ഐ.സി.സി ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കണങ്കാലിന് പരിക്കേറ്റ താരത്തിന് ഇനിയും വിശ്രമം വേണ്ടി വന്നേക്കുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തിനിടെയാണ് പാണ്ഡ്യക്ക് കണങ്കാലിന് പരിക്കേല്‍ക്കുന്നത്. പരിക്കിന്റെ ആധിക്യത്താല്‍ എറിഞ്ഞിരുന്ന ഓവര്‍ പോലും പൂര്‍ത്തിയാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. വിരാട് കോഹ്‌ലിയാണ് ഓവറിലെ ശേഷിക്കുന്ന മൂന്ന് പന്തുകളും എറിഞ്ഞത്.
പരിക്കിന് പിന്നാലെ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ പാണ്ഡ്യക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ടീം ഇന്ത്യയിലെ നിര്‍ണായക സാന്നിധ്യമായിരുന്ന പാണ്ഡ്യയുടെ പരിക്ക് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാണ്ഡ്യക്ക് കൂടുതല്‍ മത്സരങ്ങളും നഷ്ടപ്പെടാന്‍ സാധ്യത കല്‍പിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തില്‍ മാത്രമല്ല, നവംബര്‍ രണ്ടിന് ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തിലും പാണ്ഡ്യ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളില്‍, സൗത്ത് ആഫ്രിക്കയോടും നെതര്‍ലന്‍ഡ്‌സിനോടുമുള്ള മത്സരത്തില്‍ ഹര്‍ദിക് ടീമിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഹര്‍ദിക് പാണ്ഡ്യ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പന്തെറിഞ്ഞു തുടങ്ങിയിട്ടില്ല.
പൂര്‍ണ ആരോഗ്യവാനായി എത്താന്‍ മാനേജ്‌മെന്റ് അദ്ദേഹത്തിന് കൂടതല്‍ സമയം നല്‍കിയേക്കുമെന്നും ഈഡന്‍ ഗാര്‍ഡന്‍സിലോ വാംഖഡെയിലോ നടക്കുന്ന മത്സരത്തില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചിലും വിജയിച്ചാണ് ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി തുടരുന്നത്. പത്ത് പോയിന്റാണ് ഇന്ത്യക്കുള്ളത്.
നാല് മത്സരങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഇന്ത്യക്ക് ഇനി ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെയും കരുത്തരായ സൗത്ത് ആഫ്രിക്കക്കെതിരെയും ഇന്ത്യക്ക് ഇനി കളിക്കാനുണ്ട്.
ഒക്ടോബര്‍ 29നാണ് ഇന്ത്യ തങ്ങളുടെ ആറാം മത്സരത്തിനിറങ്ങുന്നത്. ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് എതിരാളികള്‍.
Content Highlight: Reports says Hardik Panday may miss more matches