ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ കളിച്ച് മുന്നേറുന്ന താരമാണ് എർലിങ് ഹാലണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കായി മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന ഹാലണ്ട് ക്ലബ്ബിലെത്തിയ ആദ്യ സീസണിൽ തന്നെ നിരവധി റെക്കോഡുകളും സ്വന്തം പേരിലാക്കിയിരുന്നു.
എന്നാൽ സിറ്റിയുടെ ഗോളടി യന്ത്രമായ ഹാലണ്ടിനെ റയൽ മാഡ്രിഡ് വാങ്ങും എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.
എ.എസാണ് റയൽ മാഡ്രിഡ് ഹാലണ്ടിനെ വാങ്ങിയേക്കുമെന്ന റിപ്പോട്ട് പുറത്ത് വിട്ടിരിക്കുന്നത്.
അടുത്ത സീസണിൽ 220 മുതൽ 240 വരെ മില്യൺ യൂറോ നൽകിയാണ് ഹാലണ്ടിനെ റയൽ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ശ്രമം നടത്തുന്നത് എന്നാണ് എ.എസിന്റെ റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്.
ബെൻസെമ പോകുന്നതോടെ ഹാലണ്ടിനെ സാന്തിയാഗോ ബെർണാബ്യൂവിലേക്കെത്തിക്കുന്ന റയൽ, താരത്തെ ക്ലബ്ബിന്റെ മുന്നേറ്റ നിരയുടെ അഭിവാജ്യ ഘടകമാക്കി മാറ്റാൻ തയ്യാറെടുക്കുന്നു എന്നാണ് എ.എസ് പറയുന്നത്.
ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നുമാണ് ഹാലണ്ട് മാൻ സിറ്റിയിലേക്കെത്തിയത്. 2027 വരെ സിറ്റിയിൽ കരാറുള്ള ഹാലണ്ട് 26 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും 28 ഗോളുകളാണ് സ്കോർ ചെയ്തിരിക്കുന്നത്.
എന്നാൽ ഹാലണ്ടിനെക്കൂടാതെ പി.എസ്.ജിയിൽ നിന്നും സൂപ്പർ താരം എംബാപ്പെയേയും സൈൻ ചെയ്യാൻ റയൽ മാഡ്രിഡ് തയ്യാറെടുക്കുന്നുണ്ടെന്ന റിപ്പോട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ്, ബെൻസെമ മുതലായ സൂപ്പർ താരങ്ങൾ അധികം വൈകാതെതന്നെ ക്ലബ്ബ് വിടുന്ന വേളയിലാണ് എംബാപ്പെയേയും ഹാലണ്ടിനെയും സ്വന്തമാക്കാൻ റയൽ ശ്രമിക്കുന്നത്.