സോളങ്കി: സംവരണ വിഷയത്തില്‍ അനുകൂല നിലപാട് കൈക്കൊള്ളാത്ത ഹരിയാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ജാട്ട് വിഭാഗക്കാര്‍.
സംവരണ വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം ആഗസ്റ്റ് 16 മുതല്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ബി.ജെ.പി മന്ത്രിമാരും പങ്കെടുക്കുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും തടസ്സപ്പെടുത്തുമെന്ന് ആള്‍ ഇന്ത്യ ജാട്ട് ആരക്ഷന്‍ സംഘര്‍ഷ് സമിതി അറിയിച്ചു.
Dont Miss ‘പുഷ് അപ് എടുക്കൂ… 56 ഇഞ്ച് നെഞ്ചളവ് ഉണ്ടാക്കൂ’; ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കുന്നതായി ബിപ്ലബ് കുമാര്‍ ദേബ്
ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ ആരെങ്കിലും ഹരിയാനയില്‍ എത്തി റാലിയോ മറ്റോ സംഘടിപ്പിച്ചാല്‍ പ്രതിഷേധം വ്യാപിപ്പിക്കുമെന്നും എ.ഐ.ജെ.എ.എസ്.എസ് തലവന്‍ യശ്പാല്‍ മാലിക് പറഞ്ഞു. ജാസിയ ഗ്രാമത്തില്‍ നടന്ന ജാട്ട് മഹാസമ്മേളന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാട്ട് വിഭാഗക്കാരുടെ സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കൃത്യമായ നിലപാട് സ്വീകരിക്കണം. ഒ.ബി.സി കാറ്റഗറിയില്‍ ജാട്ട് വിഭാഗത്തിന് പ്രത്യേക ക്വാട്ട നല്‍കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് സെഷനില്‍ കേന്ദ്രം പാസ്സാക്കണമെന്നും മാലിക് പറഞ്ഞു.
ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാക്കില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയാല്‍ വീണ്ടും ധര്‍ണകളും പ്രതിഷേധ പ്രകടനങ്ങളുമായി ഞങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വരും. 2016 ല്‍ സമാധാനപരമായി നടത്തിയ പ്രതിഷേധം ബി.ജെ.പി ഇടപെട്ടാണ് അക്രമത്തിലേക്ക് എത്തിച്ചത്. അതിന് പിന്നാലെ എല്ലാ കുറ്റവും ജാട്ട് സമുദായത്തിന് മേല്‍ കെട്ടിവെക്കുകയായിരുന്നു. ഇനിയും ഇതേ നിലപാട് തുടരാനാണ് സര്‍ക്കാരിന്റെ ഉദ്ദേശമെങ്കില്‍ ദളിതരുടേയും കര്‍ഷകരുടേയും പിന്തുണയോടെ സര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭത്തിന് തങ്ങള്‍ ഒരുങ്ങും- മാലിക് പറഞ്ഞു.
രാജസ്ഥാനിലും മധ്യപ്രദേശിലും വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ജാട്ട് വിഭാഗം രംഗത്തുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സംവരണവിഷയത്തില്‍ തീരുമാനമെടുക്കാതെ ബി.ജെ.പി നേതാക്കള്‍ പങ്കെടുക്കുന്ന ഒരുപരിപാടി പോലും സംസ്ഥാനത്ത് നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.