മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം; ഹിന്ദു പത്രം അവരുടെ വീഴ്ച്ച സമ്മതിച്ചതായി മുഖ്യമന്ത്രിയുടെ പ്രസ്താവന
Kerala News
മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം; ഹിന്ദു പത്രം അവരുടെ വീഴ്ച്ച സമ്മതിച്ചതായി മുഖ്യമന്ത്രിയുടെ പ്രസ്താവന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st October 2024, 8:46 pm

കോഴിക്കോട്: ദി ഹിന്ദു പത്രത്തില്‍ അടിച്ചുവന്ന മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രത്തിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചതായി അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും താന്‍ അത്തരത്തില്‍ ഒരു പ്രത്യേക വിഭാഗത്തിനെതിരായി പരാമര്‍ശം നടത്തില്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ എ.കെ.ജി ഹാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ എല്ലായ്‌പ്പോഴും വര്‍ഗീയക്കെതിരായി നിലകൊണ്ട വ്യക്തിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒരു പ്രത്യേക വിഭാഗത്തിനെ കുറ്റപ്പെടുത്തുന്ന നിലപാട് ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. അടുത്തിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കണക്കുകളില്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടന്നതെന്ന് പരാമര്‍ശിച്ചിരുന്നെന്നും എന്നാല്‍ അതൊരിക്കലും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറത്തിനെ മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചല്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ വിശദീകരിച്ചു.

‘ ദി ഹിന്ദു നമ്മുടെ രാജ്യത്തെ പ്രധാന പത്രമാണല്ലോ, മാധ്യമ ധര്‍മം കൃത്യമായി പാലിച്ചുവരുന്ന ഒരു പത്രവുമാണ്. എന്നാല്‍ കുറച്ച് മുമ്പുണ്ടായ വിഷയത്തില്‍ അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് അതിന് ആവശ്യമായ വിശദീകരണം നല്‍കണമെന്ന് ഓഫീസില്‍ നിന്ന് പത്രത്തെ അറിയിച്ചിരുന്നു. അതിനുശേഷം അവരുടെ വിശദീകരണം വന്നു കഴിഞ്ഞിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ഞങ്ങള്‍ക്കൊരു വീഴ്ച്ചപ്പറ്റിയതായി അവര്‍ പറഞ്ഞിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തെ ഏതെങ്കിലും ഒരു ജില്ലയേയോ മതവിഭാഗത്തേയോ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം എന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഞാന്‍ മാധ്യമങ്ങളെ കാണുന്നതും പൊതുജനത്തോട് സംസാരിക്കുന്നതോ ആദ്യമായിട്ടല്ലല്ലോ. ഒരിക്കല്‍ പോലും ഒരു പ്രത്യേക വിഭാഗത്തിനെ എതിരെ എന്റെ ഭാഗത്ത് നിന്ന് പരാമര്‍ശങ്ങള്‍ ഉണ്ടാകാറില്ല എന്നത് പൊതുജനങ്ങള്‍ക്കറിയാമല്ലോ.

എന്നാല്‍ വര്‍ഗീയ ശക്തികളെക്കുറിച്ച് വിമര്‍ശനം നടത്താറുണ്ട്. വര്‍ഗീയ ശക്തികള്‍ ഒരിക്കലും ഒരു വിഭാഗം മാത്രമല്ലല്ലോ?. ഇന്ത്യയില്‍ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്ന ആര്‍.എസ്.എസിനെ ഞങ്ങള്‍ എതിര്‍ക്കാറുണ്ട്. അതിന്റെ അര്‍ത്ഥം ഹിന്ദുക്കളെ എതിര്‍ക്കുന്നു എന്നല്ല. വര്‍ഗീയതെയാണ് എതിര്‍ക്കുന്നത്. അതുപോലെ നമ്മുടെ നാട്ടില്‍ ന്യൂനപക്ഷ വര്‍ഗീയതയുമുണ്ട്. അതിനേയും ഞങ്ങള്‍ എതിര്‍ക്കാറുണ്ട്. അതിനര്‍ത്ഥം ഏതെങ്കിലും ന്യൂനപക്ഷ വിഭാഗത്തെ എതിര്‍ക്കുന്നു എന്നല്ല. അടുത്തിടെ സര്‍ക്കാരുമായുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വന്നു.

കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട കേസുകള്‍ സ്വഭാവികമായും മലപ്പുറം ജില്ലയിലാണ് രേഖപ്പെടുത്തുക. കാരണം വിമാനത്താവളം മലപ്പുറം ജില്ലയിലാണല്ലോ സ്ഥിതി ചെയ്യുന്നത്. 2020 മുതലുള്ള സ്വര്‍ണക്കടത്തിന്റെ കണക്ക് പരിശോധിച്ചാല്‍ ആകെ പിടിച്ചത് 147 കിലോഗ്രാമില്‍ അധികം സ്വര്‍ണമാണ്. അതില്‍ 124 കിലോഗ്രാം കരിപ്പൂരുമായി ബന്ധപ്പെട്ടതാണ്. അപ്പോള്‍ സ്വാഭാവികമായി ജില്ല തിരിച്ചുള്ള കണക്ക് പറയുമ്പോള്‍ മലപ്പുറം ജില്ലയുടെ കണക്കില്‍ ആണ് വരിക. അല്ലാതെ ഒരു കാരണവശാലും അതൊരിക്കലും ഒരു പ്രത്യേക വിഭാഗത്തെയോ ജില്ലയെക്കുറിച്ചുള്ളതല്ല. ഇതെല്ലാം എത്രയോ തവണ വ്യക്തമാക്കപ്പെട്ട കാര്യമാണ്. ഇതിനെല്ലാം മതനിരപേക്ഷ മനസുകള്‍ മറുപടി നല്‍കും,’ മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Reference to Malappuram; Chief Minister says The Hindu paper admitted their fault