ധോണിയേയും കാർത്തിക്കിനെയും വെട്ടി; ലങ്കൻ മണ്ണിൽ ചരിത്രനേട്ടവുമായി പന്ത്
Cricket
ധോണിയേയും കാർത്തിക്കിനെയും വെട്ടി; ലങ്കൻ മണ്ണിൽ ചരിത്രനേട്ടവുമായി പന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th July 2024, 1:59 pm

ഇന്ത്യ-ശ്രീലങ്ക മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 43 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. പല്ലേക്കലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 19.2 ഓവറില്‍ 170 റണ്‍സിന് പുറത്താവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച ടോട്ടല്‍ നേടിയത്. 26 പന്തില്‍ 58 റണ്‍സ് നേടി കൊണ്ടായിരുന്നു സൂര്യയുടെ മിന്നും പ്രകടനം. എട്ട് ഫോറുകളും രണ്ട് സിക്സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

33 പന്തില്‍ 49 റണ്‍സ് നേടി റിഷബ് പന്തും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ആറ് ഫോറുകളും ഒരു സിക്സുമാണ് പന്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് പന്ത് സ്വന്തമാക്കിയത്.

ശ്രീലങ്കയില്‍ ടി-20യില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി മാറാനാണ് പന്തിന് സാധിച്ചത്. ഇതിനുമുമ്പ് ദിനേശ് കാര്‍ത്തിക്ക് ആയിരുന്നു ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.

2018ല്‍ നടന്ന മത്സരത്തില്‍ പുറത്താവാതെ 39 റണ്‍സായിരുന്നു പന്ത് നേടിയത്. അതേവര്‍ഷം തന്നെ പുറത്താവാതെ 29 റണ്‍സും താരം ശ്രീലങ്കയുടെ മണ്ണില്‍ നിന്നും നേടിയിരുന്നു. 2012ല്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായ എം.എസ് ധോണി പുറത്താവാതെ 23 റണ്‍സും നേടിയിരുന്നു.

21 പന്തില്‍ 40 റണ്‍സ് നേടി യശസ്വി ജെയ്സ്വാളും 16 പന്തില്‍ 34 റണ്‍സ് നേടി ശുഭ്മന്‍ ഗില്ലും നിര്‍ണായകമായി. ആറ് ഫോറുകളും ഒരു സിക്സുമാണ് ഗില്‍ നേടിയത്.

ശ്രീലങ്കയുടെ ബൗളിങ്ങില്‍ മതീശ പതിരണ നാലു വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. വനിന്ദു ഹസരംഗ, ദില്‍ഷന്‍ മധുശങ്ക, അസിത ഫെര്‍ണാണ്ടൊ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ത്യയ്ക്കായി റിയാന്‍ പരാഗ് മൂന്ന് വിക്കറ്റും അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും മുഹമ്മദ് സിറാജ്, രവി ബിഷ്ണോയ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ലങ്ക തകര്‍ന്നടിയുകയായിരുന്നു.

ശ്രീലങ്കയ്ക്കായി ഓപ്പണര്‍ പാത്തും നിസംഗ 48 പന്തില്‍ 79 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും നാല് സിക്സുകളുമാണ് താരം നേടിയത്. കുശാല്‍ 27 പന്തില്‍ 45 നേടി നിര്‍ണായകമായെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

 

Content Highlight: Rishabh Pant Create a New Record in T20