വിവരം നിഷേധിച്ച ഉദ്യോഗസ്ഥര്‍ക്ക് പിഴ വിധിച്ച് വിവരാവകാശ കമ്മീഷന്‍
Kerala News
വിവരം നിഷേധിച്ച ഉദ്യോഗസ്ഥര്‍ക്ക് പിഴ വിധിച്ച് വിവരാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th January 2025, 8:15 am

തിരുവനന്തപുരം: പരാതിക്കാര്‍ക്ക് വിവരം നല്‍കാതിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. ഒരു വിരമിച്ച ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ക്കെതിരെയാണ് കമ്മീഷന്‍ നടപടിയെടുത്തിരിക്കുന്നത്. രണ്ട് പേര്‍ക്കും 5000 രൂപ വീതമാണ് പിഴവിധിച്ചിരിക്കുന്നത്.

കോഴിക്കോട് നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, തിരുവനന്തപുരം അതിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് വിരമിച്ച മുന്‍ വിവരാധികാരി എന്നിവര്‍ക്കെതിരെയാണ് നടപടി. തിരുവനന്തപുരം മുള്ളുവിള സ്വദേശി പോങ്ങില്‍ പി.സി. പ്രദീജയുടെ പരാതിയിലാണ് അതിയന്നൂര്‍ പഞ്ചായത്തില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. കോഴിക്കോട് നൊച്ചാട് ഇമ്പിച്ചിയാലി എന്ന വ്യക്തിയുടെ പരാതിയിലാണ് നൊച്ചാട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുത്തിട്ടുള്ളത്.

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുല്‍ ഹകീമാണ് ഇരുവര്‍ക്കുമെതിരെ നടപടിക്ക് ഉത്തരവിട്ടത്. ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പിഴയൊടുക്കണമെന്നാണ് ഉത്തരവിലുള്ളത്. ഇരുവരും ജനുവരി 20നകം പിഴയൊടുക്കണം.

സര്‍വീസിലുള്ള ഉദ്യോഗസ്ഥന്‍ പിഴയൊടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ശമ്പളത്തില്‍ ആ തുക ഈടാക്കാനും അച്ചടക്ക നടപടി സ്വീകരിക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്. വിരമിച്ച ഉദ്യോഗസ്ഥന്‍ പിഴയൊടുക്കിയില്ലെങ്കില്‍ സ്വത്തുക്കള്‍ ജപ്തി ചെയ്ത് പിഴത്തുക ഈടാക്കാനും സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

വിവരാവകാശ വകുപ്പ് പ്രകാരമുള്ള അപേക്ഷകളില്‍ എത്രയും പെട്ടെന്നുതന്നെ വിവരങ്ങള്‍ നല്‍കണമെന്നാണ് നിയമമെന്ന് 2024 ജനുവരിയില്‍ കാസര്‍കോഡ് കളക്ട്രേറ്റില്‍ നടന്ന വിവരാവകാശ അദാലത്തില്‍ വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം പറഞ്ഞിരുന്നു.

വിവരങ്ങള്‍ കൈയിലുണ്ടായിരുന്നിട്ടും അവ അപേക്ഷകന് നല്‍കുന്നതില്‍ വിമുഖത കാണിക്കുന്ന പ്രവണത സംസ്ഥാനത്തെ ഉദ്യോഗസ്ഥരില്‍ വര്‍ദ്ധിച്ചു വരുന്നതായും അന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

content highlights: Right to Information Commission fined officials who denied information