ഐ.പി.എല്ലിന്റെ 16ാം സീസണ് കൊടിയേറാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. ടൂര്‍ണമെന്റിലെ മറ്റ് ഒമ്പത് ടീമുകളെ പോലെ കപ്പ് ലക്ഷ്യമിട്ടാണ് പഞ്ചാബ് കിങ്‌സ് ഇത്തവണ കളത്തിലിറങ്ങുന്നത്.
ടൂര്‍ണമെന്റ് ആരംഭിച്ച 2008 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായിട്ടും ഒറ്റ തവണ പോലും കിരീടം നേടാന്‍ സാധിക്കാത്ത ടീം എന്ന ചീത്തപ്പേര് മാറ്റിയെടുക്കാനുള്ള തീവ്ര ശ്രമങ്ങളാണ് പുതിയ ക്യാപ്റ്റന് കീഴില്‍ പഞ്ചാബ് നടത്തുന്നത്.
എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പഞ്ചാബ് കിങ്‌സിന് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിന്റെ ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോ ഈ സീസണ്‍ കളിക്കാന്‍ എത്തിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
6 കോടി 75 ലക്ഷം രൂപക്കായിരുന്നു പഞ്ചാബ് തങ്ങളുടെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്ററെ നിലനിര്‍ത്തിയത്. എന്നാല്‍ ഐ.പി.എല്‍ 2023ന് പകരം താരം നാഷണല്‍ ഡ്യൂട്ടി തെരഞ്ഞെടുക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ആഷസ് പരമ്പരക്ക് വേണ്ടിയാണ് താരം ഐ.പി.എല്ലിനോട് നോ പറയാന്‍ ഒരുങ്ങുന്നത്.
അതേസമയം, പഞ്ചാബ് കിങ്‌സ് വീണ്ടും പുതിയ ക്യാപ്റ്റനെ പരീക്ഷിക്കാനൊരുങ്ങുകയാണ്. 16ാം സീസണിനൊരുങ്ങുന്ന പഞ്ചാബ് കിങ്‌സിന്റെ 14ാം ക്യാപ്റ്റനായി ചുമതലയേറ്റെടുത്ത ശിഖര്‍ ധവാന് കീഴില്‍ പുത്തന്‍ ഉണര്‍വാണ് ടീമിനുള്ളത്.
ഇത്തവണ ഗബ്ബറിന് കീഴില്‍ തങ്ങളുടെ കന്നിക്കിരീടം ഉയര്‍ത്താം എന്ന ലക്ഷ്യമാണ് പഞ്ചാബിനുള്ളത്. ഏപ്രില്‍ ഒന്നിനാണ് കിങ്‌സിന്റെ ആദ്യ മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.