തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍.ഡി.എഫ് ഭരണം നടത്തുന്നത് ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ പിന്തുണയോടെയെന്ന വാര്‍ത്തകള്‍ തെറ്റ്: സി.പി.ഐ.എം
Kerala News
തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍.ഡി.എഫ് ഭരണം നടത്തുന്നത് ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ പിന്തുണയോടെയെന്ന വാര്‍ത്തകള്‍ തെറ്റ്: സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2024, 10:32 pm

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സി.പി.ഐ.എം ഭരണം നടത്തുന്നത് ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ എന്നിവരുടെ പിന്തുണയോടെയാണെന്ന പ്രചാരണം തെറ്റാണെന്ന് സി.പി.ഐ.എം.

വര്‍ഗീയതയ്‌ക്കെതിരെ എല്ലായ്‌പ്പോഴും സി.പി.ഐ.എം ശക്തമായ നിലപാടുകള്‍ ആണ് സ്വീകരിച്ചിട്ടുള്ളതെന്നും സി.പി.ഐ.എം എഫ്.ബിയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്റെ പേരിലാണ് പ്രസ്താവന.

മത നിരപേക്ഷ സമൂഹത്തിന് വേണ്ടിയാണ് എല്‍.ഡി.എഫ് നിലകൊള്ളുന്നതെന്നും അതിനാല്‍ മതനിരപേക്ഷയ്ക്കായി നിലകൊള്ളുന്ന സമൂഹം രൂപപ്പെടുത്തുന്നതിനാണ് പാര്‍ട്ടി മുന്‍തൂക്കം നല്‍കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. അധികാരം ലഭിക്കുന്നതിനായി അടിസ്ഥാന നിലപാടുകളില്‍ മാറ്റം വരുത്തുന്ന നിലപാട് ഒരിക്കലും എല്‍.ഡി.എഫ് സ്വീകരിച്ചിട്ടില്ല.

കേന്ദ്രമന്ത്രി സഭയില്‍ അംഗമാവാന്‍ അവസരം ലഭ്യമായിട്ടും ഈ അടിസ്ഥാന നിലപാടുകളുടെ ഭാഗമായാണ് മാറ്റം വരുത്താതെ എല്‍.ഡി.എഫ് നിലകൊണ്ടത്. നിരന്തരം ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനുള്ള നിലപാട് സ്വീകരിക്കുമ്പോള്‍ മറ്റൊരു വര്‍ഗീയതയുമായി സന്ധി ചെയ്യുന്നത് അപകടകരമാണെന്നും പ്രസ്താവനയിലുണ്ട്. അതിനാല്‍ തന്നെ ഏതെങ്കിലും വര്‍ഗീയ ശക്തിയുമായി കൂട്ടുകെട്ട് എന്നത് എല്‍.ഡി.എഫിന്റെ അജണ്ടയില്‍ ഇല്ലാത്തതാണ്.

ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ആരുമായും കൂട്ടുചേരുകയെന്നത് യു.ഡി.എഫ് അജണ്ടയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ നിരവധി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തീവ്രവര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് യു.ഡി.എഫ് നിലവില്‍ ഭരിക്കുന്നുണ്ട്.

നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ആ നിലപാട് ജനങ്ങള്‍ കണ്ടതാണെന്നും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്. അതിനാല്‍ ഇതില്‍ നിന്നെല്ലാം അവരുടെ മുഖം രക്ഷിക്കാനാണ് കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മനോരമ ശ്രമിക്കുന്നത്.

ഇത് തിരിച്ചറിയാനുള്ള ശേഷി കേരള ജനതയ്ക്കുണ്ടെന്നും സി.പി.ഐ.എം പറയുന്നു. അതിനാല്‍ ജനാധിപത്യബോധമുള്ള കേരളീയ സമൂഹം മനോരമ ഉള്‍പ്പടെയുള്ള മാധ്യമങ്ങളുടെ ഈ കള്ളപ്രചരണം തിരിച്ചറിയുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

Content Highlight: Reports that says LDF is running local bodies with support of Jamaat-e-Islami and SDPI is wrong: CPIM