രണ്ട് ഓവറില്‍ ഹാട്രിക് അതും ടെസ്റ്റില്‍; 319 റണ്‍സിന്റെ പടുകൂറ്റന്‍ വിജയവുമായി മൂന്നാമത്
Sports News
രണ്ട് ഓവറില്‍ ഹാട്രിക് അതും ടെസ്റ്റില്‍; 319 റണ്‍സിന്റെ പടുകൂറ്റന്‍ വിജയവുമായി മൂന്നാമത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th January 2024, 10:47 pm

രഞ്ജി ട്രോഫിയില്‍ ഹാട്രിക് നേട്ടവുമായി മധ്യപ്രദേശിന്റെ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം കുമാര്‍ കാര്‍ത്തികേയ. ഗ്രൂപ്പ് ഡി-യില്‍ നടന്ന പുതുച്ചേരി-മധ്യപ്രദേശ് മത്സരത്തിലാണ് കാര്‍ത്തികേയ ഹാട്രിക് സ്വന്തമാക്കിയത്. ഹാട്രിക് അടക്കം ആറ് വിക്കറ്റാണ് കാര്‍ത്തികേയ മത്സരത്തില്‍ പിഴുതെറിഞ്ഞത്.

രണ്ടാം ഇന്നിങ്‌സിലെ 18ാം ഓവറിലാണ് കാര്‍ത്തികേയ ഹാട്രിക്കിന് തുടക്കമിട്ടത്. ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് നേടിയ താരം സ്‌പെല്ലിലെ അടുത്ത രണ്ട് പന്തിലും വിക്കറ്റ് വീഴ്ത്തി ഹാട്രിക് പൂര്‍ത്തിയാക്കുകയായിരുന്നു.

 

എസ്. പരമേശ്വരനെയാണ് കാര്‍ത്തികേയ ആദ്യം പുറത്തായത്. അഞ്ച് പന്തില്‍ രണ്ട് റണ്‍സ് നേടി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം പുറത്തായത്.

20ാം ഓവറിലെ ആദ്യ പന്തില്‍ പരാസ് ദോഗ്രയെ യാഷ് ദുബെയുടെ കൈകളിലെത്തിച്ച് മടക്കിയ കാര്‍ത്തികേയ തൊട്ടടുത്ത പന്തില്‍ സൗരഭ് യാദവിനെ ഗോള്‍ഡന്‍ ഡക്കായും പുറത്താക്കി.

കാര്‍ത്തികേയയുടെ ഹാട്രിക് നേട്ടം

17.6 – എസ്. പരമേശ്വരന്‍ 3 (5) – lbw

19.1 – പി.കെ ദോഗ്ര 16 (20) – c യാഷ് ദുബെ

19.2 – സൗരഭ് യാദവ് 0 (1) – lbw

ഇവര്‍ക്ക് പുറമെ ഓപ്പണര്‍മാരായ ആകാശ് കര്‍ഗാവെ, ജയ് പാണ്ഡേ എന്നിവരെയും കൃഷ്ണ പാണ്ഡേയെയും കാര്‍ത്തികേയ പുറത്താക്കിയിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടിയ കാര്‍ത്തികേയ മത്സരത്തില്‍ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

അതേസമയം, മത്സരത്തില്‍ 319 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് മധ്യപ്രദേശ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ടീം ഉയര്‍ത്തിയ 428 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പുതുച്ചേരി 108ന് പുറത്തായി.

സ്‌കോര്‍

മധ്യപ്രദേശ് – 238 & 289

പുതുച്ചേരി (T: 428) – 100 & 108

ഈ ജയത്തിന് പിന്നാലെ ഗ്രൂപ്പ് ഡി-യില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും മധ്യപ്രദേശിനായി. മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയവുമായി 10 പോയിന്റാണ് മധ്യപ്രദേശിനുള്ളത്. 12 പോയിന്റുമായി പുതുച്ചേരി രണ്ടാമതാണ്.

ഫെബ്രുവരി രണ്ടിനാണ് മധ്യപ്രദേശിന്റെ അടുത്ത മത്സരം. പട്ടികയില്‍ ആറാമതുള്ള ഹിമാചലാണ് എതിരാളികള്‍.

 

Content highlight: Ranji Trophy: Kumar Kartikeya picks hattrick against Puducherry