രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സി-യില്‍ കേരളം – കര്‍ണാടക മത്സരം സമനിലയില്‍. മത്സരത്തിന്റെ നാലാം ദിവസവും മഴ വില്ലനായതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിക്കും. രണ്ടാം മത്സരവും സമനിലയിലായതോടെ ആദ്യ ജയത്തിനായുള്ള കര്‍ണാടകയുടെ കാത്തിരിപ്പ് തുടരുകയാണ്.
മത്സരത്തില്‍ ടോസ് നേടിയ കര്‍ണാടക എതിരാളികളെ ബാറ്റിങ്ങിനയച്ചു. മോശം കാലാവസ്ഥ മൂലം മത്സരത്തിന്റെ ടോസിങ്ങും ഏറെ വൈകിയിരുന്നു. തുടര്‍ന്നുള്ള ദിവിസങ്ങളിലും മഴ കളിച്ചതോടെ മത്സരവും അനിശ്ചിതത്വത്തിലാവുകയായിരുന്നു.
മത്സരത്തില്‍ ആകെ 50 ഓവര്‍ മാത്രമാണ് എറിഞ്ഞത്. കേരളത്തിനായി രോഹന്‍ എസ്. കുന്നുമ്മല്‍ അര്‍ധ സെഞ്ച്വറി നേടി. 88 പന്തില്‍ 63 റണ്‍സ് നേടിയാണ് രോഹന്‍ മടങ്ങിയത്.
ഓപ്പണര്‍ വത്സല്‍ ഗോവിന്ദ് 79 പന്തില്‍ 31 റണ്‍സടിച്ചപ്പോള്‍ ബാബ അപരാജിത് 58 പന്തില്‍ 19 റണ്‍സും നേടി. സച്ചിന്‍ ബേബി 62 പന്തില്‍ പുറത്താകാതെ 23 റണ്‍സ് നേടിയപ്പോള്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 15 റണ്‍സും സ്വന്തമാക്കി.
സീസണില്‍ സഞ്ജുവിന്റെ ആദ്യ രഞ്ജി മത്സരമായിരുന്നു ഇത്.
കര്‍ണാടകയ്‌ക്കെതിരെ സമനില നേരിട്ടതോടെ രണ്ട് മത്സരത്തില്‍ നിന്നും ഏഴ് പോയിന്റാണ് കേരളത്തിനുള്ളത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെയായിരുന്നു കേരളത്തിന്റെ വിജയം.
എന്നാല്‍ കര്‍ണാടകയുടെ കാര്യം അങ്ങനെയല്ല. ആദ്യ മത്സരത്തിലും സമനില വഴങ്ങേണ്ടി വന്ന ടീമിന് രണ്ട് പോയിന്റാണ് നിലവിലുള്ളത്. മധ്യപ്രദേശിനെതിരെ നടന്ന മത്സരത്തില്‍ ഒരു ടീമിനും മുന്‍തൂക്കം ലഭിക്കാതെ വന്നതോടെയാണ് ഇരു ടീമുകളും സമനിലയില്‍ പിരിയാന്‍ നിര്‍ബന്ധിതരായത്.
ഒരുപക്ഷേ ഈ മത്സരത്തില്‍ കര്‍ണാടകയ്ക്ക് ആദ്യ ഇന്നിങ്സ് ലീഡ് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ മൂന്ന് പോയിന്റ് ലഭിക്കുമായിരുന്നു. എന്നാല്‍ മായങ്കിനും സംഘത്തിനും അതിന് സാധിച്ചില്ല.
ആദ്യ ബാറ്റ് ചെയ്ത മധ്യപ്രദേശ് 425/8 എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിങ്സിനിറങ്ങിയ കര്‍ണാടകയ്ക്ക് നാലാം ദിവസം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ ഇരുവര്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയായിരുന്നു. ഇതേ അവസ്ഥ തന്നെയാണ് രണ്ടാം മത്സരത്തിലും കര്‍ണാടകയ്ക്ക് മുമ്പിലുള്ളത്.