'സ്ത്രീകള്‍ക്കെതിരെ ഒരുതരത്തിലുള്ള പീഡനവും പാടില്ലെന്നാണ് ഉദ്ദേശിച്ചത്'; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ചെന്നിത്തല
Kerala News
'സ്ത്രീകള്‍ക്കെതിരെ ഒരുതരത്തിലുള്ള പീഡനവും പാടില്ലെന്നാണ് ഉദ്ദേശിച്ചത്'; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th September 2020, 6:13 pm

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം വിവാദമാകവേ വിശദീകരണവുമായി ചെന്നിത്തല. സ്ത്രീകള്‍ക്കെതിരെ ഒരുതരത്തിലുള്ള പീഡനവും പാടില്ലെന്നാണ് ഉദ്ദേശിച്ചതെന്നും വാര്‍ത്താസമ്മേളനത്തിനിടയില്‍ തന്റെ പ്രതികരണത്തിലെ ഒരു പ്രത്യേക ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

‘താന്‍ പറഞ്ഞ പ്രസ്താവനയുടെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുകയാണ്. ഇത്തരത്തില്‍ ചില സൈബര്‍ ഗുണ്ടകള്‍ പത്രസമ്മേളനങ്ങളില വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്. അതിന്റെ ഭാഗം മാത്രമാണ് ഇതും. താന്‍ സ്ത്രീപീഡനത്തെ അനുകൂലിക്കുന്ന ഒരു പരാമര്‍ശമല്ല നടത്തിയത്’. ചെന്നിത്തല പറഞ്ഞു.

വിവാദ പരമാര്‍ശത്തില്‍ ചെന്നിത്തല മാപ്പു പറയണമെന്ന് ആവശ്യം ശക്തമാകവേ ഖേദ പ്രകടനത്തിന് താന്‍ തയ്യാറല്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കെയായിരുന്നു രമേശ് ചെന്നിത്തലയുടെ വിവാദ പ്രസ്താവന. ‘അതെന്താ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാവൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ’ എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

തിരുവനന്തപുരത്ത് കൊവിഡ് രോഗിയെ പീഡിപ്പിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.ജി.ഒ അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അസോസിയേഷന്‍ എന്ന് പറയുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗമാണ്. സജീവ പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ഇങ്ങനെ പീഡിപ്പിക്കാന്‍ തുടങ്ങിയാല്‍ നാട്ടിലെ പെണ്ണുങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ പ്രദീപ് കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ആളല്ലെന്നും ചെന്നിത്തല പറഞ്ഞു. ‘വെറുതെ നിങ്ങള്‍ കള്ളത്തരം പറയുകയാണ്. എന്‍.ജി.ഒ അസോസിയേഷന്‍ ആളാണ് എന്നൊക്കെ. ഞാന്‍ അന്വേഷിച്ചപ്പോള്‍ എനിക്കങ്ങനെ തോന്നിയിട്ടില്ല. എന്‍.ജി.ഒ യൂണിയനില്‍പ്പെട്ടായാളാണെന്നാണ് എനിക്ക് കിട്ടിയ വിവരം’, ചെന്നിത്തല പറഞ്ഞു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ഭരതന്നൂര്‍ സ്വദേശി പ്രദീപാണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിച്ചത്.

സംഭവത്തില്‍ ചെന്നിത്തല മാപ്പുപറയമമെന്ന് ആവശ്യപ്പെട്ട് ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത് ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ്. പരാമര്‍ശം വളരെ മോശമായിപ്പോയെന്നും അദ്ദേഹം പ്രസ്താവന പിന്‍വലിക്കണമെന്നും കെ.കെ ശൈലജ പറഞ്ഞു. വിഷയത്തില്‍ ചെന്നിത്തല മാപ്പ പറയണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh chennithala’s response over controversial statement