ബുംറ കളിക്കില്ല, എന്നാല്‍ അവര്‍ രണ്ട് പേരുമുണ്ടാകും; അണിയറയില്‍ നിര്‍ണായക നീക്കം
Sports News
ബുംറ കളിക്കില്ല, എന്നാല്‍ അവര്‍ രണ്ട് പേരുമുണ്ടാകും; അണിയറയില്‍ നിര്‍ണായക നീക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd August 2024, 11:51 am

വളരെ തിരക്കുപിടിച്ച ക്രിക്കറ്റ് കലണ്ടറാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. ഒന്നിന് പിന്നാലെ ഒന്നായി ഈ വര്‍ഷം തന്നെ അഞ്ച് പരമ്പരകളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്, അതില്‍ മൂന്നെണ്ണമാകട്ടെ ടെസ്റ്റ് പരമ്പരകളും.

ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങുക. ബംഗ്ലാദേശും ന്യൂസിലാന്‍ഡും ഇന്ത്യയില്‍ പര്യടനം നടത്തുമ്പോള്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യ കങ്കാരുക്കളുടെ തട്ടകത്തിലേക്ക് പറക്കും.

ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കാന്‍ സാധ്യതകളില്ല എന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പിന്നീട് നടക്കുന്ന ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ബുംറ ടീമിന്റെ ഭാഗമാകുമെന്നും ഇന്‍സൈഡര്‍ സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തല്‍ ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളായതിനാല്‍ തന്നെ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ബംഗ്ലാദേശിനെതിരെ നടക്കുന്ന പരമ്പര മുതല്‍ ടീമിന്റെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിരാടും രോഹിത്തും ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകും. ഇതൊരു പുതിയ ടെസ്റ്റ് സൈക്കിളാണ്. ഓസ്‌ട്രേലിയയിലേക്ക് പര്യടനം നടത്തുന്നതിന് മുമ്പ് തന്നെ ഇരുവരും റെഡ് ബോള്‍ സോണിലേക്ക് മടങ്ങിയെത്തേണ്ടത് അത്യാവശ്യമാണ്.

ബുംറയുടെ കാര്യമെടുക്കുമ്പോള്‍, ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലാണ് അവന്‍ ടീമിലേക്ക് മടങ്ങിയെത്തുക. പ്രധാനപ്പെട്ട ടെസ്റ്റുകളാണ് നമുക്ക് മുമ്പിലുള്ളത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ ബുംറ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകവുമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഹോം കണ്ടീഷനിലാണ് ഈ രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കുന്നത്. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ ആദ്യം കളത്തിലിറങ്ങുക. സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ നടക്കുന്ന ആദ്യ ടെസ്റ്റിന് ചെപ്പോക്കാണ് വേദിയാകുന്നത്. ഗ്രീന്‍ പാര്‍ക്കിലാണ് പരമ്പരയിലെ രണ്ടാം മത്സരം. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് രണ്ടാം ടെസ്റ്റ്.

ഈ പര്യടനത്തില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി-20 പരമ്പരക്ക് ശേഷമാണ് ന്യൂസിലാന്‍ഡുമായി ഇന്ത്യ ടെസ്റ്റിനിറങ്ങുക. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റിനാണ് കിവികള്‍ ഇന്ത്യയിലേക്ക് ‘പറന്നെത്തുന്നത്’.

 

ഒക്ടോബര്‍ 16 മുതല്‍ 20 വരെ ചിന്നസ്വാമിയിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഒക്ടോബര്‍ 24ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയവും നവംബര്‍ ഒന്നിന് തുടങ്ങുന്ന പരമ്പരയിലെ അവസാന ടെസ്റ്റിന് വാംഖഡെയുമാണ് വേദിയാകുന്നത്.

 

Content Highlight: Reports says Virat Kohli and Rohit Sharma will play against Bangladesh, Jasprit Bumrah rested