നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയിക്കാന്‍ ഊര്‍ജസ്വലനായ അവതാരകനായി നികേഷ് വീണ്ടുമെത്തുന്നു, നികേഷിന്റെ സ്വപ്‌നമായ റിപ്പോര്‍ട്ടര്‍ ചാനലില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഒറ്റയ്ക്കിരുന്നു വിളിച്ചു പറയുന്ന നികേഷിനെയാണ് നാം ഇതിനു മുമ്പ് കണ്ടത്.
ഇന്ത്യാവിഷനില്‍, സാങ്കേതികസൗകര്യങ്ങളുടെ പരിമിതി വിളിച്ചോതുന്ന ഒരു ഫ്രെയിമില്‍. പല ഫലങ്ങളും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നികേഷ് അന്നു ദീര്‍ഘനേരം കണ്ണടയ്ക്കുന്നു പോലുമുണ്ടായിരുന്നു. ടെലിവിഷന്‍ നിയമാവലിയില്‍ ഒരിക്കലും അനുവര്‍ത്തിക്കാന്‍ പാടില്ലാത്ത ഒരു ചട്ടലംഘനം. അതു നന്നായി അറിയുമായിരുന്നിട്ടും നികേഷ് എന്തുകൊണ്ട് ആ തെറ്റ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു, അതും പലവട്ടം?
തനിച്ചായി എന്ന തോന്നലാകാമോ? മറ്റു ന്യൂസ് ചാനലുകള്‍ സാങ്കേതിക മികവുകൊണ്ടും ഗ്രാഫിക് ശബളിമ കൊണ്ടും കാഴ്ചക്കാരനു വിരുന്നൊരുക്കുമ്പോഴായിരുന്നു അത്. ഒരു തെരുവോര കച്ചവടക്കാരന്റെ ആളെക്കൂട്ടല്‍ വിദ്യപോലെ നികേഷിന്റെ ഏകാംഗയത്‌നം.
ഫലപ്രഖ്യാപനത്തിന്റെ കുത്തൊഴുക്കു കഴിഞ്ഞു. പിന്നെയാണ് ന്യൂസ് ചാനലുകള്‍ക്ക് അഗ്‌നിപരീക്ഷ. ജനവിധി പ്രേക്ഷകനിലേയ്ക്ക് എത്തിച്ചവരില്‍ മുമ്പനാരെന്ന് അറിയാന്‍ ടാം റേറ്റിങ് റിപ്പോര്‍ട്ടിനായുള്ള കാത്തിരിപ്പ്. ഒടുവില്‍ റേറ്റിങ് വന്നു. നികേഷ് ഒന്നാമത്. ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നാമതെത്താന്‍ നികേഷിനേ ആകൂ എന്ന് നികേഷല്ല മറ്റുള്ളവര്‍ മനസിലാക്കിയ ദിവസമായിരുന്നു അത്.
ചാനല്‍ തലവന്മാര്‍ വിസ്മയിച്ചു നിന്നുപോയ ദിവസം. കൂടുതല്‍ കാലവും വിപദിധൈര്യം മാത്രം കൂട്ടിനുണ്ടായിരുന്ന ഇന്ത്യാവിഷന്‍ എന്ന ന്യൂസ് ചാനല്‍ വിപ്ലവത്തിന്റെ ശില്‍പി ഒരിടവേളയ്ക്കു ശേഷം വീണ്ടും എത്തുമ്പോള്‍ അതൊരു വിപല്‍സന്ദേശമായി കരുതുന്നവര്‍ അതുകൊണ്ട് ചെറുതല്ല.
ഇവന്‍ ഇനി എന്ത് അത്ഭുതം സൃഷ്ടിക്കാനെന്ന എഴുതിത്തള്ളലിനടിയിലെ മനശാസ്ത്രവും ഒരു നികേഷ് ഫോബിയ തന്നെ. ചുരുക്കത്തില്‍ മാധ്യമ മുതലാളിമാര്‍ ഭയക്കുന്നതും നികേഷിനെ ഇഷ്ടപ്പെടുന്നവര്‍ കാത്തിരിക്കുന്നതും ഒറ്റക്കാര്യം അറിയാനാണ്. ഒന്നാമതെത്തുമോ നികേഷും നികേഷിന്റെ സ്വന്തം ചാനല്‍ റിപ്പോര്‍ട്ടറും?
കഴിഞ്ഞ വര്‍ഷം സെപ്തംബറോടെയാണ് നികേഷ് ഇന്ത്യാവിഷന്‍ വിട്ടത്. നാലു മാസം കൊണ്ട് പുതിയ ചാനല്‍ തുടങ്ങാനായിരുന്നു തീരുമാനം. എന്നുവച്ചാല്‍ ജനുവരിയോടെ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അപ്പോഴേക്കാവും. ന്യൂസ് ചാനലിനെ സംബന്ധിച്ച് പിറവിക്കു പറ്റിയ മുഹൂര്‍ത്തം. ഒറ്റയ്ക്കു കയറിയിറങ്ങി നികേഷ് ദഡല്‍ഹിയിലെ മന്ത്രാലയങ്ങള്‍. ഒറ്റ ലക്ഷ്യം. ലൈസന്‍സ് സമ്പാദിക്കല്‍. അതിന്റെ ക്ലേശം ഒരിക്കല്‍ക്കൂടി മനസിനെ മഥിച്ചതുകൊണ്ടാവാം നികേഷ് തുറന്നു പറഞ്ഞു അന്നു സഹായിച്ചത് ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മാത്രം.
ചാനലിനു പണംമുടക്കികളാകുന്നവരെപ്പറ്റി നികേഷിനു പോലുമറിയാത്ത കാര്യങ്ങള്‍ ആധികാരികതയോടെ ദല്‍ഹിയിലെ അകത്തളങ്ങളില്‍ വരെ എത്തിക്കാന്‍ നിരവധിപേര്‍ കച്ചകെട്ടിയിറങ്ങിയതും ഇതേ കാലത്തുതന്നെ. എന്തൊക്കെയായിരുന്നു. എന്‍.ഡി.എഫ് ബാന്ധവം. പാക്കിസ്ഥാനില്‍ നിന്നും ഗള്‍ഫ് മേഖലയില്‍ നിന്നും രാജ്യദ്രോഹികളുടെ സാമ്പത്തിക സഹായം. ഫലമോ? രാജ്യസുരക്ഷയെ കരുതി ഒരിക്കലും ലൈസന്‍സ് അനുവദിക്കരുതേ എന്ന് ആഭ്യന്തരമന്ത്രാലയത്തോട് അര്‍ഥിച്ചുകൊണ്ടുള്ള എഴുപതോളം കത്തുകള്‍.
അത്ഭുതം തോന്നിയെന്ന് നികേഷ് തന്നെ സമ്മതിക്കുന്നു തന്നോടുള്ള ആരുടെയൊക്കെയോ ശത്രുതയുടെ വ്യാപ്തി കണ്ടിട്ട്. നികേഷിന്റെ റിപ്പോര്‍ട്ടര്‍ ചാനലിന് എന്‍.ഡി.എഫ് ബന്ധമെന്ന കഥയുടെ കാരണവും ഇവിടെ പറഞ്ഞുപോകുന്നത് ഉചിതമാകും. ചാനല്‍ ഓഫീസ് ഉദ്ഘാടനത്തിനു ക്ഷണിക്കപ്പെട്ട മറ്റു പലര്‍ക്കുമൊപ്പം ചാനല്‍ ചര്‍ച്ചകളില്‍ സജീവമായ എന്‍.ഡി.എഫ് നേതാവ് നസറുദീന്‍ എളമരവും ഉണ്ടായിരുന്നു.
വേദിയില്‍ അതിഥികള്‍ കുറവായിരുന്നതുകൊണ്ട് സദസില്‍ നിന്നു വേദിയിലേയ്ക്കു കയറിയിരുന്നവരില്‍ നസറുദീനും ഉള്‍പ്പെട്ടു. തീര്‍ത്തും യാദൃശ്ചികം. കല്ലുകടിയുടെ തുടക്കം പക്ഷെ അവിടെ നിന്നായിരുന്നു. നസറുദ്ദീന് വേദിയില്‍ കിട്ടിയ സ്വീകാര്യതയായി റിപ്പോര്‍ട്ടറിനുള്ള എന്‍.ഡി.എഫ് ബന്ധത്തിന്റെ ഉത്തമ തെളിവ്. ആ കഥ പറഞ്ഞു പോകുമ്പോള്‍ നികേഷിനു ചിരി. ദുഷ്പ്രചാരണം തെല്ലും ബാധിച്ചില്ലെന്ന കൂസലില്ലായ്മ.
