അവന്‍ ചിലപ്പോള്‍ റയലില്‍ തുടരും തുടരാതിരിക്കും, ഞാനത് കാര്യമാക്കുന്നില്ല; ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളോട് പ്രതികരിച്ച് കോച്ച്
Football
അവന്‍ ചിലപ്പോള്‍ റയലില്‍ തുടരും തുടരാതിരിക്കും, ഞാനത് കാര്യമാക്കുന്നില്ല; ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളോട് പ്രതികരിച്ച് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th February 2023, 5:48 pm

കഴിഞ്ഞ ദിവസം ലാ ലിഗയില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് എല്‍ച്ചെയെ തോല്‍പ്പിച്ചിരുന്നു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ ജയം. മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ മാര്‍ക്കോ അസെന്‍സിയോ ആണ് റയലിനായി ആദ്യ ഗോള്‍ വലയിലെത്തിച്ചത്.

തുടര്‍ന്ന് 31ാം മിനിട്ടില്‍ ബെന്‍സെമ റയലിന്റെ രണ്ടാമത്തെ ഗോള്‍ തൊടുത്തു. 45ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍. രണ്ടാം പാദത്തിന്റെ 80ാം മിനിട്ടില്‍ ലൂക്കാ മോഡ്രിച്ചും എല്‍ച്ചെയുടെ വലകുലുക്കി.

മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അസെന്‍സിയോയുടെ കരാര്‍ പുതുക്കുന്നതിനെ പറ്റി കോച്ച് കാര്‍ലോ ആന്‍സലോട്ടിയോട് ചോദിച്ചിട്ടുണ്ടായിരുന്നു. താരത്തിന് ക്ലബ്ബില്‍ നില്‍ക്കുകയോ പോവുകയോ ചെയ്യാമെന്നും താനത് കാര്യമാക്കുന്നില്ലെന്നുമാണ് ആന്‍സലോട്ടി മറുപടി പറഞ്ഞത്.

‘അസെന്‍സിയോയെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. അവന്‍ ഞങ്ങളുടെ കൂടെ തുടരുമോ ഇല്ലയോ എന്നതിനെക്കുറിച്ച് എനിക്കറിയില്ല. ചിലപ്പോള്‍ തുടരുമായിരിക്കും, ഞാന്‍ അത് കാര്യമാക്കുന്നില്ല. ലാ ലിഗയില്‍ ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട സീസണ്‍ ആണിത്.

മറ്റൊരു കാര്യം എന്താണെന്നു വെച്ചാല്‍ കഴിഞ്ഞ തവണത്തെ പോലെ അവന്‍ ഇത്തവണയും കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നുണ്ട്. അവനെ ഇതുപോലെ തുടരാന്‍ അനുവദിക്കൂ. ക്ലബ്ബ് എല്ലാവര്‍ക്കും ഉചിതമായ തീരുമാനമെടുക്കുന്നതായിരിക്കും,’ ആന്‍സലോട്ടി പറഞ്ഞു.

വരുന്ന ജൂണ്‍ മാസത്തിലാണ് റയലുമായുള്ള അസന്‍സിയോയുടെ കരാര്‍ അവസാനിക്കുന്നത്. റയല്‍ വിടുകയാണെങ്കില്‍ ആഴ്‌സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, എ.സി മിലാന്‍, എ.എസ്. റോമ എന്നീ ക്ലബ്ബുകളില്‍ ഏതെങ്കിലും ഒന്നില്‍ താരം ജോയിന്‍ ചെയ്യുമെന്നാണ് ഏജന്റ് ജോര്‍ജ് മെന്‍ഡസ് സൂചന നല്‍കിയത്.

ലണ്ടനില്‍ അസെന്‍സിയോയുടെ പ്രതിനിധി ആഴ്‌സണലുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. മിറര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റയല്‍ മാഡ്രിഡില്‍ ഇതുവരെ കളിച്ച 262 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളും 29 അസിസ്റ്റുകളുമാണ് അസെന്‍സിയോയുടെ സമ്പാദ്യം.

Content Highlights: Real Madrid manager Carlo Ancelotti issues blunt verdict on Asensio’s contract situation