നന്ദി പറയാനാണ് ബിജു വിളിച്ചത് — ഇഷ്ടഗായകനായ ബ്രഹ്മാനന്ദനെ കുറിച്ച് ഒരു വാരികയില്‍ എഴുതിയ ലേഖനം വായിച്ച്. കൂട്ടത്തില്‍ ഒരു ആവലാതിയും പറഞ്ഞു അയാള്‍; വിചിത്രമായ ആവലാതി:
‘സുഹൃത്തുക്കളൊക്കെ എന്നെ കളിയാക്കുന്നു സാര്‍; ബ്രഹ്മാനന്ദനാണ് മലയാളത്തിലെ ഏറ്റവും വലിയ പാട്ടുകാരന്‍ എന്ന് പറഞ്ഞതിന്റെ പേരില്‍. ഞാന്‍ പറഞ്ഞത് തെറ്റാണോ? നമുക്ക് ഇഷ്ടമുള്ള ഗായകനെ പുകഴ്ത്തിപ്പറയുന്നത് അത്ര വലിയ അപരാധമാണോ?’– വിതുമ്പലിന്റെ വക്കോളമെത്തിയ ശബ്ദത്തില്‍ അയാളുടെ ചോദ്യം.
എന്തു പറയണം എന്നറിയില്ലായിരുന്നു എനിക്ക്. അപൂര്‍വമല്ല ഇത്തരം ഫോണ്‍കോളുകള്‍. ഒരു പ്രത്യേക ഗായകനോട് , ഗായികയോട് , അല്ലെങ്കില്‍ സംഗീത സംവിധായകനോട് അകമഴിഞ്ഞ ആരാധന ഉള്ളില്‍ സൂക്ഷിക്കുന്നവരായിരിക്കും ഇങ്ങനെ വിളിക്കുന്നവരില്‍ ഏറെയും. ആരെയും നിരാശരാക്കാറില്ല. ഓരോരുത്തര്‍ക്കും ഉണ്ടാവുമല്ലോ അവരവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും. “ ബ്രഹ്മാനന്ദനെ ഇഷ്ടപ്പെടാന്‍ താങ്കള്‍ക്ക് എല്ലാ അര്‍ഹതയുമുണ്ട്.,”– ബിജുവിനെ ആശ്വസിപ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. “ആ ഇഷ്ടത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശവുമില്ല. മലയാളത്തിലെ ഏറ്റവും മികച്ച ഗായകരില്‍ ഒരാള്‍ തന്നെയാണ് അദ്ദേഹം. കുറച്ചു പാട്ടുകളേ പാടിയുള്ളുവെങ്കിലും അവയില്‍ ഭൂരിഭാഗവും ഹിറ്റാക്കി മാറ്റിയ ഗായകന്‍.”
പക്ഷേ ആശ്വാസവചനങ്ങളൊന്നും ബിജുവിനെ തൃപ്തനാക്കിയതായി തോന്നിയില്ല. ഉള്ളിലെ വേവലാതി മറച്ചുവെക്കാതെ അയാള്‍ വീണ്ടും പറഞ്ഞു: “അങ്ങനെയൊക്കെ ഞാന്‍ വാദിച്ചു നോക്കി, ഒരു ഫലവുമുണ്ടായില്ല സാറേ. യേശുദാസിന്റെയോ ജയചന്ദ്രന്റെയോ റേഞ്ച് ഇല്ല ബ്രഹ്മാനന്ദന് എന്നാണ് അവരെല്ലാം പറയുന്നത്. ദേവരാജന്‍ മാഷ്‌ക്കൊന്നും അയാളെ ഇഷ്ടമല്ലായിരുന്നു പോലും.
