തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരുടെ അകമ്പടിയോടെ വസതിയിൽ നിന്ന് നടന്ന് ഇ.ഡി ഓഫീസിലെത്തി റോബർട്ട് വാധ്ര.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായിയും കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്രക്ക് ചൊവ്വാഴ്ച (ഏപ്രിൽ 15, 2025) ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നു. ഈ കേസിൽ ഏപ്രിൽ എട്ടിന് 56 കാരനായ വാധ്രയ്ക്ക് ആദ്യം സമൻസ് അയച്ചെങ്കിലും അദ്ദേഹം മൊഴിനൽകിയിരുന്നില്ല.
ഇ.ഡിയുടേത് കോൺഗ്രസിനെതിരെയുള്ള നടപടിയാണെന്ന് വിമർശിച്ച അദ്ദേഹം അണികളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതിന് ശേഷമാണ് ഇ.ഡി ഓഫീസിലേക്കുള്ള നടത്തം ആരംഭിച്ചത്. ഹാജരാകാൻ രാവിലെ 11 മണി മുതൽ ഇന്ന് വൈകീട്ട് അഞ്ച് മണി വരെ സമയം ഇ.ഡി നൽകിയിട്ടുണ്ടെങ്കിലും ഇന്ന് രാവിലെ 11 മണിയോടെ തന്നെ താൻ ഹാജരാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഇ.ഡിയുടെ നടപടി രാഷ്ട്രീയ പകപോക്കലാണെന്നും കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇത് പഴയ കേസ് ആണെന്നും 2008ൽ നടന്ന സംഭവമാണെന്നും തന്നെ രാഷ്ട്രീയമായി കരുവാക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി ഓഫീസിന്റെ തൊട്ട് മുന്നിൽ വെച്ച് കൂടെയുള്ള കോൺഗ്രസ് പ്രവർത്തകരെ ദൽഹി പൊലീസ് തടഞ്ഞു. വാധ്രയെ മാത്രമാകും അകത്തേക്ക് കടത്തിവിടുക.
2008 ഫെബ്രുവരിയിൽ വാധ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഗുരുഗ്രാമിലെ ഷിക്കോപൂരിലുള്ള 3.5 ഏക്കർ ഭൂമിയുടെ ഒരു ഭാഗം ഓങ്കാരേശ്വർ പ്രോപ്പർട്ടീസിൽ നിന്ന് 7.5 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടതാണ് കേസ്.
റോബർട്ട് വാധ്രയും പ്രിയങ്ക ഗാന്ധി വാധ്രയും ദൽഹി ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് വഴി ഹരിയാനയിൽ നിരവധി ഏക്കർ ഭൂമി വാങ്ങിയെന്നും അദ്ദേഹം എൻ.ആർ.ഐ വ്യവസായി സി. സി. തമ്പിക്ക് ഭൂമി വിറ്റുവെന്നും ഇ.ഡി 2023 ൽ അവകാശപ്പെട്ടിരുന്നു.
2020 ജനുവരിയിൽ അറസ്റ്റിലായ തമ്പി, വാദ്രയെ പത്ത് വർഷത്തിലേറെയായി അറിയാമെന്നും സോണിയ ഗാന്ധിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ശ്രീ മാധവനാണ് തന്നെ പരിചയപ്പെടുത്തിയതെന്നും വാദ്രയുടെ യു.എ.ഇ സന്ദർശന വേളയിലും ദൽഹിയിലും അവർ പലതവണ കണ്ടുമുട്ടിയെന്നും ഇ.ഡിയോട് പറഞ്ഞിരുന്നു.
2005 മുതൽ 2008 വരെ ഹരിയാനയിലെ ഫരീദാബാദിലെ അമിപൂർ ഗ്രാമത്തിൽ എൻ.സി.ആർ ആസ്ഥാനമായുള്ള ഏജന്റ് എച്ച്.എൽ പഹ്‌വ വഴി തമ്പി 486 ഏക്കർ ഭൂമി വാങ്ങിയതായി ഏജൻസി അവകാശപ്പെടുന്നു.
Content Highlight: Robert Vadra walks from his residence to ED office, escorted by Congress workers, after receiving notice