കെയ്‌റോ: ഫലസ്തീന്‍ എന്‍ക്ലേവില്‍ നിന്നും ഇസ്രഈലി സൈന്യം യുദ്ധ അഭയാര്‍ത്ഥികളെ പുറത്താക്കുമെന്ന ഭീതി പടരുന്നതിനിടെ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഗസയുടെ അതിര്‍ത്തില്‍ മതില്‍ പണിയാന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.
അസോസിയേറ്റഡ് പ്രസ്, ന്യൂയോര്‍ക് ടൈം അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മതില്‍ ഉയരുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. റഫയിലെ ഇസ്രഈലി ആക്രമണത്തില്‍ പലായനം ചെയ്യുന്ന ഗസ നിവാസികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു സുരക്ഷിത ബഫര്‍ സോണായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റഫയില്‍ നിന്നുമെത്തിയ ഫലസ്തീനികളെ ബലപ്രയോഗത്തിലൂടെ പുറത്താക്കരുതെന്ന് ഈജിപ്ത് ഇസ്രഈലിനോട് ആവശ്യപ്പെട്ടു.
ഇസ്രഈല്‍ നടത്തുന്ന അധിനിവേശത്തില്‍ നിന്നും പലായനം ചെയ്യുന്ന സിവിലിയന്‍മാര്‍ക്കുള്ള അവസാന അഭയകേന്ദ്രമായ റഫയില്‍ ഇസ്രഈല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) കരയാക്രമണത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 1.4 ദശലക്ഷം ഗസ നിവാസികള്‍ റഫയില്‍ അഭയം തേടിയിട്ടുണ്ട്.
ഹമാസിനെ വേട്ടയാടുന്നതിനിടയില്‍ എന്‍ക്ലേവിന്റെ ഭൂരിഭാഗവും ഇസ്രഈലി ഡിഫന്‍സ് ഫോഴ്‌സ് തകര്‍ത്തിട്ടുണ്ട്. പ്രാദേശിക ആരോഗ്യ അധികാരികളുടെ കണക്കനുസരിച്ച് ഏകദേശം 29,000 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു.
ഗസയുടെ തെക്കന്‍ അതിര്‍ത്തിക്കടുത്തുള്ള ബഫര്‍ സോണില്‍ അഞ്ച് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ മതില്‍ പണിയുമെന്നും ഇതിന് ഏകദേശം അഞ്ച് മീറ്റര്‍ (16 അടി) ഉയരമുണ്ടാകുമെന്നും ഈജിപ്ഷ്യന്‍ സൈന്യം നിയോഗിച്ച അജ്ഞാത കോണ്‍ട്രാക്ടറെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഈജിപ്തിലേക്ക് കടക്കാന്‍ ഐ.ഡി.എഫ് ഗസ നിവാസികളെ നിര്‍ബന്ധിക്കില്ലെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വെള്ളിയാഴ്ച അവകാശപ്പെട്ടു. ”ഈജിപ്തുമായുള്ള ഞങ്ങളുടെ സമാധാന കരാറിനെ ഞങ്ങള്‍ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്നു, അത് മേഖലയിലെ സുസ്ഥിരതയുടെ പ്രധാന പങ്കാളിയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.