ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന് ഏറെ ജനശ്രദ്ധ നേടിയ നടിയാണ് ലിജോ മോള്‍. പിന്നീട് മലയാളത്തിലും അന്യഭാഷകളിലുമായി ഒരു പിടി മികച്ച സിനിമകള്‍ ചെയ്യാന്‍ ലിജോ മോള്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ പൊന്മാനില്‍ ലിജോ മോള്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
തീയേറ്ററില്‍ അര്‍ഹിച്ച വിജയം നേടിയിലെങ്കിലും ഒ.ടി.ടിയില്‍ വലിയരീതിയില്‍ ചര്‍ച്ചയായി തീര്‍ന്ന ചിത്രമാണ് പൊന്മാന്‍. ജി. ആര്‍ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിനെ ആസ്പദമാക്കി ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബേസില്‍ ജോസഫ്, സജിന്‍ ഗോപു, ലിജോമോള്‍ ജോസ്, ആനന്ദ് മന്മഥന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട. പൊന്മാനിലെ സ്‌റ്റെഫി എന്ന കഥാപാത്രത്തെയാണ് ലിജോ മോള്‍ അവതരിപ്പിച്ചത്.
ഇപ്പോള്‍ പൊന്മാന്‍ സെറ്റില്‍ ബേസില്‍ ജോസഫ് എങ്ങനെയായിരുന്നു എന്ന് പറയുകയാണ് അവര്‍.
ഇന്റര്‍വ്യൂവിലും മറ്റും കാണുന്നത് പോലെ സെറ്റില്‍ അത്ര ഫണ്ണായിരുന്നില്ല ബേസിലെന്നും താന്‍ അത് പ്രതീക്ഷിച്ചാണ് പോയതെന്നും ലിജോ മോള്‍ പറയുന്നു. പൊന്മാന്‍ സിനിമയിലെ ബേസിലിന്റെ കഥാപാത്രവും സിനിമ നടക്കുന്ന പശ്ചാത്തലവുമൊക്കെ കുറച്ച് സീരിയസായതുകൊണ്ടാകാമെന്നും ബേസില്‍ ആ കഥാപാത്രത്തില്‍ തന്നെയായിരുന്നു അധിക സമയമെന്നും ലിജോ മോള്‍ പറഞ്ഞു.
റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലിജോ മോള്‍
‘സെറ്റില്‍ ഒട്ടും ഫണ്ണല്ലായിരുന്നു ബേസില്‍, ഞാനത് പ്രതീക്ഷിച്ചാണ് പോയത്. പക്ഷേ അവിടെ അങ്ങനെയല്ലായിരുന്നു. എല്ലാവരും പറഞ്ഞ് കേട്ടതും ഞാന്‍ ഇന്റര്‍വ്യൂസിലുമൊക്കെ കണ്ട ബേസില്‍ വളരെ ഫണ്ണിയായിട്ടാണ്. എനിക്ക് തോന്നുന്നു ഞങ്ങളുടെ സിനിമയുടെ കുറച്ച് സ്വാധീനം ഉള്ളതുകൊണ്ടാകാം ആ ഒരു ക്യാരക്ടര്‍ പിടിച്ചാണ് നിന്നത്. പിന്നെ ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ സീന്‍സ് അധികവും സീരിയസായിട്ടുള്ള സീനുകളായിരുന്നു. റിയല്‍ ലൈഫിലും തഗ് ഒക്കെ അടിച്ച് നടക്കുന്നയാളാണ് ബേസില്‍ പക്ഷേ നമ്മുടെ സിനിമയും സിനിമയുടെ പശ്ചാത്തലവും ഒരു സീരിയസായിട്ടുള്ളത് കൊണ്ടും ആവാം,’ ലിജോ മോള്‍ പറയുന്നു.
Content Highlight: Lijo talks about Basil joseph