തിരുവനന്തപുരം: സി.പി.ഐ.എമ്മിനെ വിമര്‍ശിക്കുന്നവരെ അവര്‍ “സംഘി”യാക്കുകയാണെന്നും അങ്ങനെ ചെയ്ത് അവര്‍ ബി.ജെ.പിയെ വളര്‍ത്തുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജീവനുള്ള കാലത്തോളം താന്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നും ഇത്തരം ആക്ഷേപങ്ങള്‍ നേരത്തേ മുതല്‍ കേള്‍ക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിനിടെയാണ് ചെന്നിത്തലയുടെ പരാമര്‍ശം.
“”ഞാന്‍ എന്റെ ജീവിതകാലത്ത് ബി.ജെ.പിയിലേക്ക് പോകില്ല. മരിച്ചു കഴിഞ്ഞാല്‍ പിന്നെ പറയേണ്ട കാര്യമില്ലല്ലോ. അതിലൊന്നും വലിയ കാര്യമില്ല. ഞാന്‍ 87ല്‍ കോട്ടയത്ത് പാര്‍ലമെന്റില്‍ മത്സരിക്കുന്ന കാലം മുതല്‍ തന്നെ ഇതു കേള്‍ക്കുന്നതാണ്. അത് സി.പി.ഐ.എമ്മിന്റെ ഒരു തന്ത്രമാണ്. കോണ്‍ഗ്രസിനെ നശിപ്പിക്കുക ബി.ജെ.പിയെ വളര്‍ത്തുക എന്നതാണ് അവരുടെ ലക്ഷ്യം.
കേരളത്തിലെ സി.പി.ഐ.എം കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യലാണ് ഇപ്പോള്‍ അവരുടെ ജോലി. ഹിന്ദുക്കളെല്ലാം ബി.ജെ.പിയാണോ? ചന്ദനക്കുറി ഇട്ടവരെല്ലാം ബി.ജെ.പിയാണോ? ക്ഷേത്രത്തില്‍ പോകുന്നവരെല്ലാം ബി.ജെ.പിയാണോ? അങ്ങനെ പറഞ്ഞുണ്ടാക്കി ബി.ജെ.പിക്ക് വളം വെച്ചു കൊടുക്കുകയാണ് സി.പി.ഐ.എം ഇപ്പോള്‍ ചെയ്യുന്നത്. ഇത് ജനങ്ങള്‍ക്ക് അറിയാം.
ഹിന്ദുക്കളെല്ലാം ബി.ജെ.പി ആണെങ്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ബി.ജെ.പി നേടില്ലേ? സി.പി.ഐ.എം എത്ര പരിശ്രമിച്ചാലും ബി.ജെ.പിയിലേക്ക് ആളുകള്‍ പോകുകയുമില്ല. എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ ബി.ജെ.പി വേദിയില്‍ പോയി എന്നു വെച്ച് സി.പി.ഐ.എമ്മുകാര്‍ മുഴുവന്‍ ബി.ജെ.പിക്കാര്‍ ആകും എന്നാണോ? അല്ല. ന്യൂനപക്ഷ വോട്ടില്‍ കണ്ണു നട്ടാണ് സി.പി.ഐ.എം ഇതൊക്കെ ചെയ്യുന്നത്. പക്ഷേ ന്യൂനപക്ഷവും ഭൂരിപക്ഷവും അവര്‍ക്ക് വോട്ടു ചെയ്യാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയ നേട്ടം കൊയ്യുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു കാരണവശാലും ഉണ്ടാകാന്‍ പോകുന്നില്ല എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
ബി.ജെ.പി അവരുടെ ശക്തി കൂടുതല്‍ ദുര്‍ബലമാക്കുന്ന നിലപാടുമായാണ് മുന്നോട്ടു പോകുന്നതെന്നും അമിത് ഷായെ പോലെ ഒരാള്‍ കേരളത്തില്‍ വന്ന് ആവശ്യമില്ലാത്ത പ്രസംഗങ്ങള്‍ നടത്തുക വഴി അവര്‍ സ്വയം ദുര്‍ബലമാകുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ സര്‍ക്കാരിനെ മാറ്റാന്‍ അമിത് ഷാ വരേണ്ട ആവശ്യമില്ല. ജനങ്ങള്‍ ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഈ സര്‍ക്കാരിനെ മാറ്റിക്കോളും.- ചെന്നിത്തല പറഞ്ഞു.
ശബരിമലയിലെ യു.ഡി.എഫിന്റെ നിലപാട് കോടതിവിധി ഉണ്ടായ ശേഷം ഉണ്ടായതല്ലെന്നും 2016ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ കോടുത്ത സത്യവാങ്മൂലം മുതല്‍ എടുത്ത നിലപാട് ഇതാണെന്നും ചെന്നിത്തല പറയുന്നു.
മന്ത്രിയുടെ ന്യായീകരണം കുറ്റസമ്മതം: അഴിമതി നിരോധനനിയമപ്രകാരം നടപടിവേണമെന്ന് യൂത്ത് ലീഗ്
സുപ്രീം കോടതി വിധി വന്ന ശേഷമാണ് ബി.ജെ.പി ഇത്തരത്തില്‍ ഒരു നിലപാട് എടുത്തത്. ശബരിമലയിലെ ആചാരങ്ങള്‍ തുടരണം എന്നു തന്നെയാണ് യു.ഡി.എഫിന്റെ നിലപാട്. ജനത്തിന് അതറിയാം. ഇതിനു വേണ്ടി ഞങ്ങള്‍ അക്രമസമരങ്ങള്‍ക്ക് പോയിട്ടില്ല. മാധ്യമപ്രവര്‍ത്തകരെയും മറ്റും ആക്രമിക്കാന്‍ ഞങ്ങള്‍ മുതിര്‍ന്നിട്ടില്ല. ഇതിന്റെ പേരില്‍ ശബരിമലയെ ഒരു കലാപഭൂമിയാക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ചെന്നിത്തല പറയുന്നു.
ശബരിമല വിധിയെ സ്വാഗതം ചെയ്യുന്നു എങ്കിലും ഭക്തജനങ്ങളുടെ വികാരത്തെ കൂടി കണക്കിലെടുത്ത് ഒരു തീരുമാനമെടുക്കാന്‍ കേരളത്തിലെ പാര്‍ട്ടിക്ക് അവകാശമുണ്ട് എന്നാണ് എ.ഐ.സി.സി പറഞ്ഞത്. അതേ നിലപാട് തന്നെയാണ് രാഹുല്‍ ഗാന്ധിയും പറഞ്ഞത്.
ശരിക്കും രാഹുല്‍ ഗാന്ധിയുടെ ഒരു മഹത്വമാണ് ഞാന്‍ ഇതില്‍ കാണുന്നത്. സ്വന്തമായി ഒരു അഭിപ്രായം ഉണ്ടെങ്കിലും അത് പാര്‍ട്ടിയുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല. അദ്ദേഹം ഞങ്ങളുടെ അഭിപ്രായത്തിന് വഴങ്ങുകയാണുണ്ടായത്.
നരേന്ദ്ര മോദിയുടെയോ പിണറായി വിജയന്റെയോ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ആ പാര്‍ട്ടിയില്‍ കാണുമോയെന്നും ചെന്നിത്തല ചോദിച്ചു.