ന്യൂദൽഹി: റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) ആറ് അംഗ മോണിറ്ററി പോളിസി കമ്മിറ്റി. ഒപ്പം റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.25 ശതമാനമാക്കി. അഞ്ച് വർഷത്തിന് ശേഷം ആദ്യമായാണ് റിസർവ് ബാങ്കിൻ്റെ പണനയ അവലോകന സമിതി റിപ്പോ നിരക്ക് കുറച്ചത്. 2020 മെയ് മാസത്തിലായിരുന്നു അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആര്‍.ബി.ഐ പലിശ നിരക്ക് കുറച്ചിട്ടില്ലായിരുന്നു.
ഇതുവരെ റിപ്പോ നിരക്ക് 6.5 ശതമാനമായിരുന്നു. ഉപഭോഗം വർധിപ്പിക്കുന്നതിനായി കേന്ദ്രം വ്യക്തിഗത ആദായനികുതി കുറച്ചതിന് ഒരു ആഴ്ച കഴിഞ്ഞപ്പോഴാണ് ഈ നീക്കം. വായ്പകളുടെ ചെലവ് കുറച്ച് വളര്‍ച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ റിപ്പോ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ ആര്‍.ബി.ഐ മാറ്റം വരുത്തിയത്. അന്ന് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു.
റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ് വന്നതോടെ റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്ക് ഉടനെ കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തോളം കുറവുവരും.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍നിന്ന് 6.7 ശതമാനമാക്കി. പണപ്പെരുപ്പം 4.2 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
Content Highlight: RBI cuts repo rate by 25 basis points to 6.25%