ടി-20 ഫോര്‍മാറ്റിന്റെ എല്ലാ ആവേശവും ആവാഹിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റിങ്കു സിങ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തിയത്. അവസാന അഞ്ച് പന്തില്‍ 28 റണ്‍സ് വേണമെന്നിരിക്കെ അഞ്ച് സിക്‌സറടിച്ചുകൊണ്ടായിരുന്നു റിങ്കു സിങ് തോല്‍വിയില്‍ നിന്നും കെ.കെ.ആറിനെ വിജയത്തിലേക്ക് നയിച്ചത്.
യാഷ് ദയാലിന്റെ അവസാന ഓവറില്‍ പിറന്നത് 31 റണ്‍സാണ്. ആദ്യ പന്തില്‍ ഉമേഷ് യാദവ് നേടിയ സിംഗിളിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയം എന്നൊരു അര്‍ത്ഥം കൂടിയുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല.
അവസാന ഓവറിലെ വെടിക്കെട്ടിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും റിങ്കുവിനെ തേടിയെത്തിയിരുന്നു. ഐ.പി.എല്ലിലെ റണ്‍ ചെയ്‌സിനിടെ അവസാന ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് റിങ്കു സിങ് തന്റെ പേരിലാക്കിയത്.
സി.എസ്.കെ നായകന്‍ എം.എസ്. ധോണിയുടെ പേരിലാണ് ഇതിന് മുമ്പ് ഈ റെക്കോഡുണ്ടായിരുന്നത്. 2019ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലായിരുന്നു ധോണി ഈ നേട്ടം സ്വന്തമാക്കിയത്.
അവസാന ഓവറില്‍ വിജയിക്കാന്‍ 26 റണ്‍സ് വേണമെന്നിരിക്കെ ധോണി അടിച്ചെടുത്ത 24 റണ്‍സായിരുന്നു ഇതുവരെയുള്ള ലാസ്റ്റ് ഓവര്‍ ബെസ്റ്റ് സ്‌കോര്‍. ഉമേഷ് യാദവായിരുന്നു ധോണിക്കെതിരെ പന്തെറിഞ്ഞത്.
ഉമേഷിന്റെ ആദ്യ പന്തില്‍ ബൗണ്ടറയിടിച്ചു തുടങ്ങിയ ധോണി പിന്നീടുള്ള രണ്ട് പന്തില്‍ സിക്‌സര്‍ നേടി. നാലാം പന്തില്‍ ഡബിള്‍ നേടിയ ധോണി അഞ്ചാം പന്ത് ഒരിക്കല്‍ക്കൂടി ഗാലറിയിലെത്തിച്ചു.
അവസാന പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ പാര്‍ഥിവ് പട്ടേലിന്റെ എക്‌സ്പീരിയന്‍സിന് മുമ്പില്‍ ഷര്‍ദുല്‍ താക്കൂര്‍ റണ്‍ ഔട്ടായതോടെ സി.എസ്.കെ ഒറ്റ റണ്‍സിന് വീണു.
സമാനമായി റണ്‍ ചെയ്‌സില്‍ അവസാന ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളെ പരിശോധിക്കാം.