മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടി. ‘മുസാഫിര്‍’ എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് വന്ന റസൂല്‍ പൂക്കുട്ടി ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സിനിമകള്‍ക്ക് ശബ്ദ മിശ്രണം നിര്‍വഹിച്ചിട്ടുണ്ട്.
തന്റെ മേല്‍ ചുമത്തപ്പെട്ട കള്ളക്കേസിനെ കുറിച്ചും, നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് ഇപ്പോള്‍ റസൂല്‍ പൂക്കുട്ടി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഞാന്‍ നേരിടേണ്ടി വന്ന നെഗറ്റീവിനെ കുറിച്ചും ഞാന്‍ അനുഭവിച്ചതിനെ കുറിച്ചും പറയുകയാണെങ്കില്‍ ഒരു സംഭവമുണ്ട്. എന്റെ കൂടെ ഒരാള്‍ വന്ന് ഫോട്ടോ എടുത്തു. ഈ ആള്‍ ആരാ എന്താ എന്നൊന്നും എനിക്ക് അറിയില്ല. പലരും വന്ന് ഫോട്ടോ എടുക്കാറുണ്ടല്ലോ.
ആ ഫോട്ടോ കാണിച്ചിട്ട് പലരോടും അയാള്‍ എന്റെ മാനേജറാണ്, അല്ലെങ്കില്‍ എന്റെ വേറെ ആരെങ്കിലുമാണ് എന്നൊക്കെ പറഞ്ഞ് പണം കൈപ്പറ്റുക, അല്ലെങ്കില്‍ അവര്‍ക്ക് പ്രൊജക്ട് വാഗ്ദാനം ചെയ്യുക ഒക്കെ ചെയ്യും. അതുപോലുള്ള ഒരുപാട് സംഭവങ്ങള്‍ എന്റെ മുന്നില്‍ വന്നുപെട്ടിട്ടുണ്ട്.
ഒരു ദിവസം എനിക്ക് ഒരു ലീഗല്‍ നോട്ടീസ് വന്നു. 40 കോടി രൂപയുടെ നഷ്ടപരിഹാരം. ഞാന്‍ ആ കേസില്‍ ആറാം പ്രതിയാണ്. ഒന്നാം പ്രതിയല്ല. ഒരു ഹിന്ദി സിനിമയുടെ കഥ മോഷ്ടിച്ചു എന്നാണ് കേസ്. എനിക്കെതിരെയല്ല, ഹിന്ദി സിനിമയിലെ വലിയ നിര്‍മാതാക്കള്‍ക്കും നടനുമൊക്കെ എതിരെയാണ് കേസ്. ഞാന്‍ അതില്‍ ആറാം പ്രതിയായി.
നോട്ടീസ് വന്നപ്പോള്‍ തന്നെ എന്റെ ഫാമിലിയും, സ്റ്റുഡിയോയിലുള്ളവരും എല്ലാം പരിഭ്രാന്തരായി. നമ്മള്‍ മനസാ വാചാ കര്‍മണാ അറിയാത്ത കാര്യമാണ്. ആ സിനിമ ഞാന്‍ കണ്ടിട്ടില്ല, അതിന് വേണ്ടി വര്‍ക്ക് ചെയ്തിട്ടുമില്ല. എനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല.
സംഭവം എന്താണെന്ന് വെച്ചാല്‍, എന്റെ മാനേജര്‍ എന്ന് പറയുന്ന ആ വ്യക്തി ഏതോ കടയില്‍ സാധനം എടുക്കാന്‍ പോയപ്പോള്‍ അവിടെ കണ്ട ഒരാള്‍ ഇയാളോട് ആ സിനിമയുടെ കഥ പറഞ്ഞു. ഞാന്‍ ആ കഥ പോയി ആ നടനോട് പറഞ്ഞു. അങ്ങനെ ആ സിനിമ അവരുണ്ടാക്കി.
ആ കേസ് കൊല്ലം കോടതിയിലെത്തി. അവിടെ നിന്ന് കേരള ഹൈക്കോടതിയിലേക്കും കേസ് എത്തി. എനിക്ക് ഈ കേസിന്റെ പിന്നാലെ പോകേണ്ടി വന്നു. ഒരു വക്കീലിനെ വെച്ച് വാദിക്കണം, പിന്നെ കോടതിയില്‍ നിന്ന് വിളിച്ചാല്‍ പോകണം. എനിക്ക് ധനനഷ്ടം, മാനനഷ്ടം. അവസാനം കേസ് വാദിച്ച്, എന്റെ പേരിലുള്ള കേസ് തള്ളിപ്പോയി.
എന്നിട്ടും വക്കീല്‍ ഫീസായി 10 ലക്ഷം രൂപ എനിക്ക് നഷ്ടമായി. എന്റെ പേര് അവിടെ വലിച്ചഴിക്കപ്പെട്ടു, എന്ന ടെന്‍ഷനും എനിക്കുണ്ടായിരുന്നു. അതുപോലുള്ള എത്രയോ കേസുകള്‍ ഉണ്ടായിരുന്നു,” റസൂല്‍ പൂക്കുട്ടി പറഞ്ഞു.
”ഇപ്പോള്‍ അടുത്ത് വേറെ ഒരു സംഭവവും കേട്ടു. കണ്ണൂരില്‍ നിന്ന് ആരോ ഒരാള്‍ എന്റെ പേരും പറഞ്ഞിട്ട് ആര്‍ക്കോ മ്യൂസിക്ക് ചെയ്ത് കൊടുക്കാം എന്ന് പറഞ്ഞ് 30 ലക്ഷം വാങ്ങിയിട്ടുണ്ട്, എന്ന് ഒരാള്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു. ഞാന്‍ തന്നെ ഞെട്ടിപ്പോയി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഒറ്റ്” എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് റസൂല്‍ പൂക്കുട്ടി. ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, സത്യരാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
Content Highlight: Resul Pookutty about the defamation case he was trapped into related to movie