കടമ്പകള്‍ കടന്നു പക്ഷെ മുന്നോട്ടു തന്നെ ചുവട്. ഒടുക്കം എട്ടുമാസത്തെ അവിരാമ യത്‌നത്തിന് ഫലശ്രുതി. റിപ്പോര്‍ട്ടറിന് ലൈസന്‍സ്. രാജ്ദീപ് സര്‍ദേശായിയെപ്പോലൊരു മാധ്യമപ്രമുഖന്് ടി.വി. 18 ഗ്രൂപ്പിനു താഴെ ആയിരുന്നിട്ടു പോലും എട്ടുമാസം വേണ്ടിവന്നതാണ് ഒറ്റയാനായ താനും അത്രതന്നെ കാലയളവുകൊണ്ടു നേടിയെടുത്തതെന്ന് നികേഷ് സാഭിമാനം പറയുന്നു.
കണ്ണടയ്ക്കാതെ ലോകത്തിന്റെ തുറന്ന ഫ്രെയിമില്‍ പുഞ്ചിരിയോടെ. ഇന്ത്യയില്‍ ഈ വര്‍ഷം ന്യൂസ് ചാനല്‍ തുടങ്ങാന്‍ ആദ്യ ലൈസന്‍സ് കിട്ടിയതും റിപ്പോര്‍ട്ടറിനാണ്. പിന്നെ മാതൃഭൂമിക്കും. നികേഷ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ എന്താണെന്ന് അറിയാന്‍ നികേഷിന്റെ ഇന്ത്യാവിഷന്‍ കാലത്തിലേയ്ക്ക് നമുക്ക് ആദ്യം സഞ്ചരിച്ചേ മതിയാകൂ.
ചോദ്യം :ഇന്ത്യാവിഷന്‍ തുടങ്ങുന്ന സമയത്തെ അനുഭവം ലൈസന്‍സ് നേടാന്‍ സഹായകമായിട്ടുണ്ടാകും അല്ലേ? എവിടെ പോകണം, ആരെ കാണണം എന്നൊക്കെ നേരത്തേ അറിയാമായിരിക്കുമല്ലോ?
ഉത്തരം: ഇന്ത്യാവിഷന് ലൈസന്‍സ് കിട്ടിയത് എങ്ങനെയാണെന്ന് എനിക്കറിയില്ല. ആ ഘട്ടമൊക്കെ കഴിഞ്ഞാണ് ഞാന്‍ ജോയിന്‍ ചെയ്യുന്നത്. കൃത്യമായി പറഞ്ഞാല്‍ ചാനല്‍ എയറിലേയ്ക്കു വരുന്നതിനു നാലു മാസം മുമ്പു മുതല്‍ക്കാണ് ഞാന്‍ ഇന്ത്യാവിഷന്റെ ഭാഗമാകുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ സീനിയര്‍ സബ് എഡിറ്ററായിരുന്ന ഞാന്‍ ഇരുപത്തിയെട്ടാം വയസില്‍ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായി. ഇന്ത്യയില്‍ ഒരു പക്ഷെ ഈ പ്രായക്കാരന്‍ ആദ്യമായി ഒരു ചാനല്‍ തലപ്പത്തെത്തുന്നത് നമ്മുടെ നാട്ടിലാകും.
ചോദ്യം: എങ്ങനെയാണ് മുനീര്‍ നികേഷിനെ കണ്ടെത്തിയത്?
ഉത്തരം: വെങ്കിടേഷ് രാമകൃഷ്ണനായിരുന്നു ആദ്യം എന്റെ സ്ഥാനത്ത്. കൈ ക്യാമറയുമായി വെങ്കിടി അതിന്റെ പ്രാരംഭ ജോലികള്‍ക്കു തുടക്കമിടുകയും ചെയ്തു. എന്നാല്‍ പൂര്‍ണതോതിലുള്ള ഒരു പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കാന്‍ എന്തുകൊണ്ടോ വെങ്കിടിക്കു കഴിയാതെ പോയി. ഈ ഘട്ടത്തിലാണ് അന്നു ചീഫ് പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ആയിരുന്ന എം.ടി ചെറുപ്പക്കാരനായ ഒരാള്‍ ചുമതല ഏല്‍ക്കുന്നതാകും നല്ലതെന്ന്് ചാനല്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. ഏഷ്യാനെറ്റില്‍ നിന്നു വന്ന് സി.ഇ.ഒ ആയി ചുമതലയേറ്റ ടി.കെ.വിഭാകറാണ് എന്റെ പേര്‍ നിര്‍ദേശിച്ചത്. ന്യൂസിന്റെ എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചു പരിചയമുള്ള ആളാണ് ഞാനെന്ന് വിഭാകര്‍ പറഞ്ഞു. അങ്ങനെ ദല്‍ഹിയില്‍ റിപ്പോര്‍ട്ടിങ്ങിലായിരുന്ന എനിക്ക് കേരള ഹൗസിലെത്തിയ മുനീറിന്റെ കോള്‍ വരുന്നു. അവിടെ നിന്നാണ് പുതിയ തുടക്കം.
ചോദ്യം: എം.വി.ആറിന്റെ മകനെന്ന പ്രത്യേകത. എം.വി.ആറിന് ഓഹരിയുണ്ടെന്ന പരിഗണന. ഇതു രണ്ടുമാണ് നികേഷ് ഒരു ചോയ്‌സ് ആയതിനു പിന്നിലെന്നും കേട്ടിട്ടുണ്ടല്ലോ?
ഉത്തരം: ഞാനും കേട്ടിട്ടുണ്ട്. അതിനുള്ള രണ്ടു മറുപടികള്‍ ഇതാണ്. രാഷ്ട്രീയപ്രവര്‍ത്തകന്റെ മകനായിരിക്കുക എന്നത് മാധ്യമപ്രവര്‍ത്തകന് എന്നും നെഗറ്റീവ് മാര്‍ക്കായിരിക്കും. നമ്മുടെ നിഷ്പക്ഷത എപ്പോഴും സംശയാസ്പദമായിരിക്കും. രണ്ടാമതായി എം.വി.ആറിന് ഇന്ത്യാവിഷനില്‍ ഒരു രൂപയുടെ പോലും ഓഹരിയില്ല.
ചോദ്യം: ഇന്ത്യാവിഷനില്‍ പുതിയ ചുമതലക്കാരനാകാന്‍ പോയത് എന്തായാലും എം.വി.ആറിന്റെ സമ്മതത്തോടെ ആകുമല്ലോ?
ഉത്തരം: അച്ഛന് ഞാന്‍ ഏഷ്യാനെറ്റ് വിടുന്നതിനോട് എതിര്‍പ്പായിരുന്നു. അമ്മയും സഹോദരങ്ങളും ഇതേ അഭിപ്രായക്കാരായിരുന്നു. ഉള്ള കഞ്ഞി കളയണോ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. മാത്രമല്ല അച്ഛന്് മുനീറിന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യത്തെപ്പറ്റി തീരെ മതിപ്പില്ലായിരുന്നു. മന്ത്രിസഭായോഗത്തില്‍ തൊട്ടടുത്താണ് ഇരുവരും ഇരിക്കാറ്. യോഗം നടക്കുമ്പോള്‍ അച്ഛന്‍ കണ്ടിട്ടുള്ളത് മുനീര്‍ കടലാസില്‍ എന്തെങ്കിലും ചിത്രം വരച്ചുകൊണ്ടിരിക്കുന്നതാകും. തീരെ സഹൃദയനല്ലാത്തതുകൊണ്ട് അച്ഛന് അതു സഹിക്കുമായിരുന്നില്ല.
ചോദ്യം: എന്നിട്ടും വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറായത്?
