IPL
അശ്വിനെതിരെയുള്ള അവന്റെ സിക്‌സര്‍ അമ്പരപ്പിച്ചു; പ്രശംസയുമായി അമ്പാട്ടി റായിഡു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 09, 10:47 am
Wednesday, 9th April 2025, 4:17 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മഹാരാജ യാദവേദ്രാ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് പഞ്ചാബ് വിജയിച്ചു കയറിയത്.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് പഞ്ചാബ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ആദ്യ ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് പഞ്ചാബിനെ കരകയറ്റിയത് 24കാരനായ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയാണ്. 42 പന്തില്‍ നിന്ന് ഒമ്പത് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 102 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഐ.പി.എല്‍ കരിയറിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയതിനൊപ്പം ഒട്ടനവധി റെക്കോഡുകളും താരം സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു പ്രിയാന്‍ഷിനെക്കുറിച്ച് സംസാരിക്കുകയാണ്. യുവ താരം ഇന്ത്യന്‍ ടീമിനൊപ്പമെത്തുമെന്നും താരത്തിന്റേത് മികച്ച പ്രകടമാണെന്നും റായിഡു പറഞ്ഞു. മാത്രമല്ല ആര്‍. അശ്വിനെ പ്രിയാന്‍ഷ് അടിച്ച സിക്‌സ് തന്നെ അമ്പരപ്പിച്ചെന്നാണ് റായിഡു പറഞ്ഞത്.

‘ടീം ഇന്ത്യയ്‌ക്കൊപ്പം പ്രിയാന്‍ഷിന് ഒരു നീണ്ട കരിയര്‍ ഉണ്ടാകും, കാരണം ആ യുവ ബാറ്റര്‍ക്ക് അതിനുള്ള എല്ലാ അര്‍ഹതയുമുണ്ട്. അവന്റെ ഷോട്ടുകള്‍ അതിശയിപ്പിക്കുന്നതായിരുന്നു. ആര്‍. അശ്വിന്റെ പന്തില്‍ അവന്‍ നേടിയ ഒരു സിക്സര്‍ എന്നെ അത്ഭുതപ്പെടുത്തി. പ്രിയാന്‍ഷ് ഒരു പ്രത്യേക പ്രതിഭയാണ്,’ അമ്പാട്ടി റായിഡു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

നേരിട്ട 39ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാകാനും ഐ.പി.എല്ലില്‍ വേഗതയേറിയ സെഞ്ച്വറി നേടുന്ന ആദ്യത്തെ അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരമാകാനും, ഐ.പി.എല്ലില്‍ ചെന്നൈക്കെതിരെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന താരമാകാനും പ്രിയാന്‍ഷിന് സാധിച്ചു.

Content Highlight: IPL 2025: Ambati Rayudu Talking About Priyansh Arya