പന്തിന് കിട്ടിയത് എട്ടിന്റെ പണി! ചെന്നൈയെ വീഴ്ത്തി ആദ്യജയം സ്വന്തമാക്കിയിട്ടും ദൽഹി നായകന് കനത്ത തിരിച്ചടി
Cricket
പന്തിന് കിട്ടിയത് എട്ടിന്റെ പണി! ചെന്നൈയെ വീഴ്ത്തി ആദ്യജയം സ്വന്തമാക്കിയിട്ടും ദൽഹി നായകന് കനത്ത തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st April 2024, 11:55 am

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 20 റണ്‍സിന് പരാജയപ്പെടുത്തി ദല്‍ഹി ക്യാപിറ്റല്‍സ് സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനാണ് സാധിച്ചത്.

മത്സരശേഷം ദല്‍ഹി നായകന്‍ റിഷഭ് പന്തിന് ഒരു കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് 12 ലക്ഷം രൂപയാണ് പന്തിന് പിഴ ചുമത്തിയത്.

ചെന്നൈ സൂപ്പര്‍ കിങ്സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിലും കുറഞ്ഞ ഓവ റേറ്റ് മൂലം ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്ലിനും ഈ ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ചെന്നൈയുടെ തട്ടകമായ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 63 റണ്‍സ് ആയിരുന്നു സൂപ്പര്‍ കിങ്‌സ് ഗുജറാത്തിനെ പരാജയപ്പെടുത്തിയത്.

അതേസമയം മത്സരത്തില്‍ ദല്‍ഹി ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് നായകന്‍ റിഷബ് പന്ത് നടത്തിയത്. 32 പന്തില്‍ 51 റണ്‍സ് നേടികൊണ്ടായിരുന്നു ദല്‍ഹി നായകന്റെ മിന്നും ഇന്നിങ്സ്. നാല് ഫോറുകളും മൂന്ന് സിക്സുകളും ആണ് പന്ത് നേടിയത്. 159.38 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

2022 ഡിസംബറില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പന്തിന് ഏറെ നാള്‍ ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഐ.പി.എല്ലില്‍
റിഷബ് പന്ത് ഐ.പി.എല്ലില്‍ ഫിഫ്റ്റി നേടുന്നത്.

പന്തിന് പുറമെ ഡേവിഡ് വാര്‍ണര്‍ 35 പന്തില്‍ 52 റണ്‍സും നേടി നിര്‍ണായകമായി. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളുമാണ് വാര്‍ണര്‍ നേടിയത്. പ്രിത്വി ഷാ 27 പന്തില്‍ 43 റണ്‍സും നേടി നിര്‍ണായകമായി.

ചെന്നൈ നിരയില്‍ അജിങ്ക്യ രഹാനെ 30 പന്തില്‍ 45 റണ്‍സും എം.എസ് ധോണി 16 പന്തില്‍ 37 ഡാറില്‍ മിച്ചല്‍ 26 പന്തില്‍ 34 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും 20 റണ്‍സകലെ ജയം നഷ്ടമാവുകയായിരുന്നു. ക്യാപ്പിറ്റല്‍സ് ബൗളിങ്ങില്‍ മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. മറുഭാഗത്ത് ഏപ്രില്‍ അഞ്ചിന് സണ്‍റൈസ് ഹൈദരാബാദാണ് ചെന്നൈയുടെ എതിരാളികള്‍.

Content Highlight: Rishabh Pant has been fined by the slow over rate against CSK vs DC match in IPL