ഉത്തരം: ഏഷ്യാനെറ്റ് ന്യൂസിലെ അനുഭവ പരിചയം. തെക്കേ ഇന്ത്യയിലെ പ്രധാന ചാനല്‍ അന്ന് ഏഷ്യാനെറ്റ് ആണ്. അതുകൊണ്ടുതന്നെ എല്ലാ വലിയ വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്യണം. ആഗ്ര ഉച്ചകോടി. അതിനു ശേഷം മുഷാറഫിന്റെ ഇസ്ലാമാബാദ് വാര്‍ത്താസമ്മേളനം. സാര്‍ക് ഉച്ചകോടി. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം അതിര്‍ത്തിയില്‍ നിന്നുള്ള റി്‌പ്പോര്‍ട്ടിങ്. ഗുജറാത്ത് കലാപത്തിനു ശേഷമുള്ള നാളുകളില്‍ ഗുജറാത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മൂന്നാം മുന്നണിയും സുര്‍ജിത്തിന്റെ വസതി കേന്ദ്രീകരിച്ചു നടന്ന രാഷ്ട്രീയ സംഭവ വികാസങ്ങളും. മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ സ്ഫുടപാകം ചെയ്യപ്പെടുകയായിരുന്നു. അന്നു ദേശീയ വാര്‍ത്താ ചാനലുകള്‍ മാത്രമാണ് ദല്‍ഹിയിലെ കണ്ണായ സ്ഥലങ്ങളില്‍ നിന്നു ലൈവ് ഷാകള്‍ ചെയ്യുക. ന്യൂസ് ചാനലുകളുടെ ശക്തി കണ്ട് അമ്പരന്ന്് കണ്ണും വായും പൊളിച്ചു നിന്നു മടങ്ങുകയായിരുന്നു പതിവ്. അന്നത്തെ താരങ്ങള്‍ പലരും ഇന്ന് കറപുരണ്ടവരായിരിക്കുന്നു.
ചോദ്യം: പ്രതിബദ്ധതയുള്ള ടീമായിരുന്നു എന്നും ഇന്ത്യാവിഷന്റെ ശക്തി. എങ്ങനെയായിരുന്നു അതിന്റെ രൂപീകരണം?
ഉത്തരം: പുതിയ അനുഭവമെന്ന നിലയില്‍ റിപ്പോര്‍ട്ടര്‍മാര്‍ പങ്കാളികളാവുകയായിരുന്നു. അയ്യായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ വാഗ്ദാനം ചെയ്താണ് റിക്രൂട്ടിങ് നടത്തിയത്. അന്നു നിലവിലുള്ള മാര്‍ക്കറ്റ് അനുസരിച്ച് വലിയ സംഖ്യയായിരുന്നു ഓഫര്‍ ചെയ്തത്. രണ്ടായിരത്തി മൂന്നിലെ കാര്യമാണ്. അന്ന് എനിക്ക് നാല്‍പതിനായിരം രൂപയായിരുന്നു ശമ്പളം.
ചോദ്യം: പിന്നീട് ശമ്പളം മുടങ്ങാനും തുടങ്ങിയല്ലോ. അപ്പോഴോ?
ഉത്തരം: ആദ്യം ശമ്പളം വൈകാന്‍ തുടങ്ങി. പിന്നെ മുടങ്ങാനും. നാലു മാസത്തോളം തുടര്‍ച്ചയായി മുടങ്ങിയതാണ് ആദ്യ പ്രതിസന്ധി ഘട്ടം. അന്നും പക്ഷെ എല്ലാവരും ജോലി ചെയ്യാന്‍ തയാറായിരുന്നു. അത്യാവശ്യം നാള്‍ കഴിക്കാന്‍ വേണ്ടതു കിട്ടിയാല്‍ മതിയായിരുന്നു എല്ലാവര്‍ക്കും. ചാനലില്‍ തന്നെ പിടിച്ചു നിര്‍ത്തുന്നതായിരുന്നു അവരെ സംബന്ധിച്ച് അതിനേക്കാള്‍ വലിയ കാരണങ്ങള്‍. സ്വതന്ത്ര മാധ്യമ സ്ഥാപനത്തില്‍ പണിയെടുക്കുന്നു എന്ന അഭിമാനം. അതിലെ നിഷ്പക്ഷ നിലപാടുകള്‍ക്ക് സ്വാഭാവികമായും തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്ന മനസിലാക്കല്‍. അവനവന്റെ കഴിവിനെ പുറത്തു കാണിക്കാന്‍ കഴിയുന്നു എന്ന സാധ്യത. അതൊരു ശക്തിയായി തീരുന്നു എന്ന ബോധ്യം. ഇതായിരുന്നു ഓരോ ഇന്ത്യാവിഷന്‍കാരനെയും മുന്നോട്ടു നയിച്ച മനോഘടന. ഇന്ന് അങ്ങനെയൊന്നു സ്വപ്‌നം കാണാന്‍ കഴിയില്ല. ആ കാലം കഴിഞ്ഞു.
ചോദ്യം: തുടര്‍ന്ന് പരസ്യവരുമാനം കൂടിയിട്ടും പ്രതിസന്ധി ഒഴിഞ്ഞില്ലല്ലോ?
ഉത്തരം: ഇന്ത്യാവിഷന്‍ കൊണ്ടുവന്ന മാധ്യമവിപ്ലവം അറിയാത്തതായി ആ സ്ഥാപനത്തില്‍ ഒറ്റ ഡിപ്പാര്‍ട്‌മെന്റേ ഉണ്ടായിരുന്നുള്ളൂ. മാര്‍ക്കറ്റിങ് വിഭാഗം. ഇന്ത്യാവിഷന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് മൂന്നു കാരണങ്ങളാണ്്. മാനേജുമെന്റിന്റെ ദൗര്‍ബല്യമായിരുന്നു ഒന്നാമത്തേത്. സി.ഒ.ഒയുടെ ചില നടപടികളായിരുന്നു രണ്ടാമത്തെ ദൗര്‍ബല്യം. പിന്നെ നേരത്തെ സൂചിപ്പിച്ച പോലെ മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ പരാജയവും. പോരായ്മകള്‍ തിരിച്ചറിഞ്ഞപ്പോള്‍ വൈകിപ്പോയിരുന്നു.
ചോദ്യം: പ്രതിസന്ധി മൂര്‍ച്ഛിച്ച് ഒടുവില്‍ ചാനല്‍ തന്നെ ഓഫ് എയര്‍ ആയിപ്പോയ സന്ദര്‍ഭവും ഉണ്ടായില്ലേ? എങ്ങനെ നേരിട്ടു?
ഉത്തരം: ചാനലിന്റെ എല്ലാ ഉപകരണങ്ങളും വാടകയ്ക്ക് എടുത്തവയായിരുന്നു. വാടക കുടിശികയുടെ അവധി നീണ്ടപ്പോള്‍ ഒരു ദിവസം എല്ലാ ഉപകരണങ്ങളും എടുത്തുകൊണ്ടുപോയി. പിന്നീട് തായ്‌കോമിന്റെ സാറ്റലൈറ്റും ഓഫായി. ദിവസങ്ങളോളം ചാനല്‍ അപ്രത്യക്ഷമായി. കേബിള്‍ ഇരിപ്പിടത്തില്‍ അതുവരെയുണ്ടായിരുന്ന നമ്മുടെ ചാനല്‍ കാണാതായ നാളുകള്‍. എന്നിട്ടും ഞാന്‍ പ്രതീക്ഷയോടെ അസമയത്തു പോലും ഉണര്‍ന്ന് തിരഞ്ഞിട്ടുണ്ട് ഒരത്ഭുതം പോലെ അതു വീണ്ടും കണ്മുന്നില്‍ തെളിയുമെന്ന്….
ചോദ്യം: തളര്‍ന്നുപോയോ?
ഉത്തരം: ഇല്ല. ഇന്ത്യാവിഷന് അങ്ങനെ അവസാനിക്കാന്‍ കഴിയില്ല. അതുകൊണ്ട് തിരിച്ചുവരുമെന്ന് എനിക്കുറപ്പായിരുന്നു.
ചോദ്യം: അനിശ്ചിതത്വത്തിന്റെ നാളുകളില്‍ മടുപ്പ് ബാധിച്ചിരുന്നോ?
