എക്സ്ട്രീം സുരാജ്, എക്സ്ട്രാ പ്ലസ് ഡാർക്ക് ഹ്യൂമറുമായി ഇ.ഡി
Entertainment
എക്സ്ട്രീം സുരാജ്, എക്സ്ട്രാ പ്ലസ് ഡാർക്ക് ഹ്യൂമറുമായി ഇ.ഡി
നവ്‌നീത് എസ്.
Sunday, 22nd December 2024, 3:54 pm

റിട്ടയേർഡ് ജീവിതം തള്ളിനീക്കുന്ന ഒരു അച്ഛനും അമ്മയും. അവരുടെ എല്ലാ കാര്യത്തിനും കൂടെ നിൽക്കുന്ന, സ്നേഹം മാത്രം നൽകുന്ന ഒരു മകനും. സമൂഹത്തിലെ ഏതൊരാൾക്കും കണ്ടാൽ അസൂയ തോന്നുന്ന കുടുംബം തന്നെ അല്ലേ? എന്നാൽ പുറത്തുകാണുന്ന സ്നേഹത്തിന് പിന്നിൽ ചില രഹസ്യങ്ങൾ മറഞ്ഞു കിടക്കുന്നുണ്ടങ്കിലോ?

സ്നേഹം മാത്രം ആഗ്രഹിച്ച ബിനു എന്ന വ്യക്തിയുടെ കദനകഥയാണ് കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയ ഇ.ഡി അഥവാ എക്സ്ട്രാ ഡീസന്റ്. പേര് സൂചിപ്പിക്കുന്ന പോലെ നമ്മുടെ നായകൻ വളരെ എക്സ്ട്രാ ഡീസന്റ് തന്നെയായിരുന്നു. എന്നാൽ ഒരിക്കലും അച്ഛനെ ധിക്കരിക്കാത്ത എന്തുപറഞ്ഞാലും അനുസരിക്കുന്ന ബിനു ഒരു ദിവസം ആ സത്യം മനസിലാക്കുന്നതോടെ അയാളിൽ ചില മാറ്റങ്ങൾ സംഭവിക്കുകയാണ്. പിന്നെയുള്ളത് കണ്ടറിയണം…

ഡാർക്ക് ഹ്യൂമർ ഴോണറിൽ അധികം സിനിമകൾ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഇൻഡസ്ട്രിയാണ് മലയാളം. ഈയിടെ ഇറങ്ങി വലിയ ചർച്ചയായി മാറിയ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമ ടൈറ്റിൽ മുതൽ ഡാർക്ക് ഹ്യൂമറിനെ കൃത്യമായ രീതിയിൽ ഉപയോഗിച്ച സിനിമയായിരുന്നു. സ്ഥിരമായി ഫീൽ ഗുഡ് പടങ്ങളിൽ കണ്ടിരുന്ന വിനീത് ശ്രീനിവാസനെ മറ്റൊരു തരത്തിൽ കണ്ടപ്പോൾ പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായി മാറാൻ ആ സിനിമയ്ക്ക് സാധിച്ചിരുന്നു.

ഡാർക്ക് ഹ്യൂമറിനെ കൃത്യമായി ഉപയോഗിച്ച് സുരാജ്‌ വെഞ്ഞാറമൂടിനെ അഴിഞ്ഞാടാൻ വിട്ട ചിത്രമാണ് ഇ.ഡി. ബിനു എന്ന കഥാപാത്രത്തിന്റെ സാഹചര്യങ്ങളും ഇമോഷൻസും ഭംഗിയായി അദ്ദേഹം സ്‌ക്രീനിൽ എത്തിക്കുന്നുണ്ട്. ആയിഷ എന്ന മഞ്ജു വാര്യർ ചിത്രത്തിന് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത വ്യത്യസ്ത സിനിമയാണ് എക്സ്ട്രാ ഡീസന്റ്

ആഷിഫ് കക്കോടിയുടെ രചനയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ സുധീർ കരമന, വിനയ പ്രസാദ്, ഗ്രേസ് ആന്റണി, ശ്യാം മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. മുമ്പ് മലയാളത്തിൽ പറഞ്ഞിട്ടില്ലാത്ത പുതുമയുള്ള കഥയാണ് ഇ.ഡിയുടേത്. ടൈറ്റിൽ പ്രഖ്യാപിച്ചത് മുതൽ ആ യൂണിക്ക്‌നസ് നിലനിർത്താൻ അണിയറപ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ട്.

സുരാജിനെ പോലെ സ്ക്രീൻ ടൈം ഏറ്റവും കൂടുതലുള്ള മറ്റുരണ്ടാളുകൾ വിനയ പ്രസാദും സുധീർ കരമനയുമാണ്. മലയാള സിനിമ മുമ്പ് എക്‌സ്‌പ്ലോർ ചെയ്തിട്ടില്ലാത്ത രക്ഷിതാക്കളെ ഇ.ഡിയിൽ പ്രേക്ഷകർക്ക് കാണാം. പ്രത്യേകിച്ച് കാലങ്ങളായി മലയാളത്തിലുള്ള ചില ‘അമ്മ സങ്കൽപ്പങ്ങളെ തച്ചുടയ്ക്കുന്നുണ്ട് സിനിമ. വിനയ പ്രസാദും സുധീർ കരമനയും നന്നായി തന്നെ അത് അവതരിപ്പിച്ചിട്ടുണ്ട്.

