മാക്രോണിനും എര്‍ദോഗനും ദല്‍ഹി ജുമാ മസ്ജിദില്‍ പ്രവേശനം നിഷേധിച്ച് കേന്ദ്രം; ഇമാമുമായി ചര്‍ച്ച നടത്താതിരിക്കാനെന്ന് റിപ്പോര്‍ട്ട്
national news
മാക്രോണിനും എര്‍ദോഗനും ദല്‍ഹി ജുമാ മസ്ജിദില്‍ പ്രവേശനം നിഷേധിച്ച് കേന്ദ്രം; ഇമാമുമായി ചര്‍ച്ച നടത്താതിരിക്കാനെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th September 2023, 10:20 am

ന്യൂദല്‍ഹി: ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനും ദല്‍ഹി ജുമാ മസ്ജിദില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചതായി റിപ്പോര്‍ട്ട്. വിവിധ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ന്യൂസ് 8 പ്ലസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചരിത്രപ്രസിദ്ധമായ ദല്‍ഹി ജുമാ മസ്ജിദിലേക്കുള്ള പ്രവേശനം നിഷേധിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ഷാഹി ഇമാമുമായുള്ള വിദേശ പ്രസിഡന്റുമാരുടെ കൂടിക്കാഴ്ചയും ചര്‍ച്ചയും തടയാനായിരുന്നു ഇവരെ വിലക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആതിഥേയ രാജ്യത്തിന്റെ വിലക്ക് കണക്കിലെടുത്ത ഇരു നേതാക്കളും ജുമാ മസ്ജിദ് സന്ദര്‍ശനം ഒഴിവാക്കുകയും ചെയ്തിരുന്നു. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇമാമുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ജി-20 ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കളെ സ്വാഗതം ചെയ്തുകൊണ്ട് പള്ളി മനോഹരമായി അലങ്കരിച്ചിരുന്നെങ്കിലും കാര്യമായ ഒരു പരിപാടിയും ജുമാ മസ്ജിദില്‍ വെച്ച് നടത്തിയിരുന്നില്ല.

ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ജോ ബൈഡന് മാധ്യമങ്ങളെ കാണാനുള്ള അവസരം നിഷേധിച്ചതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 

Content Highlight: Reports says Center denied entry to Macron and Erdogan in Juma Masjid