ഉത്തരം: ഒരിക്കല്‍പോലുമില്ല. അതായിരുന്നു എന്റെ ജീവിതം. കുടുംബത്തില്‍ ജീവിച്ചതിനേക്കാള്‍ എന്റെ ശ്വാസം വീണത് ന്യൂസ് റൂമിലാണ്.
ചോദ്യം: കുടുംബം?
ഉത്തരം: കുടുംബം നടന്നുപോയി. കുടുംബത്തില്‍ സന്തോഷം തിരയുന്ന ആളല്ല ഞാന്‍. കുടുംബത്തില്‍ കൂടുതല്‍ നേരം ചിലവിട്ടാല്‍ എനിക്ക് ഈ സംതൃപ്തി കിട്ടാനും പോകുന്നില്ല.
ചോദ്യം: റാണി പരാതിപ്പെട്ടിട്ടില്ലേ?
ഉത്തരം: എന്തിന്? റാണിയെ ഞാന്‍ കണ്ടതും ന്യൂസ് റൂമിലായിരുന്നില്ലേ. അതില്‍ നിന്നു വിഘടിച്ചുള്ള ജീവിതത്തിന്റെ അര്‍ഥം പിന്നെ തിരയേണ്ട ആവശ്യമെന്ത്?
ചോദ്യം: ശങ്കരന്‍ വന്നപ്പോഴോ? മകനുമായി നേരം ചിലവിടുന്നില്ലെന്ന വിഷമം വന്നുകാണില്ലേ എപ്പോഴെങ്കിലും?
ഉത്തരം: ഇല്ല. ശങ്കരന്‍ ഓഫീസില്‍ ഉണ്ടാകാറുണ്ട്. അവനുമായി നേരം ചിലവിടുന്നില്ല, അവനെയും കൊണ്ടു പുറത്തുപോകണം അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ അച്ഛനും അങ്ങനെതന്നെയായിരുന്നു. കുട്ടികളോട് അറ്റന്റീവ് ഒന്നുമായിരുന്നില്ല. അതിന് ന്യായീകരണം പറയാനും അച്ഛന്‍ നിന്നിട്ടില്ല. അച്ഛന്‍ ഒരു വലിയ രാഷ്ട്രീയ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന്്് ഞങ്ങളും മനസിലാക്കി.
ചോദ്യം: സിപിഎമ്മില്‍ നിന്നു പുറത്തായ എം.വി.ആര്‍ ഒരു പരാജയമാണെന്ന് മകനെന്ന നിലയില്‍ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഉത്തരം: ഇല്ല. ജയിച്ച അച്ഛനായിട്ടാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. അഭിപ്രായം പറഞ്ഞുകൊണ്ടാണ് എന്റെ അച്ഛന്‍ ഇറങ്ങിപ്പോയത്. ഇന്നു പലരും ഇറങ്ങിപ്പോകാന്‍ വഴി കണ്ടുപിടിച്ച പോലെ സ്ഥാനത്തിന്റെയോ മതത്തിന്റെയോ പേരിലായിരുന്നില്ല അത്. നിന്നാല്‍ മുഖ്യമന്ത്രി അല്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറി ആകേണ്ടിയിരുന്ന ആളാണ് അച്ഛന്‍. പോയത് മണ്ടത്തരമായിരുന്നില്ല. സ്ഥാനങ്ങളല്ല നിലപാടുകളാണ് പ്രധാനം. അതില്‍ ഉറച്ചു നില്‍ക്കലാണ് വെല്ലുവിളി.
ചോദ്യം: ഇന്ത്യാവിഷനില്‍ ഉറച്ച നിലപാടുകളോടെ മകനും വളരുന്നത് അച്ഛന്‍ അറിഞ്ഞിരുന്നില്ലേ?
ഉത്തരം: ചാനലിന്റെയും എന്റെയും പോപ്പുലാരിറ്റി ഉയരുന്നതൊക്കെ മൂപ്പര്‍ അറിഞ്ഞിരുന്നു. ഒന്നും പറഞ്ഞിട്ടില്ലെന്നു മാത്രം.
ചോദ്യം: എപ്പോഴാണ് വിടാന്‍ തീരുമാനിച്ചത്?
ഉത്തരം: ഇന്ത്യാവിഷന്റെ നടത്തിപ്പിനോടുള്ള എന്റെ വിയോജിപ്പുകള്‍ ഏറിവന്നു. ചാനലിനെ വളര്‍ത്താനുള്ള പദ്ധതികള്‍ ചര്‍്ച്ച ചെയ്തു പിരിയല്‍ മാത്രം മുറയ്ക്കു നടന്നു. ഒന്നും നടപ്പാകുന്ന ലക്ഷണം മാത്രമില്ല. മാനേജുമെന്റിന് പലപ്പോഴും ജേര്‍ണലിസ്റ്റിന്റെ ആവശ്യങ്ങള്‍ ന്യായമാണെന്നു ബോധ്യപ്പെടാന്‍ വിഷമമാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് നടത്തിപ്പിലും മാധ്യമപ്രവര്‍ത്തകന്റെ ഇടപെടല്‍ ആവശ്യമാണെന്ന ഉറച്ച നിലപാടിലേയ്ക്ക് ഞാന്‍ എത്തിയത്. അപ്പോഴാണ് വിടാനുള്ള എന്റെ ആഗ്രഹം ഞാന്‍ മുനീറിനോടു തുറന്നു പറയുന്നതും.
ചോദ്യം: എന്തായിരുന്നു പ്രതികരണം?
ഉത്തരം: മുനീര്‍ അപ്‌സെറ്റായി. ഞാന്‍ ഇവിടിരുന്നു തേഞ്ഞുപോകുമെന്നും ഇന്ത്യാവിഷനിലെ എന്റെ റോള്‍ കഴിഞ്ഞെന്നും അദ്ദേഹത്തെ മനസിലാക്കിക്കാനായിരുന്നു എന്റെ യത്‌നം. എന്നാല്‍ ഗള്‍ഫില്‍ ചാനല്‍ തുടങ്ങിക്കോളാനായിരുന്നു മുനീറിന്റെ മറുപടി. വെബ്‌സൈറ്റും തുടങ്ങാം. രണ്ടിലും കൂടുതല്‍ ഓഹരിമൂല്യവും മുനീര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അത് ആത്യന്തികമായി താല്‍പര്യ സംഘട്ടനത്തിലേയ്്ക്കു പോകുമെന്നു കണ്ട ഞാന്‍ സ്‌നേഹപുരസരം ആ വാഗ്ദാനം തള്ളി. പകരം ംവിധാനം വരുംവരെ നില്‍ക്കാമെന്ന് ഉറപ്പു നല്‍കുക മാത്രം ചെയ്തു. ഇക്കാര്യം പുറത്ത് അറിയരുതെന്നായിരുന്നു മുനീറിന്റെ അ്ഭ്യര്‍ഥന.
ചോദ്യം: അതുപക്ഷെ നികേഷ് ചെവിക്കൊണ്ടില്ലല്ലോ. മാതൃഭൂമിയില്‍ നികേഷ് പിന്നെന്തിനു ചാനല്‍ വിടുന്നെന്ന വാര്‍ത്ത നല്‍കി?
ഉത്തരം: അത് അപ്പോഴല്ല. പകരംസംവിധാനത്തിന്റെ കാര്യത്തില്‍ വ്യക്തത വന്ന ശേഷമായിരുന്നു. മുമ്പ് ഒരവസരത്തില്‍ ഞാന്‍ വാര്‍ത്ത നല്‍കാന്‍ പോയതാണ്. അന്നത്് അച്ചടിമഷി പുരളും മുമ്പ് ഞാന്‍ തന്നെ ഇടപെട്ടു പിന്‍വലിച്ചത് പുറത്തറിയരുതെന്ന നേരത്തേ സൂചിപ്പിച്ച മുനീറിന്റെ അ്ഭ്യര്‍ഥന മാനിച്ചായിരുന്നു. പിന്നീടാണ് ശരിക്കുള്ള പത്രവാര്‍ത്ത വന്നത്്. അതു ഞാന്‍ ചെയ്തത് കേരള സമൂഹത്തോടുള്ള ഭയംകൊണ്ടാണ്.
