Sports News
ഇപ്പോഴത്തെ ധോണിയെ കാണാന്‍ ആഗ്രഹിക്കുന്നില്ല, അദ്ദേഹത്തിന്റെ ലെഗസിയില്‍ എനിക്ക് ഭയമുണ്ട്; തുറന്ന് പറഞ്ഞ് സിദ്ദു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 06, 10:41 am
Sunday, 6th April 2025, 4:11 pm

ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിങ്സ് പരാജയപ്പെട്ടിരുന്നു. എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് സൂപ്പര്‍ കിങ്സിനെതിരെ 25 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്.

ദല്‍ഹി ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. വിജയ് ശങ്കറിന്റെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ചെന്നൈ വമ്പന്‍ പരാജയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. 54 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറും അടക്കം പുറത്താകാതെ 69 റണ്‍സാണ് താരം നേടിയത്.

മത്സരത്തില്‍ ഏഴാം നമ്പറില്‍ ഇറങ്ങി എം.എസ് ധോണി 26 പന്തില്‍ 30 റണ്‍സ് എടുത്തിരുന്നു. ഒരു സിക്സും ഒരു ഫോറും അടങ്ങിയ ഇന്നിങ്സ് താരം 115.38 സ്‌ട്രൈക്ക് റേറ്റിലാണ് അടിച്ചത്. പതിനൊന്നാം ഓവറില്‍ ക്രീസിലെത്തിയ ധോണി വലിയ ഷോട്ടുകള്‍ അടിച്ച് കളിക്കാന്‍ ശ്രമിച്ചിരുന്നില്ല.

ഇപ്പോള്‍ ധോണിയുടെ പ്രകടനത്തില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്ജ്യോത് സിങ് സിദ്ദു. ധോണി മത്സരങ്ങള്‍ വിജയിപ്പിച്ച ഓര്‍മ്മകള്‍ മനസിലുണ്ടെന്നും മത്സരങ്ങള്‍ ജയിക്കാന്‍ ഒരു ഉദ്ദേശ്യവുമില്ലാത്ത ഇപ്പോഴത്തെ ധോണിയെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുന്‍ താരം പറഞ്ഞു. ധോണിയുടെ ലെഗസിയില്‍ തനിക്ക് ഭയമുണ്ടെന്നും അത് കുറഞ്ഞേക്കാമെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.

‘ധോണി മത്സരങ്ങള്‍ വിജയിപ്പിച്ച ഓര്‍മ്മകള്‍ നമ്മുടെ മനസിലുണ്ട്. പഴയകാല പ്രകടനത്തിന്റെ പേരില്‍ ധോണിയെ നമ്മള്‍ ഇപ്പോഴും ഓര്‍ക്കുന്നു. മത്സരങ്ങള്‍ ജയിക്കാന്‍ ഒരു ഉദ്ദേശ്യവുമില്ലാത്ത ഇപ്പോഴത്തെ ധോണിയെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ജയമോ തോല്‍വിയോ ആര്‍ക്കും സംഭവിക്കാം. പക്ഷേ നമ്മള്‍ കുറച്ച് പോരാട്ടം കാണിക്കേണ്ടതുണ്ട്.

സി.എസ്.കെയ്ക്കെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ചെയ്തത് ഇതാണ്. എം.എസ് ധോണിയുടെ ലെഗസിയെ കുറിച്ച് എനിക്ക് ഭയമുണ്ട്. അത് കുറഞ്ഞേക്കാം. സത്യം എപ്പോഴും കയ്‌പേറിയതാണ്, പക്ഷേ നിങ്ങള്‍ക്ക് അതില്‍ നിന്ന് രക്ഷപ്പെടാനാവില്ല,’ സിദ്ദു പറഞ്ഞു.

പതിനെട്ടാം സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് ധോണി 76 റണ്‍സ് നേടിയിട്ടുണ്ട്. 76 ശരാശരിയും 138.18 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിന് ഈ സീസണിലുള്ളത്.

Content Highlight: IPL 2025: CSK vs DC: Former Indian Cricketer Navjoth Singh Sidhu Talks About Chennai Super Kings Star M.S. Dhoni