മുഴുവന്‍ ക്രൈസ്തവരുടെ കാര്യം പോട്ടേ, കത്തോലിക്കാ സഭയുടെ അരക്ഷിതാവസ്ഥ പോലും താങ്കള്‍ അറിഞ്ഞില്ലേ? സ്റ്റാന്‍ സ്വാമിയെന്ന വിശുദ്ധ മനുഷ്യനേയും മറന്നുപോയോ? റവ.ജെയിംസ് വീരമല
Kerala News
മുഴുവന്‍ ക്രൈസ്തവരുടെ കാര്യം പോട്ടേ, കത്തോലിക്കാ സഭയുടെ അരക്ഷിതാവസ്ഥ പോലും താങ്കള്‍ അറിഞ്ഞില്ലേ? സ്റ്റാന്‍ സ്വാമിയെന്ന വിശുദ്ധ മനുഷ്യനേയും മറന്നുപോയോ? റവ.ജെയിംസ് വീരമല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th April 2023, 5:55 pm

തിരുവനന്തപുരം: രാജ്യത്ത് ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലല്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനയ്ക്ക് വിമര്‍ശനവുമായി മാര്‍ത്തോമ സിറിയന്‍ ചര്‍ച്ചിലെ പുരോഹിതനായ റവ. ജെയിംസ് വീരമല. കഴിഞ്ഞ ആഴ്ച മറ്റ് സംസ്ഥാനങ്ങളില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും സ്റ്റാന്‍ സ്വാമിയെയും ഓര്‍മിപ്പിച്ചാണ് ജെയിംസ് വീരമല ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

‘നാം പിന്നിട്ട വിശുദ്ധ വാരത്തിനു തൊട്ടു മുമ്പ് മദ്ധ്യപ്രദേശിലെ പല സ്ഥലങ്ങളിലും വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. മധ്യപ്രദേശ് സംസ്ഥാനത്തെ ഝഭുവ രൂപതയിലെ ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍ ഹൈക്കോടതിയെ സമീപിച്ച് വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും കോടതി അത് അനുവദിച്ചതായും കണ്ടു.

ബെംഗളൂരു രൂപതയുടെ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ സുപ്രീം കോടതിയെ സമീപിച്ചതായും വാര്‍ത്തയുണ്ടായി.

ഇതൊന്നും അങ്ങേയ്ക്ക് കൈസ്തവര്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഉദാഹരണങ്ങളല്ലേ?,’ അദ്ദേഹം ചോദിച്ചു.

ഭാരതത്തിലെ മുഴുവന്‍ ക്രൈസ്തവരുടെ കാര്യം പോട്ടേ, കത്തോലിക്കാ സഭയുടെ അരക്ഷിതാവസ്ഥയും താങ്കള്‍ അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.

‘ഭാരതത്തിലെ കത്തോലിക്കാ സഭയില്‍ കര്‍ദ്ദിനാള്‍ പദവി അലങ്കരിക്കുന്ന അങ്ങ്, മുഴുവന്‍ ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ പോകട്ടെ, കത്തോലിക്കാ സഭയിലെ അംഗങ്ങളുടെ അരക്ഷിതാവസ്ഥയെ നീതിപീഠത്തിന്റെ മുമ്പില്‍ എത്തിച്ച അഭി. പിതാക്കന്മാരുടെ നിലപാടുകള്‍ അറിഞ്ഞില്ല എന്നു പറയുന്നത് ശരിയാണോ? സ്റ്റാന്‍ സ്വാമി എന്ന ”വിശുദ്ധനായ’ മനുഷ്യനെ പെട്ടെന്ന് മറന്നു പോയോ?’ അദ്ദേഹം ചോദിച്ചു.

ക്രൈസ്തവര്‍ക്ക് ഇന്ത്യയില്‍ അരക്ഷിതാവസ്ഥയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബി.ജെ.പിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് ശക്തമായ പ്രതികരണവുമായി ജെയിംസ് വീരമല രംഗത്തെത്തിയത്.

ആദ്യ ടേമില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങളുണ്ടായിരുന്നെന്നും, എന്നാല്‍ ഇത് അവരുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും ക്രൈസ്തവ സമൂഹം ചെയ്ത കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തുവെന്നും ആലഞ്ചേരി പറഞ്ഞു.

പ്രധാനമന്ത്രി നല്ല നേതാവാണെന്നും അദ്ദേഹം ആരുമായും ഏറ്റുമുട്ടലിന് പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നീ മൂന്ന് മുന്നണികളും അധികാരത്തിലെത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസിന് ശക്തമായ നേതൃത്വമില്ല. ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചിലര്‍ക്ക് വിയോജിപ്പുണ്ട്. മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങളെ നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ ബി.ജെ.പി ഉള്‍പ്പടെയുള്ള സാധ്യതകള്‍ ആളുകള്‍ പരിഗണിക്കും,’ആലഞ്ചേരി പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി എന്ന നിലയില്‍ മോദി നല്ല നേതാവാണെന്നാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ദേശിച്ചതെന്നും അതിനപ്പുറത്തേക്കുള്ള രാഷ്ട്രീയ മാനം ഇതിനില്ലെന്നും അഭിമുഖം പുറത്തുവന്നതിന് പിന്നാലെ സഭാ നേതൃത്വം പ്രതികരിച്ചു. ആലഞ്ചേരി പറഞ്ഞതിന്റെ സാരാംശം തെറ്റിദ്ധരിപ്പിക്കും വിധം അഭിമുഖം പ്രസിദ്ധീകരിച്ചതില്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനെ അതൃപ്തി അറിയിച്ചെന്നും സഭാ നേതൃത്വം പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പിതാവേ, ഒരു സംശയം. ഈ പ്രസ്താവനയുടെ അടിസ്ഥാനമെന്താണ്?

നാം പിന്നിട്ട വിശുദ്ധ വാരത്തിനു തൊട്ടു മുമ്പ് മദ്ധ്യപ്രദേശിലെ പല സ്ഥലങ്ങളിലും വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. മധ്യപ്രദേശ് സംസ്ഥാനത്തെ Jhabua രൂപതയിലെ ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍ ഹൈക്കോടതിയെ സമീപിച്ച് വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും കോടതി അത് അനുവദിച്ചതായും കണ്ടു.

ബെംഗളൂര്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പ് Peter Machado സുപ്രീം കോടതിയെ സമീപിച്ചതായും വാര്‍ത്തയുണ്ടായി.

ഇതൊന്നും അങ്ങേയ്ക്ക് ക്രൈസ്തവര്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഉദാഹരണങ്ങളല്ലേ? ഭാരതത്തിലെ കത്തോലിക്കാ സഭയില്‍ കര്‍ദ്ദിനാള്‍ പദവി അലങ്കരിക്കുന്ന അങ്ങ്, മുഴുവന്‍ ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ പോകട്ടെ, കത്തോലിക്കാ സഭയിലെ അംഗങ്ങളുടെ അരക്ഷിതാവസ്ഥയെ നീതിപീഠത്തിന്റെ മുമ്പില്‍ എത്തിച്ച അഭി. പിതാക്കന്മാരുടെ നിലപാടുകള്‍ അറിഞ്ഞില്ല എന്നു പറയുന്നത് ശരിയാണോ?

സ്റ്റാന്‍ സ്വാമി എന്ന ”വിശുദ്ധനായ’ മനുഷ്യനെ പെട്ടെന്ന് മറന്നു പോയോ?

content highlight: rev. james veeramala against kardinal mar george alancheri