ചോദ്യം: എന്തു ഭയം?
ഉത്തരം: ഊഹാപോഹങ്ങളുടെ സിറ്റിയാണ് കേരളം. അപ്പോള്‍ നാം ഒന്നു സേയ്ഫ് ആകണം. ഒരു പ്രോജക്ട്് കൃത്യമായി അവതരിപ്പിച്ചില്ലെങ്കില്‍ നമ്മള്‍ ഉദ്ദേശിക്കുന്നതാവില്ല ചര്‍ച്ചയാവുന്നത്. അതുകൊണ്ട് എന്റെ മനസില്‍ എന്താണോ അതു കേരളത്തോടു തുറന്നു പറയുക എന്നതായിരുന്നു എന്റെ താല്‍പര്യം. ഞാന്‍ അതു ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.
ചോദ്യം: ഇത്തവണ എം.വി.ആറിന്റെ നിലപാട് എന്തായിരുന്നു?
ഉത്തരം: ഇന്ത്യാവിഷന്‍ വിടുന്നു എ്ന്നത് എന്നെ സംബന്ധിച്ച് അച്ഛനെ അറിയിക്കാനുള്ള രണ്ടാമത്തെ കാര്യം മാത്രമായിരുന്നു. ആദ്യത്തേത് എന്റെ പുതിയ ലക്ഷ്യമെന്താണെന്നതായിരുന്നു. കേട്ടു. അത്രമാത്രം. കൂടുതല്‍ കഥകള്‍ക്കും ഇപ്പോള്‍ വഴിയില്ലല്ലോ. എം.എല്‍.എ പോലുമല്ല. കൂടാതെ അനാരോഗ്യവും. അടുത്ത സുഹൃത്തുക്കളോടും മനസു തുറന്നു.
ചോദ്യം: ചാനല്‍ തുടങ്ങാന്‍ പരമപ്രധാനം പണമാണ്. പണം ഏതുവഴിക്കു വന്നു?
ഉത്തരം: മുഴുവന്‍ ലോണാണ്. ഈടുകൊടുക്കാന്‍ ഒന്നുമില്ലെന്നതായിരുന്നു ഏറ്റവും വലിയ വിലങ്ങുതടി. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ് ഇതു സംഘടിപ്പിച്ചത്. ഈടിന്റെ കാര്യത്തില്‍ ഒരു ഇന്‍വെസ്റ്ററും കാര്യമായി സഹായിച്ചു.
രാജിവാര്‍ത്ത പത്രത്തില്‍ വന്ന ദിവസം തന്നെ എനിക്കൊരു കോള്‍ വന്നു. പുതിയ ചാനല്‍ തുടങ്ങിയാല്‍ പണം മുടക്കാന്‍ തയാറെന്ന വാഗ്ദാനമായിരുന്നു അത്. ആദ്യ ഇന്‍വെസ്റ്ററുടെ കോള്‍.
ചോദ്യം: നികേഷിന്റെ ഇന്‍വെസ്റ്റര്‍മാരെപ്പറ്റി ഇതിനോടകം പല കഥകളും കേട്ടിട്ടുണ്ട്. പി.എന്‍.സി. മേനോന്‍, ലീലാ കൃഷ്ണന്‍നായര്‍, ഗള്‍ഫാര്‍ മുഹമ്മദലി, യൂസഫലി എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടെ. ഇവരെല്ലാമാണോ പണം മുടക്കുന്നത്?
ഉത്തരം: ഇവരാരും എന്റെ ചാനലില്‍ നിക്ഷേപം നടത്തിയിട്ടില്ല.
ചോദ്യം: നികേഷിന്റെ ഷെയര്‍ എത്രയാണ്?
ഉത്തരം: 52 ശതമാനം എന്റെ ഷെയറാണ്. അതായത് മറ്റു നിക്ഷേപകരെല്ലാം ചേര്‍ന്നാലും ചാനലിന്റെ പോളിസിയെ
അട്ടിമറിക്കാന്‍ കഴിയില്ലെന്നു സാരം.
ചോദ്യം: എന്നുവച്ചാല്‍ റിപ്പോര്‍ട്ടര്‍ പൂര്‍ണാര്‍ഥത്തില്‍ രാജ്യത്തെ ആദ്യ ജേര്‍ണലിസ്റ്റ് നിയന്ത്രിത വാര്‍ത്താ ചാനലായിരിക്കുമെന്ന്.
ഉത്തരം: അതെ. ഇന്ത്യയില്‍ ഒരു ജേര്‍ണലിസ്റ്റിന് ഇത്രയധികം ഓഹരിയുള്ള മറ്റൊരു വാര്‍ത്താ ചാനല്‍ സംരംഭമില്ലെന്ന് നിസംശയം പറയാം.
ചോദ്യം: പണംമുടക്കികള്‍ക്ക് എന്തായാലും അവരുടേതായ താല്‍പര്യങ്ങളും ഉണ്ടാകും. ചെറുതെങ്കിലും അത്തരം സമ്മര്‍ദങ്ങള്‍ക്കു വഴങ്ങേണ്ടിവരില്ലേ? ഓഹരിക്കണക്കു പറഞ്ഞു പരിഹരിക്കാവുന്നതാണോ അത്തരം ഇടപെടലുകള്‍?
ഉത്തരം: മുതല്‍ മുടക്കുന്ന എല്ലാവരോടും ഞാന്‍ വ്യക്തമാക്കിയ ഒരു കാര്യമുണ്ട്. നിഷ്പക്ഷതയ്ക്ക് ഹാനിവരുന്ന ഇടപെടലുണ്ടായാല്‍ ആദ്യം നിങ്ങളുടെ ഷെയര്‍ തിരിച്ചു നല്‍കും. ചാനല്‍ ചാനലിന്റെ വഴിക്കു പോകും.
ചോദ്യം: ഇങ്ങനെ വിരട്ടി നിര്‍ത്താന്‍ കഴിയുന്നവരാണോ ഇന്‍വെസ്റ്റര്‍മാര്‍?
ഉത്തരം: മാടക്കട തുടങ്ങുന്നതിനേക്കാള്‍ എനിക്ക് എളുപ്പമുള്ള പണിയാണ് ന്യൂസ് ചാനല്‍ തുടങ്ങുന്നത്. കാരണം ഞാനെന്ന മാധ്യമപ്രവര്‍ത്തകന്‍ പിറന്നു വീണതു തന്നെ ദൃശ്യമാധ്യമത്തിലാണ്. എനിക്ക് അറിയുന്ന പണിയും അതുതന്നെ. പിന്നെ, ഒരു ന്യൂസ് ചാനല്‍ തുടങ്ങാന്‍ പരമാവധി പതിനഞ്ചു കോടി രൂപ മതി. അതിന് ആരോടും നടുവു വളയ്‌ക്കേണ്ട കാര്യവുമില്ല. ഉന്നത സാങ്കേതിക വിദ്യയോടെയുള്ള ചാനലാണ് നമ്മള്‍ തുടങ്ങുന്നത്. മാത്രമല്ല ടെലിവിഷനില്‍ മാത്രം ഒതുങ്ങാതെ ന്യൂമീഡിയയുടെ വിപുലമായ സാധ്യതകള്‍ കൂടി കണ്ടുകൊണ്ടുള്ള പദ്ധതിക്കാണ് റിപ്പോര്‍ട്ടറിലൂടെ തുടക്കമാകുന്നത്. അതുകൊണ്ട് വര്‍ഷം പന്ത്രണ്ടു കോടിയെങ്കിലും ചിലവു കണക്കാക്കുന്നു. അടുത്ത ഏപ്രിലോടെ ഈ പണം മാര്‍ക്കറ്റില്‍ നിന്നു കണ്ടെത്തണം. അതായത്് ആദ്യവര്‍ഷം തന്നെ ബ്രേക്ക് ഈവണാകണമെന്നതാണ് ലക്ഷ്യം.
ചോദ്യം: എന്താണ് റിപ്പോര്‍ട്ടറിനെ ഇതര വാര്‍ത്താ ചാനലുകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്?
