Advertisement
Kerala News
നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടി മരിച്ചു, 15ഓളം പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 15, 06:35 am
Tuesday, 15th April 2025, 12:05 pm

നേര്യമംഗലം: എറണാകുളം നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട്  സ്വദേശിനി അനീറ്റ ബെന്നി (14) ആണ് മരിച്ചത്.

രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ 15ഓളം പേര്‍ക്കാണ് പരിക്കേറ്റത്.

ഇവരിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല.

എറണാകുളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇടുക്കിയിലേക്ക് വരുന്ന പ്രധാന യാത്ര മാർഗമാണ് നേര്യമംഗലം. നേര്യമംഗലത്ത് നിന്ന് ഇടുക്കിയിലേക്ക് പോകുന്ന പാമ്പളം ഡാമിന് സമീപം മണിയംപാറ എന്ന സ്ഥലത്താണ് അപകടം ഉണ്ടായിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ പുറത്തേക്ക് തെറിച്ചുവീണ കുട്ടി ബസിന്‍റെ അടിയിൽ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിശേഷമാണ് പെണ്‍കുട്ടിയെ പുറത്തെത്തടുത്തത്.

ബസിൽ കുടുങ്ങിയ മറ്റു യാത്രക്കാരെയും ഉടൻ തന്നെ പുറത്തെത്തിച്ചു. ഫയര്‍ഫോഴ്സടക്കമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിൽ നിരവധി യാത്രക്കാരാണ് ഉണ്ടായിരുന്നത്. നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്. ബസ് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം.

 

Content Highlight: KSRTC bus falls into ravine in Neryamangalam; people trapped