മുന്നിലും നിരവധി വെല്ലുവിളികളാണുള്ളത്. പ്രതിസന്ധി നേരിടുന്ന ബ്രീട്ടീഷ് സാമ്പത്തിക രംഗത്തെ പഴയപടിയാക്കുക എന്നതാണ് അതില്‍ പ്രധാനം. സാമ്പത്തിക പ്രശ്‌നത്തോടൊപ്പം റഷ്യ-യുക്രൈന്‍ യുദ്ധം, ഇന്ധന പ്രതിസന്ധി, കുടിയേറ്റ നയം എന്നിവയാണ് പുതിയ പ്രധാനമന്തിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍.
റിഷി സുനകിനെ മറികടന്ന് കൊണ്ടായിരുന്നു ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്.