പ്രേമലുവിന് ശേഷം ശ്യാം മോഹനെ നല്ല രീതിയിൽ ഉപയോഗിക്കാൻ ഇ.ഡിയിലൂടെ കഴിയുന്നുണ്ട്. ഗ്രേസ് ആന്റണിയും നല്ലൊരു കഥാപാത്രമായി സിനിമയോട് ചേർന്ന് നിൽക്കുന്നുണ്ട്. ഇടയ്ക്ക് വരുന്ന വിനീത് തട്ടിൽ, റാഫി തുടങ്ങിയ അഭിനേതാക്കളും എക്സ്ട്രാ പ്ലസായി മാറുന്ന ഘടകങ്ങളാണ്. പക്ഷെ ആരൊക്കെ വന്നാലും ഇ.ഡി സുരാജ്‌ വെഞ്ഞാറമൂട് എന്ന നടന്റെ സിനിമയാണ്.

നേരത്തെ പറഞ്ഞ മുകുന്ദനുണ്ണി അസോസിയേറ്റിനോട് ചേർത്ത് തന്നെ പറയട്ടെ, ആ സിനിമ ഇഷ്ടപെട്ട ഒരാൾക്ക് തീർച്ചയായും ഇഷ്ടമായേക്കാവുന്ന സിനിമയാണ് ഇ.ഡി. സിനിമയിലെ ഒരു ആക്‌സിഡന്റ് രംഗമടക്കം ചെറുതായി ആ സിനിമയെ ഓർമിപ്പിക്കുന്നുണ്ട്. ഡാർക്ക് ഹ്യൂമറിലൂടെ എങ്ങനെയൊരു കുടുംബചിത്രം എടുക്കാമെന്നാണ് ഇ.ഡി കാണിക്കുന്നത്. പാരന്റിങ്, ചൈൽഡ് ട്രോമാ, തുടങ്ങിയ സീരിയസ് കാര്യങ്ങളെയെല്ലാം സംസാരിക്കുന്ന ചിത്രം ഒരിക്കലും അതിനെ കുറിച്ച് കൂടുതൽ പറയാൻ ശ്രമിക്കാതെ ഒരു എന്റർടൈനർ സ്വഭാവം നിലനിർത്തുന്നുണ്ട്. അത് തന്നെയാണ് പ്രധാന പോസിറ്റീവായി തോന്നിയത്.

മഞ്ഞുമ്മൽ ബോയ്സ്, ലിയോ തുടങ്ങിയ സിനിമകളിൽ പഴയ പാട്ടുകൾ പ്ലേസ് ചെയ്ത രീതി ഇ.ഡിയിലും സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ അത് നന്നായി വർക്കായിട്ടുണ്ട്. എഡിറ്റിങ്ങിലെയും ഡബ്ബിങ്ങിലെയും ചെറിയ ചില പ്രശ്നങ്ങൾ സിനിമയിലുണ്ടെങ്കിലും അതൊരിക്കലും ആസ്വാദനത്തെ ബാധിക്കുന്നില്ല. ബിനു എന്ന സുരാജിന്റെ കഥാപാത്രത്തിന് മാറ്റങ്ങൾ വന്നുതുടങ്ങുന്നതിന്റെ കാരണം അയാൾ മനസിലാക്കുന്ന ഒരു കാര്യമാണ്. എന്നാൽ അതിത്രത്തോളം വലിയ പ്രശ്നമാണോ എന്നൊരു തോന്നൽ ചിലയിടങ്ങളിൽ ഉണ്ടാവുന്നുണ്ട്.

അംഗീത് മേനോൻ ഒരുക്കിയ സംഗീതവും ഷാരോൺ ശ്രീനിവാസന്റെ ക്യാമറയുമെല്ലാം സിനിമയുടെ പോസിറ്റീവാണ്. അവസാന നിമിഷം വരെ ഒരു ത്രില്ലിങ് നിലനിർത്താനും തിരക്കഥയ്ക്ക് സാധിക്കുന്നുണ്ട്. എന്നാൽ ചില ഘട്ടങ്ങളിൽ ഇഴച്ചിലുള്ളതായും ഫീൽ ചെയ്യുന്നുണ്ട്. മലയാള സിനിമയിൽ അധികം വന്നിട്ടില്ലാത്ത ഒരു വേറിട്ട ചലച്ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും കാണാൻ കഴിയുന്ന സിനിമയാണ് ഇ.ഡി. എക്സ്ട്രാ ഡീസെന്റിൽ നിന്ന് എക്സ്ട്രീം ഡേഞ്ചറിലേക്കുള്ള ബിനുവിന്റെ യാത്രയിൽ പ്രേക്ഷകരും ഭാഗമാവുമെന്ന് ഉറപ്പാണ്.

 

Content Highlight: Review Of Extra Decent Movie

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം