രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘ഗാനഗന്ധര്‍വന്‍’. വന്ദിത മനോഹരനായിരുന്നു ചിത്രത്തിലെ നായിക. കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ഗാനഗന്ധര്‍വന്‍ എന്ന സിനിമ പരാജയപ്പെട്ടതിനെ കുറിച്ചും, കഥ പറയാന്‍ മമ്മൂക്കയുടെ അടുത്ത് പോയതിനെ കുറിച്ചും പറയുകയാണ് രമേഷ് പിഷാരടി. ടി.വി കേരള എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”മമ്മൂക്കയെ വേണ്ട വിധം ഉപയോഗിച്ചില്ല എന്ന് പറയുന്നത് അവര്‍ തീരുമാനിക്കുന്നത് കൊണ്ടാണ് പ്രശ്നം. മമ്മൂക്ക സ്ലോ മോഷനില്‍ നടക്കുന്ന, തോക്കെടുത്ത് രണ്ട് വെടിവെക്കുന്ന ഒരു കഥാപാത്രമാണെങ്കില്‍ ഇതിനെക്കാള്‍ കൂടുതല്‍ വേണ്ട വിധം ഉപയോഗിച്ചുവെന്ന് ആളുകള്‍ക്ക് തോന്നിയേനെ.
എന്നെ കുറിച്ച് ചിന്തിക്കാതെ മമ്മൂക്കയെ നോക്കുക. മമ്മൂക്കയെ പോലുള്ള ഒരു നടന്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ചെയ്യാന്‍ ആഗ്രഹിക്കുന്നതിലും പരമാവധി ചെയ്തിട്ടില്ലാത്തതും പുതിയതും അദ്ദേഹത്തിന് ചെയ്യണമെന്നുണ്ട്. നമുക്ക് സേഫ് സോണില്‍ നിന്ന് വിജയങ്ങള്‍ ഉണ്ടാക്കാന്‍ പറ്റും,” രമേഷ് പിഷാരടി പറഞ്ഞു.
തനിക്ക് എപ്പോഴും ആ കാര്യം അത്ഭുതമാണ്. ഗാനഗന്ധര്‍വന്റെ കഥ പറയാന്‍ പോകുന്ന സമയങ്ങളില്‍ താന്‍ ഹൈദരഹബാദില്‍ പോയപ്പോള്‍ മമ്മൂക്കയുടെ ഇറങ്ങാന്‍ പോകുന്ന പടം പേരന്‍പാണ്. രണ്ടാമത് കഥ പറയാന്‍ പോയത് മധുരരാജയുടെ ഷൂട്ടിംഗ് ലോക്കേഷനിലായിരുന്നു. പിന്നീട് കഥ ഡെവലപ്പായി പൂര്‍ത്തീകരിച്ച് കഥ പറയാന്‍ പോകുന്നത് ഉണ്ടയുടെ ലൊക്കേഷനിലാണ്. താന്‍ ഓരോ ലോക്കേഷനില്‍ പോകുമ്പോഴും അദ്ദേഹത്തിന്റെ ഇരുപ്പും മട്ടും കഥാപാത്രവും വേറെയാണെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.
ഉണ്ടയുടെ ലോക്കേഷനില്‍ ചെന്ന് കഥ പറഞ്ഞ്, ഗാനഗന്ധര്‍വന്‍ റിലീസ് ആകുമ്പോഴേക്കും അതിന്റെ കാര്യങ്ങള്‍ക്കോ, മറ്റ് ആവശ്യങ്ങള്‍ക്കോ ഞാന്‍ പോകുമ്പോള്‍ മമ്മൂക്കയുടെ വണ്‍ എന്ന പടം നടക്കുകയാണ്. ഗാനഗന്ധര്‍വന്‍ റിലീസ് കഴിഞ്ഞ് ഷൈലോക്ക് എന്ന സിനിമയിലാണ് മമ്മൂക്ക അഭിനയിക്കുന്നത്. ഈ ഓരോ സ്ഥലത്തും അദ്ദേഹം എടുക്കുന്ന റിസ്‌ക്കുകളും അദ്ദേഹം ചെയ്യുന്ന കാര്യങ്ങളും വളരെ വേറിട്ടതാണ്. അപ്പോള്‍ ഒരു സിനിമ വിജയിച്ചില്ലെങ്കില്‍ നമ്മള്‍ അവരെ ഉപയോഗിച്ചില്ല എന്നുള്ളതല്ല. നമ്മള്‍ ശ്രമിച്ചിട്ടും ആ ശ്രമം വര്‍ക്ക് ഔട്ടായില്ല എന്നുവേണമെങ്കില്‍ പറയാം. അങ്ങനെ പറയാന്‍ പറ്റുള്ളു,” രമേഷ് പിഷാരടി പറഞ്ഞു.
നിതിന്‍ ദേവിദാസിന്റെ സംവിധാനത്തില്‍ രമേഷ് പിഷാരടി നായകനാവുന്ന ‘നോ വേ ഔട്ട്’ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റെമോ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ്. നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍. എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
നോ വേ ഔട്ടിന് പുറമെ മമ്മൂട്ടി നായകനാവുന്ന ‘സി.ബി.ഐ 5 ദി ബ്രെയ്‌നി’ലും പിഷാരടി അഭിനയിക്കുന്നുണ്ട്. മെയ് ഒന്നിനാണ് സി.ബി.ഐ 5 തിയേറ്ററുകളിലെത്തുന്നത്.
Content Highlights: Ramesh Pisharadi says about Ganagandharvan movie