റെഡ് ബോളിലേക്കുള്ള കിടിലന്‍ തിരിച്ചുവരവുമായി ഇന്ത്യന്‍ ചീറ്റ; സഞ്ജുവിനും രജത്തിനും എട്ടിന്റെ പണി!
Sports News
റെഡ് ബോളിലേക്കുള്ള കിടിലന്‍ തിരിച്ചുവരവുമായി ഇന്ത്യന്‍ ചീറ്റ; സഞ്ജുവിനും രജത്തിനും എട്ടിന്റെ പണി!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th September 2024, 8:54 pm

ബംഗ്ലാദേശിനെതിരായ പര്യടനമാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ളത്. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ നിന്ന് രജത് പാടിദാറിനെ ഒഴിവാക്കുമെന്നാണ് ഇപ്പോള്‍ ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച രജത് മൂന്ന് മത്സരങ്ങളില്‍ നിന്ന് 63 റണ്‍സ് മാത്രമാണ് നേടിയത്. മാനേജ്മെന്റ് താരത്തിന് അവസരം നല്‍കിയിരുന്നെങ്കിലും തന്റെ സ്ഥാനം ഉറപ്പിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 63 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.

എന്നാല്‍ ഇത് ഗുണകരമായത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനാണ്. രജത് പാടിദാറിനെ ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ നിന്ന് ഒഴിവാക്കിയാല്‍ പന്തിനെ ഉള്‍പ്പെടുത്താന്‍ സാധ്യത ഉണ്ടെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ടിലുള്ളത്. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പന്ത് വാഹനാപകടത്തില്‍ പരിക്ക് പറ്റി ഏറെ കാലം ചികിത്സയിലായിരുന്നു.

എന്നാല്‍ ദുലീപ് ട്രോഫിയില്‍ 34 പന്തില്‍ 50 റണ്‍സ് നേടിയാണ് താരം റെഡ് ബോളില്‍ തന്റെ വരവ് അറിയിച്ചത്. മാത്രമല്ല കീപ്പിങ്ങിലും താരം മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. പന്തിന്റെ കിടിലന്‍ പ്രകടനം തളര്‍ത്തുന്നത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെക്കൂടിയാണ്.

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഇടം നേടാന്‍ നിലവില്‍ ദുലീപ്‌ട്രോഫി കളിക്കുന്ന സഞ്ജു ഏറെ വിയര്‍ക്കേണ്ടി വരും. പ്ലേയിങ് ഇലവനില്‍ ഇടം നേടിയാല്‍ സഞ്ജുവിന്റെ തിരിച്ചുവരവ് എങ്ങനെയായിരിക്കുമെന്ന് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

 

Content highlight: Rishabh Pant Great Performance In Duleep Trophy