കോഴിക്കോട്: ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പുല്‍പാദിപ്പിച്ചു കൊണ്ടാകരുതെന്ന് എസ്.എസ്.എഫ് പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയം. രാജ്യത്തെയും ഭരണകൂടത്തേയും രണ്ടായിത്തന്നെ കാണേണ്ടതുണ്ടെന്നും എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഡോ. അബൂബക്കര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു. കോഴിക്കോട് നടക്കുന്ന പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതിരിപ്പിച്ചത്.
സര്‍ക്കാരിന്റെ നയ നിലപാടുകളെ എതിര്‍ക്കാന്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തേണ്ടതില്ല. ഫാസിസത്തോടും അതിന്റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളര്‍ത്തിക്കൊണ്ട് വരാനുള്ള നീക്കങ്ങളോട് ഇസ്ലാമിന് യോജിക്കാനാവില്ല.
ഭരണകൂടത്തോട് ശക്തമായ വിമര്‍ശങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് തന്നെ രാഷ്ട്ര മൂല്യങ്ങള്‍ക്ക് വേണ്ടി വിട്ടു വീഴ്ചയില്ലാതെ നിലകൊള്ളണമെന്നും പ്രമേയം പറഞ്ഞു.
സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടേണ്ടത് സമാന്തരമായി വെറുപ്പുല്‍പ്പാദിപ്പിച്ചു കൊണ്ടല്ല. ഭരണകൂടമല്ല രാജ്യം. രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സര്‍ക്കാരിന് അനുകൂലമായ നിലപാടുകളായി വ്യാഖ്യാനിക്കുന്നത് അതിവായനയാണ്.
പൗരാണിക കാലം മുതല്‍ മത നിരപേക്ഷമായി നിലകൊണ്ട രാജ്യമാണ് നമ്മുടേത്. ആ പാരമ്പര്യം കളങ്കപ്പെട്ടുകൂടാ. മാറിവരുന്ന ഭരണകൂടങ്ങള്‍ ക്കൊപ്പം പൗര സമൂഹവും ഇക്കാര്യത്തില്‍ ജാഗരൂകാരാവണമെന്നും പ്രമേയത്തില്‍ പറഞ്ഞു.
Content Highlight: Resolution adopted by the SSF representative conference that the administration should be corrected and not by creating hatred for the country