2025ലെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണുള്ളത്. ദുബായിലും പാകിസ്ഥാനിലുമായി നടക്കുന്ന ടൂര്‍ണമെന്റിന് വേണ്ടി ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. എല്ലാ ടീമുകളും തങ്ങളുടെ ഫൈനല്‍ സ്‌ക്വാഡ് പുറത്ത് വിട്ടിരുന്നു.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനും ന്യൂസിലാന്‍ഡുമാണ് ഏറ്റുമുട്ടുക. ഫെബ്രുവരി 20നാണ് ഇന്ത്യയുടെ മത്സരം. ബംഗ്ലാദേശിനെതിരാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്.
രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. കെ.എല്‍. രാഹുല്‍ ഇന്ത്യയുടെ ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പറായപ്പോള്‍ റിഷബ് പന്ത് സ്‌ക്വാഡിലെ സെക്കന്റ് ഓപ്ഷനാണ്.
എന്നാല്‍ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ആദ്യ പരിശീലന സെഷനില്‍ റിഷബ് പന്തിന് പരിക്ക് പറ്റിയിരിക്ക് പറ്റിയിരുന്നു. ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഒരു ഷോട്ട് ബോള്‍ റിഷബിന്റെ കാല്‍മുട്ടില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് റിഷബിനെ ഫിസിയോ അസിസ്റ്റുകള്‍ പരിശോധിക്കുകയും ചെയ്തു. പിന്നീട് താരം സുഖം പ്രാപിച്ചതായി കണ്ടിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം (തിങ്കള്‍) നടന്ന രണ്ടാമത്തെ നെറ്റ് സെഷനില്‍ പന്ത് കളത്തില്‍ ബുദ്ധിമുട്ടുന്നതാണ് കാണാന്‍ സാധിച്ചത്. പി.ടി.ഐയുടെ റിപ്പോര്‍ട്ടില്‍ പന്ത് മുടന്തി നടക്കുന്നതായി പറയുന്നു. വിക്കറ്റ് കീപ്പിങ് പരിശീലനവും താരം ഒഴിവാക്കി. പരിക്ക് കാരണം പന്തിന് ബാറ്റ് ചെയ്യാനും കഴിഞ്ഞില്ല. താരത്തിന്റെ പരിക്ക് ഗുരുതരമായേക്കാമെന്ന് പി.ടി.ഐ പറഞ്ഞു.
ഇതോടെ രണ്ടാം വിക്കറ്റ് കീപ്പറായ പന്തിന്റെ കാര്യത്തില്‍ ആശങ്കയിലാണ് ടീം മാനേജ്‌മെന്റ്. ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറ പരിക്ക് മൂലം ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. ഇപ്പോള്‍ ഇരുവരുടെയും പരിക്ക് ഇന്ത്യയ്ക്ക് ഇരട്ടത്തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
ദുബായില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മുന്നെയുള്ള പത്രസമ്മേളനത്തില്‍ കെ.എല്‍. രാഹുല്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാണെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ സ്ഥിരീകരിച്ചിരിക്കുന്നു.
‘വ്യക്തിഗതമായി കളിക്കാരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് എപ്പോഴും വെല്ലുവിളി നിറഞ്ഞ കാര്യമാണ്, പക്ഷേ പന്ത് ടീമിലുണ്ടെങ്കില്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. എന്നിരുന്നാലും കെ.എല്‍. രാഹുല്‍ ഞങ്ങളുടെ പ്രിയപ്പെട്ട വിക്കറ്റ് കീപ്പറാണ് അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ടീമില്‍ രണ്ട് നിലവാരമുള്ള വിക്കറ്റ് കീപ്പര്‍മാര്‍ ഉള്ളപ്പോള്‍ രണ്ടുപേരെയും കളിപ്പിക്കുക ബുദ്ധിമുട്ടാണ്. പന്തിന് അവസരം ലഭിക്കുമ്പോള്‍ അദ്ദേഹം അത് സ്വീകരിക്കാന്‍ പൂര്‍ണമായും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു,’ ഗൗതം ഗംഭീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Content Highlight: Rishabh Pant In Injury Ahead Champions Trophy