‘ജോ റൂട്ടിന് സച്ചിനെ മറികടക്കാന്‍ സാധിക്കും. അവനിപ്പോള്‍ 33 വയസ് മാത്രമാണുള്ളത്. സച്ചിനേക്കാള്‍ 3,000 റണ്‍സ് മാത്രമാണ് അവന്‍ പിന്നിലുള്ളത്. എന്നാല്‍ ഇത് അവര്‍ എത്ര ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും എന്നതിനെ ആശ്രയിച്ചിരിക്കും.
വര്‍ഷത്തില്‍ അവര്‍ 10-14 ടെസ്റ്റുകള്‍ വരെ കളിക്കുകയും റൂട്ട് 800-100 റണ്‍സ് നേടുകയും ചെയ്താല്‍ മൂന്നോ നാലോ വര്‍ഷത്തില്‍ അവന്‍ സച്ചിനൊപ്പമെത്തും,’ ഐ.സി.സി റിവ്യൂവില്‍ പോണ്ടിങ് പറഞ്ഞു.
2012ല്‍ ടെസ്റ്റ് കരിയര്‍ ആരംഭിച്ച റൂട്ട് ഇംഗ്ലണ്ടിനായി 143 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. 50.11 ശരാശരിയില്‍ 12,027 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. 32 സെഞ്ച്വറിയും 63 അര്‍ധ സെഞ്ച്വറിയുമാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ റൂട്ടിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ജൂലൈയില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ റൂട്ട് ടെസ്റ്റ് ഫോര്‍മാറ്റില്‍ 12,000 റണ്‍സ് എന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് ഇംഗ്ലണ്ട് താരവും ഏഴാമത് താരവുമാണ് റൂട്ട്.
തന്റെ സമകാലീനരെക്കാള്‍ ഏറെ അകലെയാണ് റൂട്ടിന്റെ സ്ഥാനം. സ്റ്റീവ് സ്മിത്താണ് ടെസ്റ്റില്‍ ഏററവുമധികം റണ്‍സ് നേടിയ ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ രണ്ടാമന്‍. 56.97 ശരാശരിയില്‍ 9685 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം.
ടെസ്റ്റില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കിയതോടെ സച്ചിന്റെ മറ്റൊരു റെക്കോഡ് തകര്‍ക്കാനും റൂട്ടിന് സാധിച്ചിരുന്നു. ടെസ്റ്റില്‍ 12,000 റണ്‍സ് എന്ന മാജിക്കല്‍ നമ്പര്‍ പിന്നിടുന്ന പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയിലാണ് റൂട്ട് സച്ചിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട് രണ്ടാമതെത്തിയത്.
റൂട്ടിന്റെ മുന്‍ഗാമിയായ അലിസ്റ്റര്‍ കുക്കിന്റെ പേരിലാണ് ഈ റെക്കോഡ്.