ഉത്തരം: റിപ്പോര്‍ട്ടര്‍ ഒരു പരമ്പരാഗത വാര്‍ത്താ ചാനല്‍ മാത്രമായിരിക്കില്ല എന്നതുതന്നെ. ഇന്ത്യാവിഷന്‍ വന്നത് ലൈവ് എന്ന അത്ഭുതം മലയാളിക്കു പരിചയപ്പെടുത്തിക്കൊണ്ടാണ്. ഇനി അതിന്റെ ആവര്‍ത്തനമല്ല പുതുമയാണ് ആവശ്യം. ആ പുതുമ സമ്മാനിക്കും റിപ്പോര്‍ട്ടര്‍.
ചോദ്യം: രഹസ്യമല്ലെങ്കില്‍ വിശദീകരിക്കാമോ?
ഉത്തരം: ഒന്നും രഹസ്യമാകുന്നില്ലെന്ന ലോകത്തിന്റെ സമ്മാനമാണ് വാര്‍ത്താ ചാനലെന്നതുകൊണ്ട് ഞാനെന്തിന് ഒളിക്കണം. എന്റെ ലക്ഷ്യം വ്യക്തമായിത്തന്നെ പറയാം. ടെലിവിഷന്‍, വെബ്, മൊബൈല്‍ എന്നിങ്ങനെ മൂന്നു ന്യൂമീഡിയയുടെയും ഒരു കണ്‍വെര്‍ജെന്‍സാകും റിപ്പോര്‍ട്ടര്‍. നിലവിലെ സ്റ്റുഡിയോ ബേയ്‌സ്ഡ് ആയ ചാനലിന് ഈ ലക്ഷ്യം നേടാനാവില്ല. പുതിയ ആശയത്തിന് സാക്ഷാത്കാരം നേടാനാകുന്ന വിധമുള്ള നൂതന സാങ്കേതിക സാഹചര്യം വേണം. ആ ആശയം പോലൊരു സ്റ്റുഡിയോയാണ് റിപ്പോര്‍ട്ടറിനായി ഉയരുന്നത്. ന്യൂ മീഡിയയുമായി ഇന്റഗ്രേറ്റഡ് ആയ വാര്‍ത്താ ചാനലെന്ന വികസിത വ്യക്തിത്വമാണ് അതുകൊണ്ട് റിപ്പോര്‍ട്ടറിനെന്നു പറയാം.
ചോദ്യം: ടെലിവിഷന്റെ പ്രാധാന്യം കുറയുന്നെന്ന ആശയമാണോ ഇതിനു പിന്നില്‍?
ഉത്തരം: ടി.വിയില്‍ നിന്ന് ഒരു കൊഴിഞ്ഞു പോക്കുണ്ടെന്നത് വാസ്തവമാണ്. പക്ഷെ എങ്ങോട്ട്? പുതിയ മാധ്യമത്തിലേയ്ക്ക്. വെബിലേയ്ക്ക് സെര്‍ച്ച് ബെയ്‌സ്ഡ് ആകുന്ന ഒരു ശീലത്തിലേയ്ക്കാണ് നാം മാറുന്നത്. ഓണ്‍ ദ മൂവില്‍ ന്യൂസിനുള്ള ഓപ്ഷന്‍ കാണുന്നു. വെബിലും മൊബൈലിലും. അപ്പോള്‍ ടെലിവിഷനില്‍ മാത്രം കേന്ദ്രീകരിച്ചാല്‍ പൂര്‍ണത വരുന്നില്ല. അതുകൊണ്ടാണ് ഈ സ്വപ്നം റി്‌പ്പോര്‍ട്ടര്‍ മുന്നോട്ടുവയ്ക്കുന്നത്.
ചോദ്യം: കാഴ്ചക്കാരന്‍ ഇടപെടുന്നു അല്ലേ? അവന് ടെലിവിഷന്റെ ഏകപക്ഷീയ പ്രതലത്തിന് ആതിഥ്യമരുളാന്‍ വഴിയില്ലാത്തതുകൊണ്ട് അല്ലേ?
ഉത്തരം: അതുതന്നെയാണ് കാതലായ വിഷയം. കാഴ്ച്ചക്കാരനെന്ന നിലയില്‍ നിന്നും വിനിമയ വ്യക്തിത്വമെന്ന നിലയില്‍ വളര്‍ന്ന മലയാളിയെ കാണാതെ ഇനി മാധ്യമപ്രവര്‍ത്തനം നടപ്പാകില്ല. അവന് എന്തിലും ഏതിലും ഇടപെട്ടേ മതിയാവൂ. കിട്ടിയ എക്വിപ്‌മെന്റ് ഉപയോഗിച്ച് ലോകത്തിന്റെ എവിടെയിരുന്നായാലും അവന്‍ സംവദിക്കുന്നു. ഇവിടെയാണ് സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ അനന്തമായ സാധ്യത റിപ്പോര്‍ട്ടര്‍ തുറന്നിടാന്‍ പോകുന്നത്. എല്ലാ മലയാളിയേയും ഒരു ജേര്‍ണലിസ്റ്റ് ആക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മൂവ്‌മെന്റ് ആയിരിക്കും അത്. ദ മോസ്റ്റ് ഫോഴ്‌സ്ഫുള്‍ മൂവ്‌മെന്റ്.
ചോദ്യം: മാധ്യമപ്രവര്‍ത്തനം നടത്തുന്ന വ്യക്തിയുടെ സത്യസന്ധത, വിശ്വാസ്യത, വിട്ടുവീഴ്ചയില്ലായ്്മ തുടങ്ങിയവയാണ്
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് അനുപേക്ഷണീയമായ വ്യക്തിഗുണങ്ങളായി ഇതുവരെ നിര്‍വചിക്കപ്പെട്ടിരുന്നത്്. എന്നാല്‍ ഇന്നിപ്പോള്‍ ഏതു നിമിഷവും എവിടെ നിന്നും നമുക്ക് അജ്ഞാതനായ ഒരാള്‍ക്ക് വാര്‍ത്ത നല്‍കാന്‍ കഴിയുന്നെങ്കില്‍ വാര്‍ത്തയിലെ തടയാന്‍ കഴിയാത്ത ഈ പരപ്രവേശത്തെ സ്വതന്ത്രമാധ്യമപ്രവര്‍ത്തനമെന്ന ആശയവുമായി എങ്ങനെ കൂട്ടിവായിക്കും?
ഉത്തരം: ഈ പറയും പ്രകാരത്തിലുള്ള സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം അനിവാര്യമായിരുന്നത് ഒരു പ്രത്യേക കാലഘട്ടത്തിലായിരുന്നു. രാഷ്ട്രീയാതീതമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അതിന്റെ കാതല്‍. എന്റെ കാലഘട്ടത്തില്‍ അതിനു സാങ്കേതിക സഹായം നല്‍കുക എന്നതു പ്രധാന ഘടകമായെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ചില ആളുകള്‍ മാത്രം ചേര്‍ന്നു സൃഷ്ടിക്കേണ്ടതല്ല പൊതുബോധത്തിന്റെ ഒരു മേഖലയും എന്നു വന്നിരിക്കുന്നതു കാണാതിരുന്നുകൂടാ. വാര്‍ത്ത ചിലരുടെ മാത്രം ഒരു തൊഴില്‍മേഖല അല്ല എന്നു സാരം.
ചോദ്യം: നാലോളം വാര്‍ത്താചാനലുകള്‍ സജീവമായി നില്‍ക്കുന്ന കളിക്കളമാണ് റിപ്പോര്‍ട്ടറിനു മുന്നിലുള്ളത്. ആരെ ആദ്യം തോല്‍പിക്കാനാണ് ഉന്നമിടുന്നത്?
ഉത്തരം: ഏതെങ്കിലും ചാനലിനോടു പ്രത്യേകമായോ, അല്ല റേറ്റിങ്ങിനോടോ ഒന്നുമല്ല റിപ്പോര്‍ട്ടര്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നത്. വിശ്വാസ്യത നേടാനാണ് റിപ്പോര്‍ട്ടറിന്റെ മല്‍സരം. താങ്കള്‍ സൂചിപ്പിച്ച നാലു ചാനലുകള്‍ക്കും അതതിന്റേതായ വിശ്വാസ്യതയുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനാണ് ഇത് വലിയ തോതില്‍ അവകാശപ്പെടാന്‍ കഴിയുന്നത്. കാരണം അത് ആദ്യ ചാനല്‍ ആണെന്ന പ്രത്യേകത തന്നെ. മനോരമ ന്യൂസ് ഒരു നല്ല ചാനലേ അല്ല. മനോരമ ആ ചാനലിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നു പോലും ഇതുവരെ വ്യക്തമായിട്ടില്ല. ഇനി നാളെ ആ ചാനല്‍ ഇല്ലാതായാല്‍ പോലും അതില്‍ പരിതപിക്കുന്ന രണ്ടുപേരെങ്കിലും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നുമില്ല.
