കണ്ണൂര്‍: സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രേഷ്മ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് എം.വി ജയരാജന്‍, കാരായി രാജന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്നിവര്‍ക്കെതിരെ രേഷ്മ പരാതി നല്‍കിയത്.
എം.വി. ജയരാജന്‍ അശ്ലീല പ്രയോഗം നടത്തിയെന്നാണ് രേഷ്മയുടെ ആരോപണം. താന്‍
സി.പി.ഐ.എം അനുഭാവമുള്ള കുടുംബത്തില്‍ നിന്നുള്ളയാളാണെന്നും രേഷ്മ പരാതിയില്‍ പറയുന്നു.
വനിതാ പൊലീസ് ഇല്ലാതെ രാത്രി വീട്ടിലെത്തി അറസ്റ്റ് ചെയ്തു, സ്റ്റേഷനില്‍വെച്ച് കൂത്തുപറമ്പ് സി.ഐ മോശമായി സംസാരിച്ചു, ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്നിവയും പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഹരിദാസന്‍ വധക്കേസിലെ പ്രതി നിജില്‍ദാസിനെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ച രേഷ്മയെ സംരക്ഷിക്കുന്നത് ബി.ജെ.പിയാണെന്ന് എം.വി. ജയരാജന്‍ ആരോപിച്ചിരുന്നു.
അഡ്വക്കേറ്റ് പരിഷത്ത് നേതാവ് പി. പ്രേമരാജന്‍, ബി.ജെ.പി തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ കെ. അജേഷ് എന്നിവര്‍ കൊലക്കേസ് പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ സ്ത്രീയെ സംരക്ഷിക്കാന്‍ എത്തിച്ചേരുന്നു എന്നത് നിസാരമായ കാര്യമല്ല എന്ന് ജയരാജന്‍ പറഞ്ഞിരുന്നു.
പിണറായി പാണ്ട്യാല മുക്കിലെ മയില്‍ പീലി വീട്ടില്‍ ഏഴ് ദിവസമാണ് നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്. വീട് നല്‍കിയതും പുറത്ത് നിന്ന് പൂട്ടിയ വീട്ടില്‍ ഒളിച്ച് കഴിഞ്ഞ നിജിലിന് ഭക്ഷണം എത്തിച്ച് നല്‍കിയതും സുഹൃത്ത് രേഷ്മയാണെന്ന് പൊലീസ് പറയുന്നു.
അതേസമയം, ഇന്നലെ ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങുന്ന സമയത്ത് രേഷ്മക്ക് ഒപ്പം ഉണ്ടായിരുന്ന ബി.ജെ.പി തലശ്ശേരി മണ്ഡലം സെക്രട്ടറി അജേഷിനെ ചൂണ്ടിക്കാട്ടി രേഷ്മയും ഭര്‍ത്താവും ബി.ജെ.പി അനുഭാവികളാണെന്ന് സി.പി.ഐ.എം ആരോപണം ആവര്‍ത്തിച്ചിരുന്നു.