എപ്പോള്‍ ബ്രഹ്മാനന്ദനെ കുറിച്ച് പറഞ്ഞു തുടങ്ങിയാലും കൂട്ടുകാര്‍ എന്നെ ഒച്ചവെച്ച് തടയും. കൊല്ലാന്‍ വരും. എന്തു പറഞ്ഞാലാണ് എനിക്ക് അവരുടെ മുന്നില്‍ ഒന്ന് പിടിച്ചുനില്‍ക്കാന്‍ പറ്റുക?” — ബിജുവിന്റെ നിഷ്‌കളങ്കമായ ചോദ്യം. യേശുദാസും ജയചന്ദ്രനും ഒരുപോലെ ഇഷ്ടപ്പെടുന്ന ശബ്ദമാണ് ബ്രഹ്മാനന്ദന്റേത് എന്ന് അവരോട് പറയൂ എന്ന് ഞാന്‍. പോര; ബിജുവിന് എന്നിട്ടും തൃപ്തി വരുന്നില്ല.
ബ്രഹ്മാനന്ദന്റെ ശബ്ദത്തിന്റെയും ആലാപനത്തിന്റെയും സവിശേഷതകളെ കുറിച്ച്, ഗാനങ്ങള്‍ക്ക് അദ്ദേഹം പകര്‍ന്നു നല്‍കിയ അസാധാരണമായ ഭാവഗാംഭീര്യത്തെക്കുറിച്ച്, അര മണിക്കൂറെങ്കിലും ബിജുവിന് ക്ലാസെടുക്കേണ്ടിവന്നു അന്ന്. സന്തുഷ്ടനായാണ് അയാള്‍ ഫോണ്‍ വെച്ചത്. അടുത്ത തവണ വിളിച്ചപ്പോള്‍ ശബ്ദത്തില്‍ പഴയ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. ശുഭാപ്തിവിശ്വാസം വീണ്ടുകിട്ടിയ പോലെ. “ഇപ്പൊ അത്യാവശ്യം പിടിച്ചുനില്‍ക്കാന്‍ പറ്റുന്നുണ്ട്. എങ്ങനെ നന്ദി പറയണംന്നറിഞ്ഞൂടാ. സാര്‍ പറഞ്ഞ ചില കാര്യങ്ങളൊക്കെ അവര്‍ക്ക് പുതിയ അറിവായിരുന്നു. എന്നാലും ഉത്തരം മുട്ടുമ്പോ പിന്നേം അവര്‍ പ്രശ്‌നമുണ്ടാക്കാന്‍ വരും. ഇപ്പൊ അതൊക്കെ അത്യാവശ്യം ഡീല്‍ ചെയ്യാന്‍ പറ്റുന്നുണ്ട് ..” ബ്രഹ്മാനന്ദന്റെ “പ്രിയമുള്ളവളേ ” എന്ന പാട്ടിന്റെ പല്ലവി പാടിക്കേള്‍പ്പിച്ച ശേഷമാണ് അന്ന് ബിജു ഫോണ്‍ വെച്ചത്..
അതായിരുന്നു തുടക്കം. പിന്നെയും ബിജു വിളിച്ചുകൊണ്ടിരുന്നു. മാസത്തില്‍ ഒരു തവണ എന്ന കണക്കില്‍. ആദ്യമാദ്യം ലാന്‍ഡ് ഫോണിലായിരുന്നു വിളി. മൊബൈല്‍ ഫോണ്‍ തരംഗം വന്നതോടെ അതിലായി. വിചിത്രമായ സംശയങ്ങളുമായാണ് വിളിക്കുക. അധികവും യുക്തിക്ക് നിരക്കാത്തവ: പാടുമ്പോള്‍ യേശുദാസിന് എത്ര നേരം ശ്വാസം പിടിച്ചുനിര്‍ത്താന്‍ കഴിയും? സ്റ്റേജില്‍ ഭഗവാന്‍ എന്ന പാട്ട് പാടി തൊണ്ട പൊട്ടി മുഹമ്മദ് റഫി ബോധം കെട്ടു വീണു എന്നത് ശരിയാണോ ? ഹിന്ദിയില്‍ തന്റെ അവസരം തട്ടിയെടുക്കാന്‍ വന്ന യേശുദാസിനെ കിഷോര്‍ കുമാര്‍ ഒരിക്കല്‍ തെരുവില്‍ വെച്ച് വെടിവെച്ചില്ലേ? ഇങ്ങനെയൊക്കെയാണ് ചോദ്യങ്ങളുടെ പോക്ക്.