ചോദ്യം: കേരളത്തിലെ ഏറ്റവും വലിയ മീഡിയാ ഗ്രൂപ്പിനെപ്പറ്റിയാണ് നികേഷ് പ്രതികരിക്കുന്നതെന്ന് ഓര്‍മിക്കണം.
ഉത്തരം: അതു നല്ല ബോധ്യമുണ്ട്. ഞാന്‍ പത്രത്തെപ്പറ്റിയല്ല പറയുന്നത്. മലയാള മനോരമ ദിനപത്രം കേരളത്തിലെ ഏറ്റവും മുന്തിയ ബ്രാന്‍ഡാണ്. ഇത്ര സക്സസ്ഫുള്‍ ആയ ഒരു പ്രോഡക്ട് മലയാളി പ്രൊഡ്യൂസ് ചെയ്തതായി എന്റെ അറിവിലില്ല.
ചോദ്യം: മനോരമ ന്യൂസിന് ഒരു പുതിയ മുഖം നല്‍കാനുള്ള അവസരം ലഭിച്ചിരുന്നെങ്കില്‍?
ഉത്തരം: നിരസിക്കുമായിരുന്നു. മാത്രമല്ല സ്വന്തം സങ്കല്‍പത്തിന് അനുസരിച്ചുള്ള ചാനല്‍ എന്ന നിലയിലേയ്ക്ക് എന്റെ കാഴ്ചപ്പാട് മാറിയിരുന്നു.
ചോദ്യം: കേരളത്തില്‍ മാധ്യമസ്വീകാര്യതയുടെ അളവുകോല്‍ വിശ്വാസ്യത തന്നെയാണെന്ന് നികേഷ് സമ്മതിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള ചാനലുകള്‍ക്ക് അതുണ്ടെന്നും. അപ്പോള്‍ റിപ്പോര്‍ട്ടര്‍ വിശ്വാസ്യത സൃഷ്ടിക്കുന്നത് ഏതു വിധമായിരിക്കും?
ഉത്തരം: മറികടക്കേണ്ട വിശ്വാസ്യത എന്നൊന്നില്ല. സൃഷ്ടിക്കേണ്ട വിശ്വാസ്യത ഒരു ആകെത്തുകയാണ്. എല്ലാ ചാനലുകള്‍ക്കുമുള്ള വിശ്വാസ്യത കവര്‍ന്നെടുക്കണം. അതിനു സത്യസന്ധമായി പ്രവര്‍ത്തിക്കണം. റിപ്പോര്‍ട്ടറിന് ഒരു രാഷ്ട്രീയ ബന്ധവുമില്ല. സംരക്ഷിക്കാന്‍ എന്തെങ്കിലും വ്യാവസായിക താല്‍പര്യവുമില്ല.
ചോദ്യം: നികേഷിനു ലാഭം വേണ്ടേ?
ഉത്തരം: ലാഭം എന്റെ ലക്ഷ്യമല്ല. ലാഭം വേണ്ടത് അങ്ങനെയൊരു ജീവിതം ആഗ്രഹിച്ചാല്‍ മാത്രമാണ്. എല്ലാത്തിലും ഇടപെടാന്‍ കഴിയുന്ന, കേരളം വിശ്വസിക്കുന്ന ഒരു ചാനലാണ് എന്റെ ലക്ഷ്യം. കേരളത്തിന്റെ ദിശ നിര്‍ണയിക്കുന്ന ചാനല്‍. കണ്ടെത്തപ്പെടുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ മാത്രം ഒതുങ്ങരുതെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ട്. അതിന് എക്‌സിക്യൂട്ടീവിനെക്കൊണ്ട് നടപടിയെടുപ്പിച്ച് പ്രശ്‌നപരിഹാരത്തിനുള്ള ഇടപെടല്‍ ശക്തിയായി മാറേണ്ടതുണ്ട്. റിപ്പോര്‍ട്ടര്‍ അതാകും ചെയ്യുക. വര്‍ഷാവര്‍ഷത്തെ ലാഭക്കണക്കില്‍ തലപൂഴ്ത്തിവയ്ക്കലാകില്ല.
ചോദ്യം: ഒരു മാധ്യമമുതലാളിയെന്ന നിലയില്‍ ഉയര്‍ന്ന ജീവിതക്രമം ഉണ്ടാകില്ലേ താങ്കള്‍ക്ക്? അതു നിലനിര്‍ത്താനുള്ള ധാരാളിത്തവും സ്വാഭാവികമാണ്. മറിച്ചുള്ള വിശദീകരണം കപടമല്ലേ?
ഉത്തരം: ഒന്നാമതായി ഞാന്‍ ഒരു മാധ്യമ മുതലാളിയല്ല. മാധ്യമപ്രവര്‍ത്തകനാണ്. ഇനിയുള്ള കാലം മാനേജ്്‌മെന്റ് തലത്തിലെ ഇടപെടലും മാധ്യമപ്രവര്‍ത്തനത്തിന്റെ അനുപേക്ഷണീയ ഘടകമാണെന്ന തിരിച്ചറിവാണ് എന്റെ ഈ സ്വഭാവത്തിലുള്ള ഇടപെടലിനു സാഹചര്യം ഒരുക്കിയതെന്നു മാത്രം. പിന്നെ ധാരാളിത്തമുള്ള ജീവിതം. അത് ഒരു കാലത്തും എനിക്കുണ്ടായിട്ടില്ല. എനിക്ക് ജീവിക്കാന്‍ പണം ആവശ്യമില്ല. കാരണം എനിക്ക് ചെലവില്ല. എവിടെയും പോകേണ്ട. ഒരു ലക്ഷ്വറിയും ആവശ്യമില്ല. വെറുതെ പറയുന്നതല്ല ഇത്. ജീവിതം തന്നെ അതിനു സാക്ഷ്യവും തെളിവും. ഇന്നലെ അയല്‍പക്കത്തെ സുഹൃത്തിന്റെ വീട്ടിലെ കല്യാണപാര്‍ട്ടിയില്‍ പങ്കെടുക്കണമായിരുന്നു. ഉപചാരമായി ഒരു സമ്മാനം നല്‍കാന്‍ നോക്കിയിട്ട് എന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു. മകള്‍ ജാനകിയുടെ ചെയിന്‍ എടുത്തു മാറ്റിവാങ്ങിയാണ് സമ്മാനം നല്‍കിയത്. അതൊരു ത്യാഗമായി കാണാനല്ല പറഞ്ഞത്. അപ്പോള്‍ വേണ്ടത് എനിക്കു കഴിയും മട്ടില്‍ ചെയ്യുന്നു. അതിനപ്പുറം ആലങ്കാരികതയില്‍ ഊന്നിനിന്നുള്ള ഒരു ജീവിതം നയിച്ചേക്കാമെന്ന് ഞാന്‍ അര്‍ക്കും വാക്കുകൊടുത്തിട്ടില്ല.
ചോദ്യം: നികേഷിന് ഇന്ത്യാവിഷനിലേയ്ക്ക് വഴിതെളിച്ചത് ഒരര്‍ഥത്തില്‍ എം.ടിയുടെ ഒരു പരാമര്‍ശമായിരുന്നല്ലോ. എം.ടിയോട് പുതിയ സംരംഭത്തെപ്പറ്റി സൂചിപ്പിച്ചോ?
