ഒരു ഒപ്പിട്ടാല്‍ മതി; ആണവകരാറിലേക്ക് തിരികെ മടങ്ങാന്‍ തയ്യാറെന്ന് റുഹാനി; സൗദിക്ക് തിരിച്ചടിയാകും, ഇന്ത്യക്ക് നേട്ടവും
World News
ഒരു ഒപ്പിട്ടാല്‍ മതി; ആണവകരാറിലേക്ക് തിരികെ മടങ്ങാന്‍ തയ്യാറെന്ന് റുഹാനി; സൗദിക്ക് തിരിച്ചടിയാകും, ഇന്ത്യക്ക് നേട്ടവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th December 2020, 8:01 am

ടെഹ്‌റാന്‍: അമേരിക്ക ഉള്‍പ്പെടെ ആറ് രാജ്യങ്ങളുമായുള്ള ആണവ കരാര്‍ പുനഃസ്ഥാപിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. കൂടുതല്‍ കൂടിയാലോചനകള്‍ ഇല്ലാതെ തന്നെ ആണവകരാറായ ജെ.പി.സി.ഒയിലേക്ക് തിരികെ പോകാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടാണ് റുഹാനി മുന്നോട്ട് വന്നത്.

ജെ.പി.സി.ഒ.എയില്‍ നിന്ന് 2018 മെയ് മാസത്തില്‍ ഒരു പേപ്പര്‍ വലിച്ചെറിയുന്ന ലാഘവത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങിയതെന്നും റുഹാനി പറഞ്ഞു.

അമേരിക്കയുടെ അടുത്ത പ്രസിഡന്റ് കേവലം ഒരു ഒപ്പിടുന്നതിലൂടെ ഇറാനുമായുള്ള ആണവകരാറിലേക്ക് തിരികെ മടങ്ങാം. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ല എന്നാണ് റുഹാനി അറിയിച്ചത്.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജെ.പി.സി.ഒ.എക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ ജെ.പി.സി.ഒയിലേക്ക് തിരികെ മടങ്ങുമോ എന്ന ചോദ്യത്തിന് അത് വലിയ പ്രയാസമേറിയ വിഷയമാണ് എന്നാലും ചെയ്യും എന്നാണ് തന്റെ ഉത്തരമെന്നായിരുന്നു ബൈഡന്‍ പറഞ്ഞത്.

ഇത് വ്യക്തമാക്കുന്നത് ബൈഡന്‍ ഇറാനുമായുള്ള ആണവകരാറിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് തന്നെയാണ്.

ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ ഇറാനു നേരെ അമേരിക്ക ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. ഇത് എണ്ണ സമ്പന്ന രാഷ്ട്രമായ ഇറാനെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.

ഇന്ത്യ ഉള്‍പ്പെട ഉള്ള രാഷ്ട്രങ്ങള്‍ ഇറാനില്‍ നിന്നും പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നത് അമേരിക്കയുടെ ഉപരോധത്തിന് പിന്നാലെ നിര്‍ത്തിയിരുന്നു.

ബൈഡന്റെ നേതൃത്വത്തില്‍ ഉപരോധം പിന്‍വലിച്ചാല്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറാനില്‍ നിന്നും വാങ്ങുമെന്ന് ഇന്ത്യയുടെ പെട്രോളിയം വകുപ്പ് മന്ത്രി അറിയിച്ചിരുന്നു.

അതേസമയം അമേരിക്കയുമായി അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന സൗദിയ്ക്കും ഇസ്രഈലിനും ഇറാനുമായുള്ള ആണവ കരാറില്‍ യു.എസ് തിരിച്ചെത്തുന്നത് താത്പര്യപ്പെടില്ല.

ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം സൗദി അറേബ്യയ്ക്ക് ഗുണമായിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളാകട്ടെ ആണവ കരാര്‍ പുനഃസ്ഥാപിക്കാന്‍ താത്പര്യപ്പെടുന്നവരുമാണ്. ഇറാന്റെ ആണവ ശാസ്ത്രജ്ഞന്‍ ഫക്രീസാദിയുടെ കൊലപതാകം വലിയ വിവാദങ്ങള്‍ തീര്‍ത്തതിന് പിന്നാലെയാണ് ജെ.പി.സി.ഒ.എയില്‍ തിരികെയെത്താന്‍ റുഹാനി തന്നെ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Iran’s Rouhani says return to nuclear deal ‘just needs a signature’