പലപ്പോഴും ക്ഷമയുടെ നെല്ലിപ്പടി കണ്ടിട്ടും ബിജുവിന്റെ ഫോണ്‍ എടുക്കാതിരിക്കാന്‍ മടിയായിരുന്നു — ആ ശബ്ദത്തിലെ ശിശുസഹജമായ നിഷ്‌കളങ്കത തന്നെ കാരണം.
പാട്ടുവര്‍ത്തമാനങ്ങള്‍ക്കിടെ അപൂര്‍വമായി സ്വന്തം ജീവിതത്തെ കുറിച്ചും സംസാരിക്കും ബിജു; നിര്‍ബന്ധിച്ചാല്‍ മാത്രം. അച്ഛനില്ല. അമ്മയുടെ ഒറ്റ മകന്‍. പെയിന്റിംഗ് തൊഴിലാളിയാണ്; ഒപ്പം നല്ലൊരു ചെണ്ടവാദ്യ കലാകാരനും. ഉത്സവങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്കും ചെണ്ട കൊട്ടാന്‍ പോകാറുണ്ട്. എങ്കിലും വീട്ടിലെ സാമ്പത്തിക സ്ഥിതി മഹാകഷ്ടം.
അച്ഛന്‍ ഉപേക്ഷിച്ചു പോയ ശേഷം കൂലിപ്പണിയെടുത്താണ് അമ്മ ബിജുവിനെ വളര്‍ത്തിയത്. പ്രായം നാല്‍പ്പതാവാറായിട്ടും കല്യാണം കഴിക്കാത്തതെന്തേ എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ പൊടുന്നനെ മൗനിയായി ബിജു. പിന്നെ, പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു: “ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. അമ്മയും നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷേ എനിക്കാരും പെണ്ണ് തരില്ല സാര്‍…” സംസാരം പിന്നേയും കരച്ചിലിലേക്ക് വഴുതിവീഴുമോ എന്ന് സംശയം തോന്നിയതിനാല്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല.
അടുത്ത തവണ വിളിച്ചപ്പോള്‍ ചോദിക്കാതെ തന്നെ ബിജു തന്റെ കഥ പറഞ്ഞു: “ഫുള്‍ കഷണ്ടിയാണ് സാര്‍ ഞാന്‍. തലയില്‍ പേരിന് പോലുമില്ല ഒരു രോമം. മീശേം താടീം ഒന്നൂല്യ. . പത്തുപതിനഞ്ചു വര്‍ഷം മുന്‍പ് ഒരു പനി വന്ന് എന്തോ മരുന്ന് കഴിച്ച ശേഷം സംഭവിച്ചതാണ്. ഒരാഴ്ച കൊണ്ട് രോമമൊക്കെ കൊഴിഞ്ഞുപോയി. പല പല മരുന്നും പരീക്ഷിച്ചു നോക്കി. ഒരു കാര്യോം ഉണ്ടായില്ല. ഇനിയൊട്ട് പ്രതീക്ഷയും ഇല്ല…”