ഉത്തരം: ആദ്യം തന്നെ സൂചിപ്പിച്ചിരുന്നു. ചെയര്‍മാന്‍ ആകണമെന്നായിരുന്നു ചെന്നുകണ്ട് അഭ്യര്‍ഥിച്ചത്. അതുവേണ്ടെന്നും സഹകരിക്കാമെന്നും മറുപടി നല്‍കി. പിന്നീട് ലൈസന്‍സ് കിട്ടിക്കഴിഞ്ഞപ്പോള്‍ ആവേശത്തോടെയാണ് പ്രതികരിച്ചത്. ചെയര്‍മാന്‍ ആകാമെന്നും സമ്മതം മൂളിയിട്ടുണ്ട്.
ചോദ്യം: ആദ്യം അനുകൂല നിലപാടായിരുന്നില്ലെന്നു തോന്നുന്നു?
ഉത്തരം: അങ്ങനെയല്ല. ചാനലിലെ നിക്ഷേപകരെപ്പറ്റിയും മറ്റും വായ്്ത്താരിയായും മാധ്യമപ്രചാരണമായും വന്ന വിവരങ്ങള്‍ ഒരുപക്ഷെ അദ്ദേഹത്തെ സംശയാലുവാക്കിയിട്ടുണ്ടെങ്കില്‍ കുറ്റംപറഞ്ഞുകൂടാ. അത്രയ്ക്കുണ്ടായിരുന്നു പ്രചാരണം.
ചോദ്യം: പ്രചാരണത്തിന് എന്തെങ്കിലും ഒരു അടിസ്ഥാനമില്ലാതെ വരുമോ?
ഉത്തരം: അടിസ്ഥാനം തീര്‍ച്ചയായും ഉണ്ട്. പ്രചാരണം നടത്തിയവര്‍ക്ക് ഈ രംഗത്തെ കുറിച്ചുള്ള അറിവില്ലായ്മ.
ചോദ്യം: ചെയര്‍മാന്‍ പദവിയില്‍ എം.ടിവേണമെന്ന നിര്‍ബന്ധം എന്തുകൊണ്ട്?
ഉത്തരം: എം.ടി എന്ന പേര്‍ ഞങ്ങള്‍ ഉപയോഗിക്കുമെന്നു തന്നെ അദ്ദേഹത്തോടു ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. നദീസമ്പത്ത് ചൂഷണം ചെയ്യപ്പെടുന്നത് ഉള്‍പ്പെടെ എം.ടി ഉയര്‍ത്തിയ വിഷയങ്ങള്‍ അഗണ്യകോടിയില്‍ തള്ളപ്പെട്ടപ്പോള്‍ അദ്ദേഹം തന്നെ ഇനി ആ വിഷയങ്ങളെപ്പറ്റി മിണ്ടില്ലെന്നു പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ അവിടെ നിന്നാണ് തുടങ്ങുന്നതും. എം.ടി നിരാശയോടെ അവസാനിപ്പിച്ച സമരമുഖമാണ് ചാനല്‍ തുറക്കാന്‍ പോകുന്നത്. അതിന് റിപ്പോര്‍ട്ടറിനു വേണ്ട ആധികാരിക ചിഹ്നമാണ് എം.ടി എന്ന എഴുത്തുകാരന്‍.
ചോദ്യം: വാര്‍ത്തയില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്നുണ്ട് നികേഷ്. റിപ്പോര്‍ട്ടറിനും തെറ്റുപറ്റിക്കൂടേ?
ഉത്തരം: തീര്‍ച്ചയായും. അതു തിരുത്താനുള്ള മാര്‍ഗവും അതുകൊണ്ട് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടറിന് വാര്‍ത്താ ഓംബുഡ്്‌സ്മാനുണ്ടാകും. തെറ്റുകള്‍ കണ്ടെത്താനും സ്വയം തിരുത്തലിനു വിധേയമാകാനും. മലയാള മാധ്യമചരിത്രത്തില്‍ ഇതുവരെ ഒരു മാധ്യമവും ഇങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല.
ചോദ്യം: വലിയ വലിയ സമരമുഖങ്ങള്‍ തുറക്കാനും വിട്ടുവീഴ്ചയില്ലാതെ പോരാടാനും കൂടെ ആരൊക്കെയുണ്ട്?
ഉത്തരം: പി.കെ. പ്രകാശ്, പി.ടി.നാസര്‍, രാജീവ് രാമചന്ദ്രന്‍, വേണുബാലകൃഷ്ണന്‍ തുടങ്ങിയവര്‍. പിന്നെ ഏറ്റവും സത്യസന്ധതയോടെയും പ്രതിബദ്ധതയോടെയും മാധ്യമപ്രവര്‍ത്തനം നടത്താന്‍ തയാറുള്ളവര്‍ക്കായി റിപ്പോര്‍ട്ടറിന്റെ വാതില്‍ മലര്‍ക്കെ തുറക്കപ്പെട്ടിരിക്കുന്നു. ഇന്നില്ലെന്നു കരുതി നാളെ അവരാരും ഉണ്ടാകില്ലെന്ന് അര്‍ഥമില്ല.
ചോദ്യം: നികേഷിന്റെ ആഗ്രഹം റിപ്പോര്‍ട്ടറില്‍ ഒതുങ്ങുമോ?
ഉത്തരം: ഒരു ചാനല്‍ അല്ല എന്റെ ലക്ഷ്യം. വാര്‍ത്താ ചാനല്‍ ബ്രേക്ക് ഈവനായി കഴിഞ്ഞാല്‍ ബിസിനസ് ചാനല്‍. അടുത്ത ലക്ഷ്യം പ്രവാസികള്‍ക്കായി ഗള്‍ഫ് ചാനല്‍. പിന്നെ ഒരു പാന്‍ ഇന്ത്യന്‍ നെറ്റ്വവര്‍ക്ക്. ഇപ്പോള്‍ ചാനലുകള്‍ക്ക് ദല്‍ഹിയേയും മുബൈയേയും ആസ്ഥാനമാക്കിയുള്ള ദേശീയ കാഴ്ചപ്പാടാണ്. പ്രത്യേകിച്ചും ദല്‍ഹിയില്‍ നിന്നാണ് തെക്കേ ഇന്ത്യയെ കാണുന്നത്. അതുമാറണം. പത്രരംഗത്ത് ഹിന്ദു നടത്തിയ ഇടപെടലില്ലേ. തെക്കു നിന്നുകൊണ്ട് ഇന്ത്യയെ കണ്ടെത്തല്‍. അത് ചാനല്‍ രംഗത്തു സാക്ഷാത്കരിക്കണം.
ചോദ്യം: രാഷ്ട്രീയത്തില്‍ ഇറങ്ങുമോ?
ഉത്തരം: രാഷ്ട്രീയത്തില്‍ തന്നെയാണല്ലോ ഇപ്പോഴുമുള്ളത്. ഏതെങ്കിലും പാര്‍ട്ടിയില്‍ ഇല്ലെന്നല്ലേ ഉള്ളൂ. രാഷ്ട്രീയവുമായി നിരന്തരം സംവദിക്കുന്നുണ്ട്.
ചോദ്യം: അച്ഛന് അനാരോഗ്യമുണ്ടെന്ന് നികേഷ് തന്നെ പറയുന്നു. സി.എം.പി എം.വി.ആറിന്റെ ഗരിമയില്‍ നിലകൊള്ളുന്ന പ്രസ്ഥാനമാണ്. അതിന് ഒരു പിന്തുടര്‍ച്ചാവകാശി ആകാന്‍ ആഗ്രഹിക്കുന്നുണ്ടോ?
ഉത്തരം: ഇല്ല.
ചോദ്യം: കക്ഷിരാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്നു വ്യംഗ്യം?
ഉത്തരം: മാധ്യമപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇപ്പോള്‍ ഒരു വശത്തു ഞാന്‍ പ്രവര്‍ത്തിക്കുന്നു. ജീവിതം തന്നെ ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്നു. അപ്പോള്‍ അതു വേണ്ടെന്നുവയ്ക്കുമോ? എന്നാല്‍ മറുവശത്തേയ്ക്കു കടക്കുമോ എന്നാണ് ആവര്‍ത്തിച്ചുള്ള ചോദ്യമെങ്കില്‍ നാളെ എന്തുസംഭവിക്കുമെന്ന് എനിക്കറിയില്ലെന്നു ഞാന്‍ പറയും.
(മലയാളം വാരികക്ക് വേണ്ടി കെ.ഇ തോമസ് നികേഷ്‌കുമാറുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം)