പ്രായത്തിനനുസരിച്ച് പുരുഷനോടുള്ള കാഴ്ചപ്പാടില്‍ വ്യത്യാസം വരും: തബു
Daily News
പ്രായത്തിനനുസരിച്ച് പുരുഷനോടുള്ള കാഴ്ചപ്പാടില്‍ വ്യത്യാസം വരും: തബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th September 2014, 12:25 pm

tabu[]സെലക്ടീവ് സിനിമകള്‍ മാത്രമാണ് താന്‍ ചെയ്യാറുള്ളതെന്ന് നടി തബു. താന്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളില്‍ തന്റെ വ്യക്തിത്വം പ്രതിഫലിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

” ഇതൊരിക്കലുമൊരു കൗശലമല്ല. ഞാന്‍ തിരഞ്ഞെടുക്കുന്ന റോളുകളില്‍ എന്റെ വ്യക്തിത്വമാണ് പ്രതിഫലിക്കുന്നത്. ” തബു പറയുന്നു.

” ഞാന്‍ സെലക്ടീവ് ചിത്രങ്ങളേ ചെയ്യാറുള്ളൂ, ചില പ്രത്യേക തരം കഥാപാത്രങ്ങള്‍ മാത്രമേ സ്‌ക്രീനില്‍ അവതരിപ്പിക്കാറുള്ളൂ. അതുകൊണ്ട് തന്നെ വളരെ ബോറായ ഒരു ജീവിതമാണ് എന്റേത് എന്നാണ് ആളുകളുടെ ധാരണ. പക്ഷെ ഇത് ശരിയല്ല, എന്നെ വിശ്വസിക്കൂ. ജോലി ചെയ്യാതിരിക്കുന്ന സമയത്ത് ഞാന്‍ എന്റെ ചിന്തകള്‍ കുറിച്ചുവെയ്ക്കാറുണ്ട്. യാത്ര ചെയ്യാറുണ്ട്, വീട്ടുജോലികളില്‍ മുഴുകാറുണ്ട്. പാര്‍ട്ടികളില്‍ പങ്കെടുക്കാറുമുണ്ട്. ക്ലബില്‍ പോകാറില്ല. എന്നാല്‍ ഫറാ ഖാനെപ്പോലെ അടുത്ത സുഹൃത്തുക്കള്‍ എനിക്കുമുണ്ട്. അവര്‍ക്കൊപ്പം ചിലവഴിക്കാന്‍ എനിക്ക് ഇഷ്ടമാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് അവളെ കിട്ടുന്നില്ല. കാരണം അവള്‍ സിനിമയുടെ (ഹാപ്പി ന്യൂ ഇയര്‍) ന്റെ തിരക്കിലാണ്.” തബു വിശദീകരിക്കുന്നു.

പ്രായം കൂടുന്നതിന് അനുസരിച്ച് അടുപ്പം തോന്നുന്ന പുരുഷന്മാരെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ വ്യത്യാസം വരുമെന്നും തബു അഭിപ്രായപ്പെടുന്നു. ” പ്രായം അനുസരിച്ച് റിലേഷന്‍ഷിപ്പ് എന്നതിന്റെ അര്‍ത്ഥം മാറും. 21 ഞാന്‍ പുരുഷനില്‍ കാണാനാഗ്രഹിച്ചിരുന്ന ഗുണങ്ങളല്ല ഇപ്പോഴുള്ളത്. ഇപ്പോഴത്തേത് അതില്‍ നിന്നും വ്യത്യസ്തമാണ്. ”

“ചില സമയങ്ങളില്‍ ചില പുരുഷന്മാരുമായി എനിക്ക് അടുപ്പമുണ്ടാവും. കാരണം അവിടെയൊരു കരാറുണ്ട്. ചിലപ്പോള്‍ അത് നന്നായി പോകും. ചിലത് പോകില്ല.” തബു വ്യക്തമാക്കി.

തബുവിനൊപ്പം സിനിമയിലെത്തിയ പലരും വിവാഹിതരായി. എന്നാല്‍ തബു ഇപ്പോഴും സെറ്റിലായിട്ടില്ല. ഇക്കാര്യത്തില്‍ തബുവിന്റെ മറുപടി ഇങ്ങനെ, ” എല്ലാ സ്ത്രീകളും അവളുടെ കാമുകനിലും ഭര്‍ത്താവിലും ഒരു അടിത്തറ കാണുന്നുണ്ട്. അത്തരമൊരു പിന്തുണ ഞാന്‍ ഏതെങ്കിലും പുരുഷനില്‍ കാണുമ്പോള്‍ ഞാനും സെറ്റിലാവും. അതിനെല്ലാമപ്പുറം ഇപ്പോഴും ഒറ്റയ്ക്കാണെന്ന് ഞാനാരോടും പരാതി പറയുന്നില്ല.”

“17 കാരനായ ഫാതെയുടെ (തബുവിന്റെ സഹോദരിയുടെ മകന്‍) കമ്പനിയില്‍ താനിപ്പോള്‍ സംതൃപ്തയാണ്. അവനിപ്പോള്‍ വലിയ കുട്ടിയായി. എന്നോട് ട്വിറ്ററിലും ഫേസ്ബുക്കിലും ചേരാന്‍ പറയും. പക്ഷെ എനിക്ക് അതിനോട് താല്‍പര്യമില്ല. ഞാന്‍ വളരെയധികം സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണ്. സത്യമായിട്ടും ഇതില്‍ കൂടുതല്‍ എന്നെക്കുറിച്ച് പറയാന്‍ താല്‍പര്യപ്പെടുന്നില്ല.”