പാട്ട് ഇഷ്ടമുള്ള ഏതെങ്കിലും ഒരു പെണ്‍കുട്ടിക്ക് യഥാര്‍ത്ഥ ബിജുവിനെ മനസ്സിലാക്കാന്‍ കഴിഞ്ഞെങ്കിലോ എന്ന് ചോദിച്ചപ്പോള്‍ നിഷ്‌കളങ്കമായി ചിരിച്ചു അയാള്‍. “അങ്ങനെ ഒരുത്തി ഉണ്ടായിരുന്നു സാറേ. കുട്ടിക്കാലം മുതലുള്ള പ്രേമായിരുന്നു. അവളും പാടും. പക്ഷേ കഷണ്ടി ആയ ശേഷം അവള്‍ എന്നെ കണ്ടാല്‍ മിണ്ടാണ്ടായി. മൈന്‍ഡ് ഇല്ല. വീട്ടുകാര്‍ അവളെ വേഗം കെട്ടിച്ചുവിട്ടു.” ഒരു നിമിഷം നിര്‍ത്തിയ ശേഷം ബിജു തുടര്‍ന്നു: “ആ കുട്ടിയെ കുറ്റപ്പെടുത്താന്‍ പറ്റില്ല. എന്റെ രൂപം കണ്ടാല്‍ സാറും അതേ പറയൂ. അത്രേം മോശാണ്. കൂട്ടുകാര് മുട്ട ബിജൂന്നാ വിളിക്ക്യാ. ഇപ്പൊ അതൊക്കെ ശീലായി. എന്നാലും ഇടക്ക് വല്ലാത്ത സങ്കടം വരും. പാട്ടു കേള്‍ക്കുന്നത് തന്നെ ആ സങ്കടം മാറാനാണ്… ” കൂടുതലൊന്നും പറഞ്ഞില്ല ബിജു. പിന്നീടുള്ള സംഭാഷണങ്ങളില്‍ ആ വിഷയം സ്പര്‍ശിച്ചുമില്ല ഞങ്ങള്‍.
ആറേഴു മാസം കഴിഞ്ഞപ്പോള്‍ ബിജുവിന്റെ വിളികള്‍ വരാതായി. ഉപജീവനാര്‍ത്ഥം വിദേശത്തു പോയിരിക്കുമെന്നാണ് കരുതിയത്. ഗള്‍ഫില്‍ ജോലിക്ക് ശ്രമിക്കുന്നതിനെ കുറിച്ച് ഇടക്കിടെ പറയുമായിരുന്നു അയാള്‍. ഒരിക്കല്‍ ഫോണ്‍ മാറ്റിയപ്പോള്‍ ആ നമ്പര്‍ നഷ്ടപ്പെടുക കൂടി ചെയ്തതോടെ ബിജുവുമായുള്ള അവസാന ബന്ധവും അറ്റു. വിചിത്രമായ ആ സംശയങ്ങളും പരിഭവങ്ങളുമെല്ലാം ഓര്‍മ്മ മാത്രമായി. എങ്കിലും ബ്രഹ്മാനന്ദന്റെ പാട്ടുകള്‍ക്കൊപ്പം ബിജുവിന്റെ സംസാരവും മനസ്സില്‍ കടന്നുവരുമായിരുന്നു എപ്പോഴും. രണ്ടു വര്‍ഷം കഴിഞ്ഞു ഒരിക്കല്‍ യാദൃച്ഛികമായി ബിജുവിന്റെ നമ്പര്‍ കണ്ടുകിട്ടുന്നു. പഴയൊരു ഡയറിയില്‍ കുറിച്ചുവെച്ചതാണ്. വെറുതെ ഒരു കൗതുകത്തിന് ആ നമ്പര്‍ ഡയല്‍ ചെയ്തപ്പോള്‍ ഫോണെടുത്തത് ബിജുവിന്റെ അമ്മ.
