ബാഴ്‌സയുടെ മുന്നേറ്റനിര തകരുന്നു? സൂപ്പര്‍ താരം ടീം വിടുമെന്ന് റിപ്പോര്‍ട്ട്
ബാഴ്‌സയുടെ പോളിഷ് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ടീമിന്റെ നിലവിലെ സാഹചര്യത്തില്‍ തൃപ്തനല്ലെന്ന് റിപ്പോര്‍ട്ടുകള്‍. കറ്റാലന്‍ ക്ലബ്ബിനൊപ്പമുള്ള ആദ്യ സീസണില്‍ ലീഗ് കിരീടമൊഴികെ മറ്റൊന്നും ചെയ്യാന്‍ സാധിക്കാതെ പോയതിന്റെ നിരാശയടക്കം താരത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നും താരം ടീം വിടാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്നും എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടും കോപ്പ ഡെല്‍ റേയില്‍ റയലിനോടും തോറ്റാണ് ബാഴ്‌സലോണ തങ്ങളുടെ ക്യാംപെയ്ന്‍ അവസാനിപ്പിച്ചത്. ബാഴ്‌സക്കൊപ്പമുള്ള രണ്ടാം സീസണില്‍ കാര്യങ്ങള്‍ മാറുമെന്ന് താരം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം സാധ്യമാകുമെന്ന കാര്യവും സംശയത്തിന്റെ നിഴലിലാണ്.
പല സൂപ്പര്‍ താരങ്ങളും ടീം വിട്ടുപോയതിലും ലെവന്‍ഡോസ്‌കിക്ക് ആശങ്കയുണ്ട്. സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, ഒസ്മാനെ ഡെംബലെ പോലുള്ള താരങ്ങളുടെ എക്‌സിറ്റ് ടീമിന്റെ ടോട്ടല്‍ പെര്‍ഫോമന്‍സിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കരുതുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ട് പവര്‍ഹൗസുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍, ബയേണ്‍ മ്യൂണിക് പോലുള്ള ടീമുകള്‍ സൂപ്പര്‍ താരങ്ങളെ കൊണ്ടുവന്ന് ടീമിനെ ശക്തിപ്പെടുത്തുമ്പോള്‍ ഗുണ്ടോഗാന്‍ മാത്രമാണ് ബാഴ്‌സലിയെത്തിയ വമ്പന്‍ പേരുകാരന്‍ എന്നതും ലെവയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഈ സീസണിലും അദ്ദേഹം ടീമിനൊപ്പം തുടര്‍ന്നേക്കും. എന്നാല്‍ ബ്ലൂഗ്രാനക്ക് കാര്യമായ മുന്നേറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ താരം ടീം വിടുന്നതിനെ കുറിച്ച് പുനര്‍വിചിന്തനം നടത്തുമെന്നും എല്‍ നാഷണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ സൗദി അറേബ്യയയില്‍ നിന്നുള്ള ഓഫറും അദ്ദേഹം സ്വീകരിച്ചേക്കാം.
അതേസമയം, പുതിയ സീസണിനായുള്ള മുന്നൊരുക്കത്തിലണ് ബാഴ്‌സ ക്യാമ്പ്. ഓഗസ്റ്റ് 14ന് ഗെറ്റാഫെക്കെതിരെ നടക്കുന്ന മത്സരത്തോടെയാണ് ബാഴ്‌സ പുതിയ സീസണിന് തുടക്കം കുറിക്കുന്നത്. ഗെറ്റാഫെയുടെ ഹോം സ്‌റ്റേഡിയമായ കൊളീസിയം അല്‍ഫോണ്‍സോ പെരെസാണ് വേദി.
ബാഴ്‌സയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡ് ജയത്തോടെ തങ്ങളുടെ പുതിയ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. എതിരില്ലാത്ത രണ്ട് ഗോളിന് അത്‌ലറ്റിക് ക്ലബ്ബിനെ തോല്‍പിച്ചാണ് റയല്‍ ക്യാംപെയ്‌ന് തുടക്കമിട്ടിരിക്കുന്നത്. റോഡ്രിഗോയും ജൂഡ് ബെല്ലിങ്ഹാമുമാണ് ലോസ് ബ്ലാങ്കോസിനായി സ്‌കോര്‍ ചെയ്തത്.
Content Highlight: Reports says Robert Lewandowski is not happy with Barcelona