രാജ്യത്തെ പ്രഥമ പൗരന്‍ ഇനി രാംനാഥ് കോവിന്ദ്
India
രാജ്യത്തെ പ്രഥമ പൗരന്‍ ഇനി രാംനാഥ് കോവിന്ദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th July 2017, 6:48 pm

 

ന്യൂ ദല്‍ഹി: ഇന്ത്യയുടെ പതിനാലാമത് പ്രഥമ പൗരനായി രാംനാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് 7,02,644 വോട്ടുമൂല്യം ലഭിച്ചു. 3,67,314 വോട്ടുമൂല്യം ആണ് എതിര്‍ സ്ഥാനാര്‍ത്ഥി മീരാകുമാറിന് ലഭിച്ചത്. ഇലക്ട്രല്‍ കോളേജിന്റെ മൊത്തം വോട്ടുമൂല്യത്തിന്റെ 65.65 ശതമാനം വോട്ടുകളും നേടിയാണ് കോവിന്ദിന്റെ വിജയം. 34.35 ശതമാനം വോട്ടാണ് മീരാകുമാറിന് നേടാനായത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജി 7,13,763 വോട്ടും എതിര്‍സ്ഥാനാര്‍ഥിയായ പി.എ.സാംഗ്മ 3,67,314 വോട്ടുമാണ് നേടിയത്. ആദ്യഘട്ടത്തിലെ വിശകലനപ്രകാരം പ്രതീക്ഷിച്ച വോട്ടുകളെല്ലാം രാംനാഥ് കോവിന്ദിന് ലഭിച്ചു. എന്നാല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഗോവയിലും ഗുജറാത്തിലും വോട്ടുചോര്‍ച്ചയുണ്ടായി.
ഗുജറാത്തില്‍ 60 ല്‍ 49 എംഎല്‍എമാരുടെ വോട്ടും ഗോവയില്‍ 17 ല്‍ 11 എംഎല്‍എമാരുടെ വോട്ടും മാത്രമാണ് മീരാകുമാറിന് ലഭിച്ചത്. എംപിമാരുടെയും എംഎല്‍എമാരുടെയും ഉള്‍പ്പെടെ 77 വോട്ടുകള്‍ അസാധുവായി.

ആന്ധ്രപ്രദേശില്‍ നിന്നുളള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുളള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുളള 95.8 ശതമാനം വോട്ടും നേടി. കേരളത്തില്‍ ഒഴികെ ഒരിടത്തും മീരാ കുമാറിന് മുന്നേറ്റം നടത്താന്‍ ആയില്ല.


Dont miss it എടാ കൃഷ്ണാ അവരെന്നെ കൊന്നു; ദളിത് യുവാവിന്റെ ആത്മഹത്യയില്‍ പ്രതിഷേധവുമായി കളക്ടര്‍ ബ്രോ


കെ.ആര്‍ നാരായണന് ശേഷം രാഷ്ട്രപതിയാവുന്ന ദളിത് വിഭാഗക്കാരനാണ് രാംനാഥ് കോവിന്ദ്.നിലവില്‍ ബീഹാര്‍ ഗവര്‍ണറായിരുന്ന അദ്ദേഹം ബി.ജെ.പി ദേശീയ വക്താവ്, സുപ്രീം കോടതി അഭിഭാഷകന്‍, രാജ്യസഭാ എംപി, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1998 മുതല്‍ 2002 വരെ ബിജെപി ദളിത് മോര്‍ച്ചയുടെ ചെയര്‍മാനായിരുന്ന കോവിന്ദ് ആള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമായിരുന്നു.

അടുത്ത മാസം നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വെങ്കയ്യ നായിഡുവിന് ജയം ഉറപ്പാണ് അത്‌കൊണ്ട് തന്നെ സംഘപരിവാര്‍ പാരമ്പര്യമുള്ള മൂന്ന് പേര്‍ രാജ്യത്തിന്റെ തലപ്പത്ത് എത്തും. വിജയവാര്‍ത്ത പുറത്തു വന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി,ബിജെപി അധ്യക്ഷന്‍ അമിത്ഷാ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയ രാംനാഥ് കോവിന്ദിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.