മകന് ഫോണ്‍ കൊടുക്കാമോ എന്ന ചോദ്യത്തിന് മുന്നില്‍ നിമിഷങ്ങളോളം മൗനിയായി നിന്നു അവര്‍. പിന്നെ പറഞ്ഞു: “ബിജു പോയി മോനേ. ഒന്നര കൊല്ലമായി. അവന്റെ കൂട്ടുകാരെയൊന്നും അറിയിക്കാന്‍ പറ്റിയില്ല. എനിക്ക് നിങ്ങളെയൊന്നും പരിചയമില്ലല്ലോ..” ശബ്ദത്തിലെ നേര്‍ത്ത ഗദ്ഗദം പുറത്തു കേള്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ഞെട്ടിക്കുന്ന ആ വാര്‍ത്ത കേട്ട് ഒന്നും മിണ്ടാനാകാതെ തരിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍.
സാധാരണ മരണമായിരുന്നില്ലത്രേ ബിജുവിന്റേത്; ആത്മഹത്യയായിരുന്നു. മകന്‍ മരണം തിരഞ്ഞെടുക്കാന്‍ കാരണമെന്തെന്ന് ഇത്ര കാലം കഴിഞ്ഞിട്ടും അമ്മയ്ക്കറിയില്ല. ഒന്നും എഴുതിവെച്ചിരുന്നില്ല ബിജു. എങ്കിലും ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയതിന്റെ ദുഃഖം ഉണ്ടായിരുന്നുവത്രേ അയാള്‍ക്ക്. “മൂന്ന് നാലു കല്യാണം വഴിക്കുവഴിയായി മുടങ്ങിയ ശേഷം അവന്‍ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു.അധികനേരവും വാതിലടച്ചിട്ട് മുറിയില്‍ ഒറ്റക്കിരിക്കും. ചെലപ്പോ മാനസിക വിഷമം കൊണ്ടാവും ഈ കടുംകൈ ചെയ്തത്. അവന്റെ കഷണ്ടിയാണ് സാറേ എല്ലാത്തിനും കാരണം…” — അമ്മയുടെ ശബ്ദം ഇടറുന്നു. കൂടുതലൊന്നും ചോദിക്കാതെ ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്തിട്ടും, ബിജുവിന്റെ ശബ്ദം കാതില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു; അയാള്‍ പാടിത്തന്ന ബ്രഹ്മാനന്ദന്റെ പാട്ടുകളും. ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല ആ മരണം; വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും.
അഷ്റഫ് ഹംസ സംവിധാനം ചെയ്ത “തമാശ” എന്ന സിനിമ കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ വീണ്ടും ബിജുവിനെ ഓര്‍ത്തു. തീര്‍ത്തും അപ്രസക്തം, ബാലിശം എന്നൊക്കെ എന്ന് നമ്മള്‍ കരുതുന്ന കാര്യങ്ങള്‍ ചിലരുടെ ജീവിതത്തെ എത്ര തീവ്രമായി ബാധിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ച്ച. കഷണ്ടിക്കാരനായ നായകന്റെ ആകുലതകളും വ്യാകുലതകളും ആശങ്കകളും എത്ര തന്മയത്വത്തോടൊടെയാണ് വിനയ് ഫോര്‍ട്ട് എന്ന യുവനടന്‍ ആ സിനിമയില്‍ വരച്ചുകാട്ടുന്നത്. അപകര്‍ഷബോധമുള്ള കഥാപാത്രങ്ങളെ എത്രയോ നടന്‍മാര്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചുകണ്ടിട്ടുണ്ട് ഇതിനു മുന്‍പും. പക്ഷെ വിനയ് ഫോര്‍ട്ടിന്റെ ശ്രീനിവാസന്‍ എന്ന കഥാപാത്രം അവരെയെല്ലാം പിന്നിലാക്കുന്നു. നന്ദി വിനയ്, നന്ദി ചിന്നു ചാന്ദ്‌നി, നന്ദി അഷ്റഫ് ഹംസ.
ബിജുമാരുടെ ആകുലതകള്‍ അവസാനിക്കുന്നില്ല. സമൂഹം എന്നാണിനി അവരോട് അല്‍പ്പം കൂടി കനിവ് കാട്ടുക?