IPL
11 ജയവുമായി ഒന്നാമത് സഞ്ജുവിന്റെ രാജസ്ഥാന്‍, ഒന്ന് പോലും ജയിക്കാനാകാതെ സൂപ്പര്‍ കിങ്‌സ്; ശാപമൊഴിയുന്നില്ല
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 09, 11:27 am
Wednesday, 9th April 2025, 4:57 pm

തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ എല്‍ ക്ലാസിക്കോ മത്സരത്തില്‍ വിജയം സ്വന്തമാക്കിയതൊഴിച്ചാല്‍ സ്വന്തം മണ്ണിലും എതിരാളികളുടെ തട്ടകത്തിലും ചെന്നൈയ്ക്ക് തോല്‍വി മാത്രമായിരുന്നു വിധിച്ചത്.

കഴിഞ്ഞ ദിവസം പഞ്ചാബിനെതിരെ ന്യൂ ചണ്ഡിഗഢില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനായിരു ന്നു ചെന്നൈയുടെ തോല്‍വി. പഞ്ചാബ് ഉയര്‍ത്തിയ 220 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

യുവതാരം പ്രിയാന്‍ഷ് ആര്യയുടെ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് ഗെയ്ക്വാദിനും സംഘത്തിനും തുടര്‍ച്ചയായ നാലാം പരാജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന്റെ സ്‌കോര്‍ 180 കടന്നപ്പോഴേക്കും ചെന്നൈ ആരാധകരുടെ നെഞ്ചിടിച്ച് തുടങ്ങിയിരുന്നു. 2019ന് ശേഷം ഒരിക്കല്‍പ്പോലും 180+ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കാന്‍ സൂപ്പര്‍ കിങ്‌സിന് സാധിച്ചിട്ടില്ല എന്നത് തന്നെയാണ് ആരാധകരുടെ ആശങ്കകള്‍ക്ക് കാരണമായത്.

ഈ സീസണില്‍ പരാജയപ്പെട്ട നാല് മത്സരത്തിലും 180+ പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കാതെയാണ് ചെന്നൈ തോല്‍വിയേറ്റുവാങ്ങിയത്. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 197 പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്‌സ് 146 റണ്‍സിനാണ് പോരാട്ടം അവസാനിപ്പിച്ചത്. രാജസ്ഥാന്‍ റോയല്‍സ് 182 റണ്‍സിനും ദല്‍ഹി ക്യാപ്പിറ്റല്‍സ് 183 റണ്‍സിനും പുറത്തായപ്പോള്‍ യഥാക്രമം 176 റണ്‍സും 158 റണ്‍സുമാണ് ചെന്നൈയ്ക്ക് നേടാന്‍ സാധിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ 180 കടന്നെങ്കിലും അത് വിജയമാക്കി മാറ്റാന്‍ ചെന്നൈയ്ക്ക് സാധിച്ചിട്ടില്ല.

ആദ്യം ബാറ്റ് ചെയ്ത് പലപ്പോഴും ഇതിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ടെങ്കിലും, ചെയ്‌സിങ്ങില്‍ പലതവണ 180 കടന്നിട്ടുണ്ടെങ്കിലും ഒരിക്കല്‍പ്പോലും സക്‌സസ്ഫുള്‍ ചെയ്‌സിങ് നടത്താന്‍ സൂപ്പര്‍ കിങ്‌സിനെക്കൊണ്ടായിട്ടില്ല

2019ന് ശേഷം ഏറ്റവുമധികം തവണ 180+ ടാര്‍ഗെറ്റ് ചെയ്‌സ് ചെയ്ത വിജയിച്ച ടീമുകള്‍

(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

രാജസ്ഥാന്‍ റോയല്‍സ് – 11 തവണ

മുംബൈ ഇന്ത്യന്‍സ് – 8 തവണ

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 6 തവണ

ഗുജറാത്ത് ടൈറ്റന്‍സ് – 6 തവണ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 6 തവണ

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 5 തവണ

പഞ്ചാബ് കിങ്‌സ് – 4 തവണ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 3 തവണ

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 0

കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. ഏപ്രില്‍ 11ന് സ്വന്തം തട്ടകമായ ചെപ്പോക്ക് സ്‌റ്റേഡിയമാണ് വേദി.

സീസണില്‍ ചെപ്പോക്ക് സ്‌റ്റേഡിയവും സൂപ്പര്‍ കിങ്‌സിനെ തുണച്ചിട്ടില്ല. 2008ന് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും 2010ന് ശേഷം ദല്‍ഹി ക്യാപ്പിറ്റല്‍സും (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) ചെന്നൈയെ പരാജയപ്പെടുത്തിയിരുന്നു. കോട്ടകള്‍ തകരുന്ന സീസണില്‍ ചെപ്പോക്കിലെ മൂന്നാമങ്കത്തിലെങ്കിലും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

Content Highlight: IPL 2025: Since 2019 Chennai Super Kings never won a match while chasing 180+ total