നായകസ്ഥാനം എന്നുള്ളത് ഒരു വലിയ ഉത്തരവാദിത്തമാണ്; പുതിയ ചുവടുവെപ്പിനെ കുറിച്ച് അഫ്​ഗാൻ സൂപ്പർതാരം
Cricket
നായകസ്ഥാനം എന്നുള്ളത് ഒരു വലിയ ഉത്തരവാദിത്തമാണ്; പുതിയ ചുവടുവെപ്പിനെ കുറിച്ച് അഫ്​ഗാൻ സൂപ്പർതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th December 2022, 7:46 pm

അഫ്ഗാനിസ്ഥാന്റെ ടി-20 ടീം ക്യാപ്റ്റനായി സ്പിന്നർ റാഷിദ് ഖാനെ തെരഞ്ഞെടുത്തു. 2022ലെ ടി-20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ മുഹമ്മദ് നബിക്ക് പകരമാണ് റാഷിദ് എത്തുന്നത്. 2019ൽ ഏഴ് വീതം ടി-20യിലും ഏക ദിനത്തിലും റാഷിദ് അഫ്ഗാനെ നയിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ടെസ്റ്റിലും റാഷിദ് അഫ്ഗാന്റെ ക്യാപ്റ്റനായിരുന്നു.

“അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിലെ ഒരു വലിയ പേരാണ് റാഷിദ് ഖാൻ. ലോകമെമ്പാടുമുള്ള ഫോർമാറ്റ് കളിച്ചതിൽ അദ്ദേഹത്തിന് മഹത്തായ അനുഭവമുണ്ട്. അദ്ദേഹത്തിന് ടീമിനെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ സാധിക്കും,” അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മിർവായിസ് അഷ്റഫ് പറഞ്ഞു.

അടുത്തവർഷം യു.എ.ഇക്കെതിരെ ആരംഭിക്കുന്ന ടി-20 പരമ്പരയിൽ റാഷിദ് സ്ഥാനം ഏറ്റെടുക്കും. നായകസ്ഥാനം വലിയ ഉത്തരവാദിത്തമാണെന്നാണ് റാഷിദ് പറഞ്ഞത്. മുമ്പും സ്വന്തം രാജ്യത്തെ നയിച്ചുള്ള പരിചയം തനിക്കുണ്ടെന്നും, അഫ്​ഗാനിൽ കഴിവും മികവുമുള്ള ധാരാളം താരങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നായകസ്ഥാനം എന്നുള്ളത് ഒരു വലിയ ഉത്തരവാദിത്തമാണ്. കഴിവും അടുപ്പവുമുള്ള ഒരുപാട് താരങ്ങൾ അഫ്ഗാനുണ്ട്. ഒത്തൊരുമയോടെ കളിക്കാൻ ഞങ്ങൾക്ക് സാധിക്കും.” റാഷിദ് പറഞ്ഞു. ഇപ്പോൾ ബിഗ് ബാഷിൽ കളിച്ചുകൊണ്ടിരിക്കുകയാണ് താരം.

അഫ്ഗാനായി 74 ടി-20 മത്സരങ്ങൾ കളിച്ചിട്ടുള്ള റാഷിദ് 122 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. മൂന്ന് റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 2015ൽ സിംബാബ്‌വെക്കെതിരേയായിരുന്നു റാഷിദിന്റെ അരങ്ങേറ്റം.

ബാറ്ററായും തിളങ്ങുന്ന റാഷിദ് പലപ്പോഴും നിർണായക സംഭാവന നൽകിയിട്ടുണ്ട്. 41 ടി-20 ഇന്നിങ്സിൽ 328 റൺസാണ് റാഷിദിന്റെ സമ്പാദ്യം. 18 തവണ താരം പുറത്തായില്ല. 48 റൺസാണ് ഉയർന്ന സ്‌കോർ.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ് റാഷിദ്. അരങ്ങേറ്റ സീസണിൽ തന്നെ ഗുജറാത്ത് കിരീടം നേടുമ്പോൾ റാഷിദിന്റെ പ്രകടനം നിർണായകമായിരുന്നു. 92 ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് 112 വിക്കറ്റുകൾ റാഷിദ് വീഴ്ത്തി. 24 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഐ.സി.സി ടി-20 റാങ്കിങിൽ രണ്ടാം സ്ഥാനത്താണ് താരം. ലോകകപ്പിൽ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായി മാറിയ ലങ്കൻ സ്പിന്നർ വനിന്ദു ഹസരങ്കയാണ് ഒന്നാം സ്ഥാനത്ത്.

Content Highlights: Rashid Khan got selected as AfghanAtalan’s T20I captain