Film News
ഗാനഗന്ധര്‍വന് ശേഷം പുതിയ ചിത്രവുമായി രമേശ് പിഷാരടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 06, 06:24 am
Monday, 6th December 2021, 11:54 am

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘ഗാനഗന്ധര്‍വന്’ ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് രമേശ് പിഷാരടി. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടക്കുകയാണെന്ന് രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാല്‍, ഈശോ എന്നീ സിനിമകളുടെ തിരക്കഥയൊരുക്കിയ സുനീഷാണ് ചിത്രത്തിനായി തിരക്കഥ എഴുതുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മാണം. ബാദുഷ എന്‍.എം ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

ജയറാമും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളിലെത്തിയ പഞ്ചവര്‍ണ്ണതത്തയായിരുന്നു രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഇതിന് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വന്‍ സംവിധാനം ചെയ്തത്.

ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിട്ട ഈ ചിത്രത്തില്‍ പുതുമുഖം വന്ദിത ആയിരുന്നു നായിക. രമേശ് പിഷാരടിയും ഹരി പി. നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരുന്നത്.

അതേസമയം, നവാഗതനായ നിധിന്‍ ദേവീദാസ് സംവിധാനം ചെയ്യുന്ന ‘നോ വേ ഔട്ടാ’ണ് രമേശ് പിഷാരടിയുടെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗത്തിലും പിഷാരടി അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം കേസന്വേഷണത്തിനെത്തുന്ന സി.ബി.ഐ ആയിട്ടാണ് രമേശ് പിഷാരടി അഭിനയിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: ramesh-pisharody-officially-started-the-script-work-for-his-next-directorial