ഉക്രൈന്‍ എന്‍.ജി.ഒകളിലേക്ക് ബിറ്റ്‌കോയിന്‍ സംഭാവന ഒഴുകുന്നു; റഷ്യന്‍ ഭീഷണി നേരിടാനൊരുങ്ങി രാജ്യം
World News
ഉക്രൈന്‍ എന്‍.ജി.ഒകളിലേക്ക് ബിറ്റ്‌കോയിന്‍ സംഭാവന ഒഴുകുന്നു; റഷ്യന്‍ ഭീഷണി നേരിടാനൊരുങ്ങി രാജ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th February 2022, 12:46 pm

മോസ്‌കോ: ഉക്രൈന് മേല്‍ റഷ്യയുടെ ആക്രമണഭീഷണി തുടരുന്ന സാഹചര്യത്തില്‍, മുന്‍കരുതല്‍ നടപടികളെടുക്കാന്‍ രാജ്യത്തെ സജ്ജമാക്കുന്നതിന് വിവിധ കോണുകളില്‍ നിന്നും സഹായങ്ങള്‍ വരുന്നു.

ഉക്രൈനെ പിന്തുണക്കുന്ന വൊളണ്ടിയര്‍ ഗ്രൂപ്പുകളിലേക്കും എന്‍.ജി.ഒകളിലേക്കും ബിറ്റ്‌കോയിന്‍ രൂപത്തില്‍ സംഭാവനകള്‍ വരുന്നതായാണ് റിപ്പോര്‍ട്ട്.

ഉക്രൈന്‍ സര്‍ക്കാരിനും സേനക്കും വേണ്ട മറ്റ് ഉപകരണങ്ങളും ഇത്തരത്തില്‍ സംഭാവനകളായി വരുന്നതായാണ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ ഉക്രൈന്‍ സര്‍ക്കാരിനെ പിന്താങ്ങിക്കൊണ്ടുള്ള സംഘടനകള്‍ക്ക് വേണ്ടി ക്രൗഡ്ഫണ്ടിങ്ങ് നടത്തുന്നതിനുള്ള പ്രധാന മാര്‍ഗമായി ക്രിപ്‌റ്റോകറന്‍സികള്‍ മാറിയിട്ടുണ്ട്.

2021ല്‍ 5,50,000 ഡോളര്‍ വിലമതിക്കുന്ന ക്രിപ്‌റ്റോകറന്‍സി ഇത്തരത്തിലുള്ള വൊളണ്ടിയര്‍ ഗ്രൂപ്പുകള്‍ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

ബ്ലോക്ക്‌ചെയിന്‍ റിസര്‍ച്ചര്‍ ആയ എലിപ്റ്റിക് (Elliptic) ആണ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

റഷ്യന്‍ മിലിറ്ററി ട്രൂപ്പുകളില്‍ നിന്നുമുള്ള ആക്രമണം ഉക്രൈന്റെ അതിര്‍ത്തികള്‍ക്ക് മേല്‍ ഏത് സമയവും ഉണ്ടായേക്കാമെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉക്രൈന്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന വൊളണ്ടിയര്‍ ഗ്രൂപ്പുകളിലേക്ക് ഫണ്ട് എത്തുന്നതിനുള്ള പ്രധാന സ്രോതസായി ഡിജിറ്റല്‍ കറന്‍സി സംഭാവനകള്‍ മാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം ഏതെങ്കിലും തരത്തില്‍ ആക്രമണത്തിന് തയാറെടുക്കുന്നുണ്ടെന്ന വാര്‍ത്ത റഷ്യ നിഷേധിച്ചിട്ടുണ്ട്.


Content Highlight: Report says bitcoin donations to Ukraine NGOs and volunteer groups soar as Russian attack is near to happen